prathivaram athmeeyam
വിരക്തിയുടെ പ്രസക്തി
ആസക്തിയും അത്യാഗ്രഹങ്ങളും പിശുക്കുമായി ജീവിതം നയിക്കേണ്ടവരല്ല വിശ്വാസികൾ. മറിച്ച് ഭൗതിക പ്രമത്തതകളില്ലാതെ ലഭിച്ച അനുഗ്രഹങ്ങളിൽ നന്ദി ബോധം കാത്ത് സൂക്ഷിച്ച് സഹജീവികളെ പരിഗണിച്ച് ജീവിക്കാൻ അവനാകണം.

അഭിമാനകരമായ ജീവിതം വേണം നമുക്ക്, ആരുടെ മുന്നിലും കൈ നീട്ടേണ്ട ഗതികേടുണ്ടാകരുത്. ഭക്ഷണം, വസ്ത്രം, പാർപ്പിടം, വാഹനം, തൊഴിൽ, ജീവിതനിലവാരം എല്ലാം മികച്ചതു തന്നെ വേണം. അങ്ങനെയൊക്കെയാകുമ്പോഴും തന്റെ സൃഷ്ടിപ്പിന്റെ ലക്ഷ്യത്തെ മറക്കാത്തവരാണ് നല്ല മനുഷ്യർ.
ഭൂമിയിൽ നിയോഗിതരായ, അല്ലാഹുവിന്റെ പ്രതിനിധികളെന്ന നിലയിൽ മനുഷ്യർക്കുള്ള ഉത്തരവാദിത്വം അതിഗൗരവമുള്ളതാണ്. ചെയ്യാൻ കൽപ്പനയുള്ളത് കഴിവത് ചെയ്ത് വിരോധിക്കപ്പെട്ടത് പൂർണമായി വിപാടനം ചെയ്ത് ആത്യന്തികമായ വിജയം നേടാൻ അവന് കഴിയണം. അതിനാൽ നൈമിഷികായുസ്സ് മാത്രമുള്ള കാര്യങ്ങളല്ല നമ്മുടെ അജൻഡ, അനശ്വരമായ സമ്പാദ്യത്തിനു വേണ്ടിയുള്ള തിരക്കിട്ട ഓട്ടത്തിലാകണം നമ്മൾ. സമ്പത്തും സന്താനങ്ങളും അതിനിടെ വന്നുപോകുന്ന ഭൗതിക ജീവിതത്തിന്റെ അലങ്കാരങ്ങളത്രേ.
അമിതാസക്തിയോടെ ഭൗതിക സമ്പാദ്യങ്ങളെ സമീപിക്കുന്ന രീതി വിശ്വാസിക്ക് ഒട്ടും ചേരാത്തതാണ്. അതിനെ കുന്നുകൂട്ടാനുള്ള നെട്ടോട്ടങ്ങൾ മനുഷ്യർക്ക് വിനാശങ്ങളുണ്ടാക്കും. തിരുനബി(സ) അക്കാര്യം ഉണർത്തിയതാണ്. “ഈ സമുദായം നന്നാകുന്നതിനുള്ള ഒന്നാമത്തെ ഉപാധി ഉറച്ച വിശ്വാസവും വിരക്തിയുമാണ്. സമുദായം നശിക്കുന്നതിനുള്ള ഒന്നാമത്തെ ഹേതു പിശുക്കും അമിതാഗ്രഹങ്ങളുമാകുന്നു’. അമിതാസക്തി നമ്മെ അന്ധരും ബധിരരുമാക്കും. അവസാനം, മാർഗമേതായാലും ആഗ്രഹം സാധിച്ചാൽ മതിയെന്ന മൊശടൻ തിയറിയിലേക്കെത്തും. അതിന് വിഘാതമാകുന്നതിനെയൊക്കെ വെട്ടിനുറുക്കി മുന്നേറുന്ന ഭ്രാന്തനവസ്ഥ സംജാതമാകും. അതാകട്ടെ സ്വസ്ഥതയുടെയും സമാധാനത്തിന്റെയും വേരുകളിൽ വിഷം പുരട്ടും.
ഈ സാമൂഹിക വിപത്തിനെ മറികടക്കുന്നതിനായി മനുഷ്യരെ ഇസ്്ലാം പഠിപ്പിച്ച ശീലമാണ് ഭൗതിക സമ്പാദ്യങ്ങളോടുള്ള വിരക്തി (സുഹ്ദ്). സമ്പാദിക്കാൻ പാടില്ലെന്നോ അത് ആസ്വദിക്കരുതെന്നോ ഇതിനർഥമില്ല. തിരുനബി(സ) അക്കാര്യം ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. സുഹ്ദ് എന്നാൽ അനുവദനീയമായതിനെ നിഷിദ്ധമാക്കലോ ധനം ഉപേക്ഷിക്കലോ അല്ല. മറിച്ച്, സ്വന്തം കൈവശമുള്ളതിൽ വിശ്വാസമർപ്പിക്കുന്നതിനേക്കാളധികം അല്ലാഹുവിന്റെ പക്കലുള്ളതിൽ വിശ്വാസമർപ്പിക്കലാണ്. ഭൗതിക വിഭവങ്ങൾ വന്നുചേരാതിരിക്കാനുള്ള ശ്രദ്ധക്കും അവ വാരിക്കൂട്ടാനുള്ള മത്സരത്തിനും മധ്യേയുള്ള നിലപാടാണ് വിശ്വാസിക്ക് വേണ്ടത്.
ഇതൊന്നും എന്റെ അധ്വാനം കൊണ്ടുണ്ടായതല്ലെന്നും സമ്പാദ്യങ്ങളെ പ്രയോഗിച്ച രീതിയെ പ്രതി ചോദ്യം ചെയ്യപ്പെടുമെന്നുമുള്ള വിചാരമുണ്ടാകണം. അവസാന ശ്വാസം വലിച്ചാൽ ഭൗതിക വിഭവങ്ങളൊന്നും കൊണ്ടുപോകില്ലെന്ന ആലോചന കൂടിയുണ്ടാകുമ്പോൾ പരലോകത്തേക്കു വേണ്ട സമ്പാദ്യങ്ങളെ കുറിച്ച് മനുഷ്യൻ കൂടുതൽ ബോധവാനാകും. സുഫ്്യാനുസ്സൗരിയുടെ സന്ദേശം ഇവിടെ പ്രസക്തമാണ് “പരുക്കൻ വസ്ത്രം ധരിക്കുന്നതിന്റെയും വിലകുറഞ്ഞ ഭക്ഷണം തിരഞ്ഞെടുക്കുന്നതിന്റെയും പേരല്ല വിരക്തി. പരലോകത്തെയും മരണത്തെയും വിസ്മരിപ്പിക്കുന്ന ആഗ്രഹങ്ങളിൽ നിന്നും പ്രതീക്ഷകളിൽ നിന്നും പിന്മാറലാണ് സുഹ്ദ്. ഇമാം മാലിക് (റ) നോട് വിരക്തിയെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞത് ” അനുവദനീയവും ശുദ്ധിയുള്ളതുമായ സമ്പാദ്യവും മിതമായ ആഗ്രഹങ്ങളുമാണ് സുഹ്ദ് ‘ എന്നായിരുന്നു.
ആസക്തിയും അത്യാഗ്രഹങ്ങളും പിശുക്കുമായി ജീവിതം നയിക്കേണ്ടവരല്ല വിശ്വാസികൾ. മറിച്ച് ഭൗതിക പ്രമത്തതകളില്ലാതെ ലഭിച്ച അനുഗ്രഹങ്ങളിൽ നന്ദി ബോധം കാത്ത് സൂക്ഷിച്ച് സഹജീവികളെ പരിഗണിച്ച് ജീവിക്കാൻ അവനാകണം. അഗതികളെയും സഹായങ്ങൾ തേടി വരുന്നവരെയും അകറ്റരുതേയെന്ന്, കിട്ടിയ അനുഗ്രഹങ്ങളെ അയവിറക്കണേയെന്ന് വിശുദ്ധ ഖുർആൻ തിരുനബി(സ)യെ അഭിസംബോധന ചെയ്ത് പറഞ്ഞത് അത്തരമൊരു ജീവിത രീതി മനുഷ്യർ പുലർത്താനാണ്.
തർക്കിച്ചും വഞ്ചിച്ചും കളവ് പറഞ്ഞും തെറ്റിദ്ധരിപ്പിച്ചും ആർത്തി തീർക്കുന്നവർ സമൂഹത്തിലെ ദുരന്തങ്ങളാണ്. അതേസമയം, വലിയ ബിസിനസ്സ് സാമ്രാജ്യങ്ങൾ പണിയുമ്പോഴും അല്ലാഹുവെ സ്മരിച്ച് നേട്ടങ്ങളിൽ അവന് നന്ദിപ്രകടിപ്പിച്ച് രാജ്യത്തിനും സമൂഹത്തിനും വേണ്ടി സേവനം ചെയ്ത് ഞാൻ കേമനാണെന്ന വിചാരമില്ലാതെ സുഖാഡംബരങ്ങളെ ലാക്കാക്കാതെ ജീവിതത്തിൽ ലാളിത്യം ശീലിച്ച് മുന്നോട്ട് പോകുന്നവർ സമൂഹത്തിന് സമാധാനം നൽകുന്നവരുമാണ്.
അങ്ങനെ സമാധാനം പകരുന്ന ജീവിതത്തെയാണ് ” സുഹ്ദ് ” എന്ന സങ്കൽപ്പത്തിലൂടെ ഇസ്്ലാം ലക്ഷ്യമിടുന്നത്. ധാരാളം സമ്പത്തുണ്ടായ പൂർവസ്വൂരികളൊക്കെയും ആ ജീവിതത്തെയാണ് ആവിഷ്കരിച്ചത്. അത് കൊണ്ട്, കൂട്ടരേ… ഭൗതിക ലോകത്തെ വിഭവങ്ങൾ തന്റെ അടിസ്ഥാന ലക്ഷ്യമല്ലെന്ന ബോധത്തെ നമുക്ക് അകത്ത് പേർത്തും പേർത്തും വേരുറപ്പിക്കാം.