Connect with us

Siraj Article

ളാഹ ഗോപാലന്‍ ഉയര്‍ത്തിയ ഭൂമിയുടെ രാഷ്ട്രീയം

ളാഹ ഗോപാലന്‍ ഈ സമരത്തില്‍ പങ്കെടുത്ത എല്ലാവരെയും പാര്‍ശ്വവത്കൃത വിഭാഗമായിട്ടേ കണ്ടിട്ടുള്ളൂ. അതില്‍ ദളിതരും ആദിവാസികളും ക്രിസ്ത്യന്‍ വിഭാഗങ്ങളും ഉണ്ടായിരുന്നു. അതോടൊപ്പം ചെങ്ങറ സമരത്തോടെ കേരളത്തിലെ സവര്‍ണ മനോഘടന ഒന്നുകൂടി തുറന്നുകാണിക്കപ്പെട്ടു. അപ്പോഴും സാധുജന വിമോചന മുന്നണിയുടെ രാഷ്ട്രീയം അംബേദ്കറിന്റെയും അയ്യന്‍ങ്കാളിയുടെയും സാമൂഹിക ബോധ്യങ്ങളിലൂടെ മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു

Published

|

Last Updated

കേരളത്തിലെ പുറമ്പോക്ക് ജീവിതങ്ങളുടെ എക്കാലത്തെയും പ്രധാനപ്പെട്ട ആവശ്യമാണ് സ്വന്തമായ ഭൂമി. അതിനു വേണ്ടിയുള്ള സമരം പൊതു രാഷ്ട്രീയ ആവശ്യമായി ഇന്നുവരെ ഉരുത്തിരിഞ്ഞു വന്നിട്ടില്ല. അതിന്റെ പ്രധാന കാരണം, ഭൂമിക്ക് വേണ്ടി അവകാശങ്ങള്‍ ഉയര്‍ത്തുന്നവര്‍ രാഷ്ട്രീയമായും സാമൂഹികമായും അസംഘടിതരാണ് എന്നതാണ്. അവരുടെ ജാതിസ്വത്വങ്ങള്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സാമൂഹിക പദവികളെ റദ്ദ് ചെയ്യുകയും അതവരെ നിരന്തരമായി പാര്‍ശ്വവത്കരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ജനാധിപത്യത്തിന്റെ വികസന കാലത്തും അത് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ആദിവാസി, ദളിത് വിഭാഗങ്ങള്‍ ഭൂമിക്ക് വേണ്ടി നടത്തുന്ന സമരത്തിന്റെ പ്രാധാന്യത്തെ തിരിച്ചറിയേണ്ടത്. കാരണം, പൊതു രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്ക് അകത്ത് കടക്കാന്‍ അനുവദിക്കാതെ മാറ്റിനിര്‍ത്തപ്പെട്ട ഈ വിഭാഗം ഏതെങ്കിലും തരത്തില്‍ സമര സജ്ജരാകുന്നുണ്ടെങ്കില്‍ അതിനെ വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. അത്തരമൊരിടത്താണ് ചെങ്ങറ സമരത്തിന് നേതൃത്വം കൊടുത്ത ളാഹ ഗോപാലന്റെ ജീവിതത്തെ തിരിച്ചറിയേണ്ടത്.

ഒരു പക്ഷേ, തനിക്ക് ചുറ്റുമുള്ള ജീവിതം തന്നെയാണ് ളാഹ ഗോപാലനെ സമര നായകനായി രൂപപ്പെടുത്തുന്നത്. അതിനൊരു വര്‍ഗപരമായ പശ്ചാത്തലം കൂടിയുള്ളതായി അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ആദിവാസികളോട് പൊതു സമൂഹം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടിനെ വിശകലനം ചെയ്ത് അതിന്റെ കാരണങ്ങള്‍ കണ്ടെത്താനും അദ്ദേഹത്തിന് കഴിഞ്ഞു. അതിന്റെ കൂടി ഫലമാണ് തൊണ്ണൂറുകളില്‍ കേരളം സമ്പൂര്‍ണ സാക്ഷരതയിലേക്ക് എന്ന മുദ്രാവാക്യക്കാലത്ത് അദ്ദേഹം നടത്തിയ സമരം. വനത്തിനുള്ളിലെ 200ഓളം ആദിവാസികളെ സംഘടിപ്പിച്ച് ളാഹയില്‍ കുടില്‍ കെട്ടി ആറ് മാസത്തിലധികം നടത്തിയ സമരം പിന്നീട് സെക്രട്ടേറിയറ്റ് പടിക്കല്‍ വരെ എത്തി. അതിന്റെ ഫലമായി ളാഹയില്‍ സ്‌കൂള്‍ കിട്ടിയ വിവരം ഈ ളാഹ ഗോപാലന്‍ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇതിനോട് അനുബന്ധിച്ച് 40 കുടുംബങ്ങള്‍ക്ക് ഭൂമി കിട്ടിയ ആ സമരം ഇന്ന് അറിയപ്പെടുന്നത് മഞ്ഞത്തോട് സമരം എന്ന പേരിലാണ്. എന്നാല്‍ ളാഹ ഗോപാലനെ കേരളം എക്കാലത്തും ഓര്‍മിക്കുക ചെങ്ങറ സമര നായകന്‍ എന്ന നിലയില്‍ ആയിരിക്കും.

ആ സമരം ചെങ്ങറ മോഡല്‍ സമരമായി അറിയപ്പെട്ടതിന് പല കാരണങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സമരത്തിന്റെ രാഷ്ട്രീയ മാതൃകയാണ്. കേരളത്തില്‍ പ്രബലമായ രണ്ട് മുന്നണി ബന്ധങ്ങള്‍ക്ക് പുറത്ത് ഒരു ജനകീയ സമരം രൂപപ്പെട്ട് ശക്തിപ്പെടുക എന്നത് അന്നും ഇന്നും വലിയ സാഹസമായ സാമൂഹിക ദൗത്യമാണ്. അങ്ങനെ എന്തെങ്കിലും സാധ്യത തെളിയുമ്പോള്‍ തന്നെ അതിനെ ഏതെങ്കിലും രീതിയിലുള്ള മുദ്രകുത്തലിന് വിധേയമാക്കിയിട്ടുണ്ടായിരിക്കും. അധികവും തീവ്രവാദ ഗ്രൂപ്പിന്റെ പേരിലാണ് വിമര്‍ശിക്കപ്പെടുക. ഇരു മുന്നണികളും കാലങ്ങളായി നടത്തിവരുന്ന ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങളെ പുതിയ രീതിയില്‍ അഭിസംബോധന ചെയ്താല്‍ അതുണ്ടാക്കുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ചെറുതായിരിക്കില്ല. അതുകൊണ്ടാണ് കേരളത്തില്‍ നടന്നിട്ടുള്ള മുത്തങ്ങ, ചെങ്ങറ, അരിപ്പ തുടങ്ങിയ ചെറുതും വലുതുമായ ഭൂസമരങ്ങളെ ഇരു മുന്നണികളും ഒന്നിച്ചു നിന്ന് പരാജയപ്പെടുത്തുന്നത്. ഈ വസ്തുതയെ മനസ്സിലാക്കി വേണം ചെങ്ങറ സമരത്തിന്റെ നായകന്‍ എന്ന നിലയില്‍ ളാഹ ഗോപാലന്റെ വിപ്ലവാത്മക നേതൃത്വത്തെ വിലയിരുത്തേണ്ടത്.

2005ല്‍ ജോലിയില്‍ നിന്ന് പിരിഞ്ഞ ശേഷമാണ് ളാഹ ഗോപാലന്‍ ചെങ്ങറ സമരവഴിയിലേക്ക് വരുന്നത്. സര്‍ക്കാറുമായി സമരത്തിന്റെ ആദ്യ ഘട്ടത്തില്‍ നടത്തിയ ഉടമ്പടി തെറ്റിയതിനു ശേഷമാണ് കൊടുമണ്‍ പ്ലാന്റേഷനില്‍ രാത്രി കുടില്‍ കെട്ടാന്‍ തുടങ്ങിയത്. അന്ന് അവിടെ 4,000ത്തില്‍ കൂടുതല്‍ കുടില്‍ കെട്ടുകയുണ്ടായി. അഞ്ച് ദിവസത്തെ ആ സമരം സര്‍ക്കാര്‍ ഇടപെടല്‍ വഴി അവസാനിപ്പിച്ചു. എന്നാല്‍ ആ ഉറപ്പ് സര്‍ക്കാര്‍ തെറ്റിച്ചതിനു ശേഷമാണ് 2007ല്‍ ചെങ്ങറ എസ്റ്റേറ്റില്‍ സമരം ആരംഭിക്കുന്നത്. ആ സമരത്തിന്റെ ഫലമായിട്ടാണ് ചെറിയ വിഭാഗത്തിനാണെങ്കിലും ഭൂമി കിട്ടിയത്. ഇതില്‍ ഏറ്റവും പ്രസക്തമായത് സംഘടിത രാഷ്ട്രീയ പ്രസ്ഥാനമില്ലാതെ ഈ സമരത്തെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ളാഹ കാണിച്ച മികച്ച മാതൃകയാണ്. അതില്‍ അദ്ദേഹം പ്രധാനമായി മുന്നോട്ട് വെച്ചത് അക്രമരഹിതമായ സമരമാര്‍ഗമാണ്. സമരം വിജയിക്കാത്ത ഘട്ടത്തില്‍ ആത്മഹത്യ ചെയ്യാന്‍ തയ്യാറായ സമരക്കാരെ എല്ലാ രീതിയിലും മാതൃകയാക്കി മാറ്റാന്‍ നേതൃത്വ നിരയില്‍ നിന്ന് അദ്ദേഹം ശ്രമിച്ചു. എന്നാല്‍ ഈ സമരത്തെ പൊളിക്കുക എന്നത് തുടക്കത്തിലേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യമായിരുന്നു. കാരണം, ഈ സമരം വിജയിച്ചാല്‍ അത് ഏറ്റവും വലിയ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കുക അവര്‍ക്ക് തന്നെയാണ്. അടിസ്ഥാന വര്‍ഗത്തിന്റെ രാഷ്ട്രീയം പറയുന്ന പാര്‍ട്ടിയുടെ പാവങ്ങളോടുള്ള നിലപാട് തുറന്നു കാട്ടപ്പെടും. രണ്ടാമതായി ഈ സമരം വിജയിച്ചാല്‍ അതുണ്ടാക്കുന്ന രാഷ്ട്രീയമായ ഐക്യം പുതിയ രാഷ്ട്രീയ പാര്‍ട്ടിയായി മാറിയാല്‍ അതിന്റെ പരുക്കും ഏല്‍ക്കേണ്ടിവരും.

ളാഹ ഗോപാലന്‍ ഈ സമരത്തില്‍ പങ്കെടുത്ത എല്ലാവരെയും പാര്‍ശ്വവത്കൃത വിഭാഗമായിട്ടേ കണ്ടിട്ടുള്ളൂ. അതില്‍ ദളിതരും ആദിവാസികളും ക്രിസ്ത്യന്‍ വിഭാഗങ്ങളും ഉണ്ടായിരുന്നു. അതോടൊപ്പം ചെങ്ങറ സമരത്തോടെ കേരളത്തിലെ സവര്‍ണ മനോഘടന ഒന്നുകൂടി തുറന്നുകാണിക്കപ്പെട്ടു. അപ്പോഴും സാധുജന വിമോചന മുന്നണിയുടെ രാഷ്ട്രീയം അംബേദ്കറിന്റെയും അയ്യന്‍ങ്കാളിയുടെയും സാമൂഹിക ബോധ്യങ്ങളിലൂടെ മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പാവപ്പെട്ടവന് എങ്ങനെ ഭൂമിക്ക് മേലുള്ള അധികാരം നഷ്ടമായെന്നും അതെങ്ങനെ തിരിച്ചെടുക്കാമെന്നും അസംഘടിതരായ സ്വന്തം ജനതക്ക് അദ്ദേഹം കാണിച്ചു കൊടുത്തു.