From the print
പാര്‍ട്ടിയിലെയും സര്‍ക്കാറിലെയും പ്രതിപക്ഷം
കേരള രാഷ്ട്രീയത്തിലെ ഒരു അസാധാരണ വ്യക്തിത്വത്തിനുടമയായ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ചില പ്രത്യേകതകളാണ് 'പാര്‍ട്ടിയിലെയും സര്‍ക്കാറിലെയും പ്രതിപക്ഷം' എന്ന് വിശേഷിപ്പിക്കാനിടയാക്കിയത്.

പ്രതിപക്ഷ നേതാവെന്ന പദവിയെ ജനകീയമാക്കിയ വി എസ് അച്യുതാനന്ദന്‍ ഔദ്യോഗിക പദവിക്കപ്പുറം സര്‍ക്കാറിലും പാര്‍ട്ടിയിലും പ്രതിപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചു. കേരള രാഷ്ട്രീയത്തിലെ ഒരു അസാധാരണ വ്യക്തിത്വത്തിനുടമയായ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ചില പ്രത്യേകതകളാണ് ‘പാര്‍ട്ടിയിലെയും സര്‍ക്കാറിലെയും പ്രതിപക്ഷം’ എന്ന് വിശേഷിപ്പിക്കാനിടയാക്കിയത്.
വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ കൊണ്ടും കൂടെയുള്ള മനുഷ്യരെ ചേര്‍ത്തുപിടിച്ച് അവര്‍ക്കു വേണ്ടി പോരാട്ടം നടത്തിയും സമരമുഖങ്ങളില്‍ മുന്നില്‍ നിന്ന വി എസ് അച്യുതാനന്ദന്‍ സ്വീകരിച്ച നിലപാടുകള്‍ പലപ്പോഴും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുകയും നിരവധി തവണ അച്ചടക്ക നടപടികളിലേക്ക് വഴി തുറക്കുകയും ചെയ്തിരുന്നു. കാലാനുസൃതമായ ലക്ഷ്യബോധവും രാഷ്ട്രീയ ജാഗ്രതയും നിലപാടുകളുടെ തലപ്പൊക്കവും കാത്തുസൂക്ഷിച്ചതോടെ എതിരാളികള്‍ക്കു പോലും പ്രിയപ്പെട്ട ജനനേതാവായി മാറിയിരുന്നു വി എസ്. ഈ നിലപാടുകള്‍ തന്നെയായിരുന്നു വി എസിനെ ‘കേരളത്തിന്റെ കണ്ണും കരളു’മാക്കിയത്.
ഉയര്‍ച്ചകള്‍ക്കൊപ്പം തളര്‍ച്ചകളും സമന്വയിക്കുന്നതായിരുന്നു വി എസിന്റെ രാഷ്ട്രീയ ജീവിതം. രണ്ട് യു ഡി എഫ് സര്‍ക്കാറുകളുടെ കാലഘട്ടത്തില്‍ പ്രതിപക്ഷ നേതാവായിരുന്ന സമയത്താണ് പ്രതിപക്ഷ നേതാവ് എന്ന പദവി ഏറ്റവും ജനകീയമാക്കിയത്. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രതിപക്ഷ നേതാവായിരുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് വി എസാണ്. മൂന്ന് തവണകളിലായി 5,150 ദിവസമാണ് അദ്ദേഹം സ്ഥാനം വഹിച്ചത്.
അഴിമതിക്കെതിരായ പോരാട്ടങ്ങള്‍ക്ക് ജനകീയ പിന്തുണ ലഭിച്ച കാലം കൂടിയായിരുന്നു വി എസിന്റെ പ്രതിപക്ഷ കാലം. ഇടമലയാര്‍ കേസില്‍ ആര്‍ ബാലകൃഷ്ണ പിള്ളയും ഐസ്‌ക്രീം കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിയും സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയും വി എസിന്റെ നിയമപോരാട്ടങ്ങള്‍ക്ക് മുന്നില്‍ വിയര്‍ത്തു. പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെതിരായ സി ബി ഐ അന്വേഷണത്തിന് അനുമതി നല്‍കിയ മുഖ്യമന്ത്രിയും വി എസ് അച്യുതാനന്ദനാണ്.
നിയമസഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ നിയമസഭക്ക് അകത്തും പുറത്തും നടത്തിയ പ്രകടനമാണ് വി എസിലെ കമ്മ്യൂണിസ്റ്റുകാരനെ ജനകീയനാക്കിയത്. വനം കൈയേറ്റം, മണല്‍ മാഫിയ, അഴിമതി എന്നിവക്കെതിരെ ശക്തമായ നിലപാടുകളെടുത്തു.
പി കൃഷ്ണപിള്ളയുടെ പാത പിന്തുടര്‍ന്നാണ് അദ്ദേഹം ഉള്‍പ്പാര്‍ട്ടി പോരാട്ടത്തിന് നേതൃത്വം നല്‍കിയത്. ഇതദ്ദേഹത്തെ പാര്‍ട്ടിക്കുള്ളില്‍ തിരുത്തല്‍ ശക്തിയാക്കി. അച്ചടക്കം പരമ പ്രധാനമായി കാണുന്ന പാര്‍ട്ടിയില്‍ നിന്നുകൊണ്ടാണ് പാര്‍ട്ടിയുടെ ചില നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കുമെതിരെ പരസ്യ നിലപാടെടുക്കാന്‍ വി എസ് അച്യുതാനന്ദന്‍ മുന്നോട്ടുവന്നത്. ലാവ്ലിന്‍ കേസിലെ ഇടപെടലും മൂന്നാര്‍ കൈയേറ്റങ്ങള്‍ക്കെതിരായ നീക്കവുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. തന്റെ മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരുടെയും എതിര്‍പ്പ് മറികടന്നാണ് ലാവ്ലിന്‍ കേസ് സി ബി ഐക്ക് വിട്ടത്. ടി പി ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടതിന് പിന്നാലെ വിവാദത്തിലായ പാര്‍ട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കി ഒരു ഉപതിരഞ്ഞെടുപ്പ് ദിവസം ടി പിയുടെ വസതി സന്ദര്‍ശിച്ചതും പാര്‍ട്ടിയുടെ അക്രമ രാഷ്ട്രീയത്തിനെതിരായ സമരത്തിന്റെ ഭാഗമായിരുന്നു.
പ്രതിപക്ഷ നേതാവ് കൂടിയായ മുഖ്യമന്ത്രി
2006-11ല്‍ മുഖ്യമന്ത്രിയായിരുന്ന കാലയളവിലും അദ്ദേഹം സര്‍ക്കാറിന്റെ ചില നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തു. ചില മന്ത്രിമാരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും താത്പര്യങ്ങള്‍ക്ക് വിരുദ്ധമായിരുന്നിട്ടും മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് അദ്ദേഹം സ്വീകരിച്ച നിലപാട് ഏറെ ശ്രദ്ധേയമായിരുന്നു. കായല്‍ കൈയേറ്റങ്ങള്‍ക്കും ഭൂമി കൈയേറ്റങ്ങള്‍ക്കുമെതിരെ വി എസ് സ്വീകരിച്ച നിലപാടുകള്‍ അദ്ദേഹത്തെ സാധാരണ ജനങ്ങളുടെ രക്ഷകനാക്കി.