From the print
രാജ്യം ഇന്ദിരയെ ഓര്‍ക്കുന്നു; 1971ലെ വിജയം ഓര്‍മിപ്പിച്ച് കോണ്‍ഗ്രസ്സ്
തന്റെ ഇടപെടലിലാണ് ഇപ്പോഴത്തെ ധാരണ സാധ്യമായതെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും യു എസ് വിദേശകാര്യ സെക്രട്ടറി മാര്‍കോ റൂബിയോയുടെയും അവകാശവാദമാണ് കോണ്‍ഗ്രസ്സ് ആയുധമാക്കുന്നത്

ന്യൂഡല്‍ഹി | ഇന്ത്യയും പാകിസ്താനും സംഘര്‍ഷവിരാമത്തിന് തയ്യാറായതിന് പിറകേ 1971ലെ യുദ്ധവിജയവും ഇപ്പോഴത്തെ സൈനിക നടപടിയും തമ്മിലുള്ള താരതമ്യം സജീവമായി. 1971ലെതിനെ വെച്ച് നോക്കുമ്പോള്‍ ഇത്തവണത്തേത് കീഴടങ്ങലാണെന്ന തരത്തില്‍ കോണ്‍ഗ്രസ്സ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണത്തിന് തുടക്കം കുറിച്ചു. ഈയവസരത്തില്‍ രാജ്യം ഇന്ദിരാഗാന്ധിയെ ഓര്‍ക്കുന്നുവെന്നും അവരുടെ ദീര്‍ഘവീക്ഷണവും ധീരതയും രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ‘ഇന്ത്യാ മിസ്സസ് ഇന്ദിരാഗാന്ധി’യെന്ന അടിക്കുറിപ്പോടെ കോണ്‍ഗ്രസ്സ് നേതാവ് പവന്‍ ഖേര, ഇന്ദിരാഗാന്ധിയുടെ പടം എക്സില്‍ പോസ്റ്റ് ചെയ്തു. ഇതിന് താഴെ വന്‍ ചര്‍ച്ചയാണ് നടക്കുന്നത്.
‘ഇന്ദിരാജീ, രാജ്യം മുഴുവന്‍ അങ്ങയെ ഓര്‍മിക്കുന്നു’വെന്ന അടിക്കുറിപ്പോടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട് ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തത്. കിഴക്കന്‍ പാകിസ്താനിലെ (ഇപ്പോഴത്തെ ബംഗ്ലാദേശ്) സ്വാതന്ത്ര്യ പോരാളികളെ 1971ല്‍ ഇന്ത്യ പിന്തുണക്കുകയും പാകിസ്താനെതിരായ സൈനിക നീക്കത്തില്‍ പങ്കെടുക്കുകയും ഒടുവില്‍ ബംഗ്ലാദേശിന്റെ രൂപവത്കരണത്തില്‍ കലാശിക്കുകയും ചെയ്തതാണ് ഇപ്പോള്‍ ഒരിക്കല്‍കൂടി ചര്‍ച്ചയിലേക്ക് വരുന്നത്. തന്റെ ഇടപെടലിലാണ് ഇപ്പോഴത്തെ ധാരണ സാധ്യമായതെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും യു എസ് വിദേശകാര്യ സെക്രട്ടറി മാര്‍കോ റൂബിയോയുടെയും അവകാശവാദമാണ് കോണ്‍ഗ്രസ്സ് ആയുധമാക്കുന്നത്.
1971ലും അത്തരം സമ്മര്‍ദം വന്നിരുന്നുവെന്നും എന്നാല്‍ ഇന്ദിരാഗാന്ധി അതിനെ മറികടന്നുവെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. നരേന്ദ്ര മോദി രാജ്യത്തെ അമേരിക്കക്ക് മുന്നില്‍ അടിയറ വെച്ചുവെന്നാണ് കോണ്‍ഗ്രസ്സ് വാദം.