Connect with us

editorial

സര്‍ക്കാര്‍- അദാനി നിഗൂഢ ബാന്ധവം

കോര്‍പറേറ്റ് നികുതിയില്‍ നിരന്തരം ഇളവുകള്‍ നല്‍കിയും നിയമവിരുദ്ധമായ ടാക്‌സ് ഹോളിഡേകള്‍ പ്രഖ്യാപിച്ചും സര്‍ക്കാര്‍ ഭൂമി വഴിവിട്ട് പതിച്ച് നല്‍കിയുമെല്ലാം വന്‍കിട കോര്‍പറേറ്റുകള്‍ക്ക് ലാഭം കുന്നുകൂട്ടാന്‍ ചവിട്ടുപടിയായി സര്‍ക്കാറുകള്‍ മാറാറുണ്ട്. മോദി സര്‍ക്കാറിന് മേല്‍ ഇത്തരം ആരോപണങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല.

Published

|

Last Updated

സ്വകാര്യ മൂലധന ശക്തികള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പൊതുസമ്പത്ത് ഉപയോഗിക്കുന്നത് അഴിമതി തന്നെയല്ലേയെന്ന ഗൗരവപൂര്‍ണമായ ചോദ്യമുയര്‍ത്തുന്നതാണ് എല്‍ ഐ സിയെയും അദാനി ഗ്രൂപ്പിനെയും ബന്ധപ്പെടുത്തി വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട റിപോര്‍ട്ട്. അദാനി ഗ്രൂപ്പ് ഓഹരികളില്‍ പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനിയായ എല്‍ ഐ സി നടത്തിയ 3.9 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 33,000 കോടി രൂപ) നിക്ഷേപം നരേന്ദ്ര മോദി സര്‍ക്കാര്‍ അദാനി കമ്പനിയെ രക്ഷിക്കാന്‍ ആവിഷ്‌കരിച്ച രക്ഷാദൗത്യ പദ്ധതിയാണെന്ന റിപോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

യു എസ് മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റാണ് പുതിയ റിപോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍ഷ്വറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, അദാനി ഗ്രൂപ്പ് സ്ഥാപനത്തിലേക്ക് ഏകദേശം 3.9 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താനുള്ള നിര്‍ദേശം ഈ വര്‍ഷം മേയില്‍ ധനകാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ വേഗത്തില്‍ നടപ്പാക്കിയതായി റിപോര്‍ട്ട് പറയുന്നു.

വസ്തുതാവിരുദ്ധമായ റിപോര്‍ട്ട് തയ്യാറാക്കി തങ്ങളെ അപകീര്‍ത്തിപ്പെടുത്താനും അവിശ്വാസത്തിലാക്കാനും ശ്രമിക്കുകയാണെന്ന് എല്‍ ഐ സി പ്രതികരിച്ചിട്ടുണ്ട്. റിപോര്‍ട്ട് തള്ളി അദാനി ഗ്രൂപ്പും രംഗത്ത് വന്നു. എല്‍ ഐ സിയെ തകര്‍ക്കാന്‍ ഡീപ് സ്റ്റേറ്റ് പ്രവര്‍ത്തിക്കുന്നതിന്റെ തെളിവാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപോര്‍ട്ടെന്നാണ് ഭരണകക്ഷിയായ ബി ജെ പി പറയുന്നത്. ഇന്‍ഷ്വറന്‍സ് പ്രീമിയമടക്കാന്‍ മുണ്ടുമുറുക്കിയുടുത്ത് കഷ്ടപ്പെടുന്ന പാവങ്ങളെ വഞ്ചിക്കുന്ന ഏര്‍പ്പാടായിപ്പോയി ഈ നിക്ഷേപമെന്ന് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് വിമര്‍ശിക്കുന്നു.

കോര്‍പറേറ്റ് നികുതിയില്‍ നിരന്തരം ഇളവുകള്‍ നല്‍കിയും നിയമവിരുദ്ധമായ ടാക്‌സ് ഹോളിഡേകള്‍ പ്രഖ്യാപിച്ചും സര്‍ക്കാര്‍ ഭൂമി വഴിവിട്ട് പതിച്ച് നല്‍കിയുമെല്ലാം വന്‍കിട കോര്‍പറേറ്റുകള്‍ക്ക് ലാഭം കുന്നുകൂട്ടാന്‍ ചവിട്ടുപടിയായി സര്‍ക്കാറുകള്‍ മാറാറുണ്ട്. മോദി സര്‍ക്കാറിന് മേല്‍ ഇത്തരം ആരോപണങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല. മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയ വമ്പന്‍മാര്‍ക്ക് രാജ്യത്തിനകത്തും പുറത്തും മോദി സര്‍ക്കാര്‍ സംരക്ഷണ കവചമൊരുക്കുന്നുവെന്നത് ഇന്ന് വെറും ആരോപണമല്ല.

അദാനി പോര്‍ട്‌സിന്റെയടക്കമുള്ള നിരവധി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാറിന്റെ ഒത്താശയിലാണ് തഴച്ചു വളരുന്നത്. എല്ലാ നയങ്ങളും “സ്വന്തം സുഹൃത്തുക്കൾ’ക്ക് വേണ്ടിയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നിരന്തരം ആവര്‍ത്തിക്കുന്ന കാര്യമാണ്.
എല്‍ ഐ സിയുടെ കാര്യത്തില്‍ സംഭവിച്ചത് അദാനി പ്രതിസന്ധിയിലായപ്പോള്‍ തിടുക്കപ്പെട്ട് നിക്ഷേപം നടന്നുവെന്നതാണ്. യു എസ് ഏജന്‍സികള്‍ കൈക്കൂലിക്കേസ് ആരോപിക്കുകയും യു എസ്, യൂറോപ്യന്‍ ബേങ്കുകള്‍ അദാനിയുടെ വായ്പാ അപേക്ഷ നിരസിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു എല്‍ ഐ സി മുഖേന കേന്ദ്ര സര്‍ക്കാറിന്റെ നിക്ഷേപ സഹായമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപോര്‍ട്ടിലുണ്ട്.

2024ല്‍ സോളാര്‍ പവര്‍ പ്ലാന്റ് പദ്ധതിയുടെ കരാറുകള്‍ നേടുന്നതിനായി ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഏകദേശം 265 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കാന്‍ സമ്മതിച്ചതിന് ഗൗതം അദാനി ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ യു എസില്‍ കുറ്റം ചുമത്തിയിരുന്നു. ആഗോള ബേങ്കുകള്‍ അദാനി ഗ്രൂപ്പിന് വായ്പ നല്‍കാന്‍ മടിക്കുന്നതിലേക്ക് ഈ കുറ്റപത്രം നയിച്ചു. ഇതിന് പിന്നാലെയായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ സഹായം.

ഇന്ത്യയില്‍ നിന്ന് കൈക്കൂലി നല്‍കി തെറ്റായ മാര്‍ഗത്തിലൂടെ കരാര്‍ നേടിയെടുക്കുമ്പോള്‍ തന്നെ, അഴിമതിവിരുദ്ധ സ്ഥാപനമെന്ന അവകാശവാദത്തോടെയാണ് അമേരിക്കയില്‍ കടപ്പത്രങ്ങള്‍ ഇറക്കി മൂലധന സമാഹരണം നടത്തിയതെന്ന് യു എസ് ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗൗതം അദാനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുമുണ്ട് യു എസ് കോടതി. അദാനി ഗ്രൂപ്പ് ഓഫ്ഷോര്‍ നിക്ഷേപ കേന്ദ്രങ്ങള്‍ അവിഹിതമായി ഉപയോഗിച്ച് ഓഹരിവില കൃത്രിമമായി ഉയര്‍ത്തിയതായി 2023 ജനുവരിയില്‍ ആരോപണമുയര്‍ന്നിരുന്നു.

ഈ ആരോപണങ്ങളും നിയമ നടപടികളും ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാന്‍ എല്‍ ഐ സിയെ ഉപയോഗിച്ചുവെന്ന് വരുമ്പോള്‍ സര്‍ക്കാര്‍- അദാനി നിഗൂഢ ബാന്ധവം തുടരുന്നുവെന്നാണല്ലോ മനസ്സിലാക്കേണ്ടത്. എല്‍ ഐ സിക്ക് പുറമെ എസ് ബി ഐ 80,000 കോടിയോളം അദാനി കമ്പനികളില്‍ നിക്ഷേപിച്ചിട്ടുണ്ട്. വൈദ്യുതി കരാറിന്റെ മറവില്‍ ബി ജെ പി ഭരിക്കുന്ന ഗുജറാത്തും അദാനി ഗ്രൂപ്പിന് വഴിവിട്ട സഹായം ചെയ്തതായി ആരോപണമുയര്‍ന്നിരുന്നു. 2018- 23 കാലയളവില്‍ അദാനി പവര്‍ ലിമിറ്റഡില്‍ നിന്ന് വൈദ്യുതി വാങ്ങിയ ഇനത്തില്‍ ഗുജറാത്ത് ഊര്‍ജ വികാസ് നിഗം ലിമിറ്റഡ് നല്‍കിയത് 13,082 കോടി രൂപയാണ്.

കഴിഞ്ഞ മേയില്‍ അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോര്‍ട്‌സ് 15 വര്‍ഷക്കാലാവധിയുള്ള 5,000 കോടി രൂപയുടെ കടപ്പത്രങ്ങള്‍ (എന്‍ സി ഡി) പുറത്തിറക്കിയപ്പോള്‍ വാങ്ങിയത് എല്‍ ഐ സി മാത്രമായിരുന്നു. 7.75 ശതമാനം റിട്ടേണ്‍ ഉറപ്പുനല്‍കുന്ന കടപ്പത്രങ്ങളായിരുന്നു അത്. അദാനിക്ക് ഡോളറില്‍ തീര്‍ക്കേണ്ട കടബാധ്യതകള്‍ക്കായി പണം ആവശ്യമായിരുന്ന സമയത്ത് എല്‍ ഐ സി നിക്ഷേപം ഉപകരിച്ചുവെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ധനമന്ത്രാലയം നേരിട്ട് നിര്‍ദേശം നല്‍കിയ പ്രകാരമാണ് എല്‍ ഐ സി കടപ്പത്രങ്ങളില്‍ നിക്ഷേപിച്ചത് എന്ന റിപോര്‍ട്ട് ഗൗരവതരമാണ്.

10 വര്‍ഷത്തെ സര്‍ക്കാര്‍ സെക്യൂരിറ്റികളേക്കാള്‍ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്യുന്നതിനാല്‍ എല്‍ ഐ സി തങ്ങളുടെ 3.9 ബില്യണ്‍ ഡോളര്‍ ബോണ്ട് നിക്ഷേപം അംബുജ സിമന്റ്‌സ്, അദാനി ഗ്രീന്‍ എനര്‍ജി തുടങ്ങിയ അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ ഉപയോഗിക്കണമെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ ശിപാര്‍ശ ചെയ്തിരുന്നുവത്രേ. എവിടെ നിക്ഷേപിക്കണമെന്ന് തീരുമാനിക്കുന്നത് തികച്ചും സ്വതന്ത്രമായാണെന്നും സര്‍ക്കാറില്‍ നിന്ന് ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നും എല്‍ ഐ സി നേതൃത്വം വ്യക്തമാക്കുന്നുണ്ട്. ഇത് മുഖവിലക്കെടുത്ത് മുന്നോട്ട് പോകാനാകില്ല. ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം നടക്കണം. ഗുരുതര ക്രമക്കേടുകള്‍ ആരോപിക്കപ്പെടുന്ന ഒരു സ്വകാര്യ കമ്പനിയെ ജാമ്യത്തിലെടുക്കാന്‍ പൊതുജനങ്ങളുടെ പണം ഉപയോഗിക്കുന്നതിന് തുല്യമാണ് ഈ നീക്കമെന്ന കോണ്‍ഗ്രസ്സിന്റെ വിലയിരുത്തല്‍ അര്‍ഥവത്താണ്.

 

---- facebook comment plugin here -----

Latest