Connect with us

aathmeeyam

ധൈഷണികതയുടെ മഹാത്ഭുതം

ഏകദേശം 100 ദശലക്ഷം ന്യൂറോണുകള്‍ മനുഷ്യന്റെ തലച്ചോറിലുണ്ട്. ഇത്രയും കരുത്തുള്ള മസ്തിഷ്‌ക സംവിധാനം മനുഷ്യനുണ്ടായിട്ടും അതിന്റെ ചെറിയ ശതമാനം പോലും ഉപയോഗിക്കുന്നില്ല എന്നാണ് പ്രമുഖ മനഃശാസ്ത്രജ്ഞനും എഴുത്തുകാരനുമായ വില്യം ജയിംസ് പറയുന്നത്. ലോകത്തിലെ ഏറ്റവും പ്രഗത്ഭനായ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ പോലും തന്റെ മസ്തിഷ്കത്തിന്റെ പത്ത് ശതമാനം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

Published

|

Last Updated

മത്സ്യക്കുഞ്ഞിന് ജന്മനാ നീന്തലറിയാം. താറാവ് കുഞ്ഞു നാളുകളിൽ തന്നെ അമ്മയോടൊപ്പം കരയിലും വെള്ളത്തിലും സഞ്ചരിക്കുന്നു. പശുക്കിടാവ് പെറ്റുവീണ ഉടൻ നാലുകാലിൽ നിൽക്കുകയും അമ്മയുടെ അകിട് കണ്ടെത്തി പാൽ സ്വയം കുടിക്കുകയും ചെയ്യുന്നു. എന്നാൽ അത്ഭുതകരമായ മസ്തിഷ്ക പ്രഭാവമുള്ള മനുഷ്യന്റെ കുഞ്ഞുങ്ങൾ സ്വന്തം കാലിൽ നിൽക്കാനും സ്വയം പര്യാപ്തനാകാനും പക്വത ആർജിക്കാനും അനേകം വർഷങ്ങളെടുക്കുന്നു ! അപ്പോൾ മനുഷ്യ കഴിവുകൾ ജന്മനാ ഇല്ലാത്തതും പിന്നീട് ആർജിച്ചെടുക്കുന്നതും വികസിപ്പിക്കുന്നതുമാണോ? ഓരോ വ്യക്തിക്കും വ്യത്യസ്ത അഭിരുചിയും നൈപുണിയും ഉണ്ടോ ?
ഭൗതിക പ്രപഞ്ചത്തിലെ അസംഖ്യം സൃഷ്ടികളിൽ അത്യുത്കൃഷ്ട ജീവിയെന്നാണ് മനുഷ്യനെ വിശേഷിപ്പിക്കപ്പെടുന്നത്. മനുഷ്യ ശരീരം അനേകം അത്ഭുതങ്ങളുടെ കലവറയാണ്. ദശലക്ഷക്കണക്കിന് നാഡീകോശങ്ങളും മറ്റിനം കോശങ്ങളുമുള്ള ഏറ്റവും സങ്കീർണമായ മസ്തിഷ്കമാണ് മനുഷ്യനുള്ളത്. മസ്തിഷ്കം ശരീരത്തിലെ പേശികളുടെയും ഗ്രന്ഥികളുടെയും സംവേദനവ്യൂഹങ്ങളുടെയും പ്രവർത്തനങ്ങളെ നിരീക്ഷിച്ച് ക്രമപ്പെടുത്തുകയും വിവേകപൂർവം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. ബുദ്ധിശക്തിയുടെ ഫലപ്രദമായ വിനിയോഗത്തിലൂടെയാണ് ലോകത്ത്‌ മഹാത്ഭുതങ്ങൾ മനുഷ്യൻ സൃഷ്ടിക്കുന്നത്. പ്രാചീന മനുഷ്യന്റെ ജീവിത രീതിയും ഉത്തരാധുനിക മനുഷ്യന്റെ ലോകവും വിലയിരുത്തുമ്പോൾ അത് സുതരാം വ്യക്തമാകും.

മനുഷ്യേതര ജീവികളുടെ ബുദ്ധിശക്തി കാലാനുസൃതമായി വൈപുല്യപ്പെടുകയോ വികസിക്കുകയോ ചെയ്യുന്നില്ല. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള അതേ ജീവിത രീതിയും ആവാസ വ്യവസ്ഥയുമാണ് സാങ്കേതിക വിദ്യകൾ വികാസം പ്രാപിച്ച പുതിയ കാലത്തും ജന്തുലോകം പിന്തുടരുന്നത്. എന്നാൽ മനുഷ്യന്റെ ഐക്യു (ഇന്റലിജൻസ് കോഷ്യൻഡ്) അഥവാ ബുദ്ധിശക്തി നിരന്തര പരിശീലനങ്ങളിലൂടെ വളർത്തിയെടുക്കാൻ സാധിക്കുമെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. ബുദ്ധിയുടെ വികാസം നിർണയിക്കുന്നതിൽ അവൻ അതിവസിക്കുന്ന പ്രകൃതിയും കാലവും പുലർത്തുന്ന ശീലവും ഗണ്യമായി സ്വാധീനിക്കുന്നു.
ബുദ്ധിയുടെ ധർമങ്ങളെ കുറിച്ച് മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടായ കാലം മുതൽ തന്നെ ആഴത്തിലുള്ള പഠനങ്ങൾ നടത്തിയിട്ടുണ്ട്.

ബുദ്ധിക്ക് ഏകമുഖമാണ് ഉള്ളത് എന്നായിരുന്നു അടുത്ത കാലം വരെ കണക്കാക്കപ്പെട്ടത്. ആകയാൽ ഗണിതത്തിലും ശാസ്ത്രത്തിലുമൊക്കെ പിന്നിലാവുന്ന കുട്ടികളെ ബുദ്ധിയില്ലാത്തവർ എന്ന ഗണത്തിലായിരുന്നു പെടുത്തിയിരുന്നത്. കണക്കറിയാത്തതിന്റെ പേരിൽ മറ്റു കഴിവുകളുള്ള പലരും പുറന്തള്ളപ്പെട്ടുപോയിട്ടുണ്ട്. സാമാന്യം നല്ല രീതിയിൽ പഠിക്കുന്ന കുട്ടികൾ പോലും വിവിധ തരം കുറ്റപ്പെടുത്തലുകൾക്ക് വിധേയരായിട്ടുമുണ്ട്.

എന്നാൽ ഓരോ കുട്ടിക്കും വ്യത്യസ്‌ത രൂപത്തിലുള്ള ബുദ്ധിയാണുള്ളതെന്നും മിക്ക വിദ്യാർഥികൾക്കും ഒന്നിൽ കൂടുതൽ ബുദ്ധിശക്തിയുണ്ടെന്നും മസ്തിഷ്‍കത്തിന്റെ വിവിധ ഭാഗങ്ങളിലെ സെല്ലുകൾക്കനുസരിച്ച് ബുദ്ധിശക്തി വ്യത്യാസപ്പെടുമെന്നും പ്രമുഖ മനഃശാസ്ത്രജ്ഞനായ ഹൊവാർഡ് ഗാർഡ്നർ ബുദ്ധിയെ കുറിച്ചുള്ള തന്റെ ചിന്തകളിൽ അവതരിപ്പിക്കുന്നുണ്ട്. ബുദ്ധി എന്നത് ഒരു ഏകീകൃതവും സ്ഥിരവുമായ സ്വഭാവമല്ല, മറിച്ച് വ്യത്യസ്ത രീതികളിൽ വികസിപ്പിക്കാനും പ്രകടിപ്പിക്കാനും കഴിയുന്ന ഒരത്ഭുത പ്രതിഭാസമാണ് എന്നതാണ് അദ്ദേഹം മുന്നോട്ടുവെച്ച പ്രധാന ആശയം. ബുദ്ധിയുടെ ഏതൊക്കെ അംശങ്ങളാണോ ഒരാളിൽ മുന്നിട്ടുനിൽക്കുന്നത് ആ രംഗത്ത് അയാൾക്ക് കൂടുതൽ മികവു പുലർത്താൻ സാധിക്കുമെന്ന് അദ്ദേഹം സിദ്ധാന്തിക്കുന്നു. അതുകൊണ്ടുതന്നെ ബുദ്ധിയുടെ പലതലങ്ങൾ പരിഗണിച്ച് കുട്ടികൾക്ക് പഠന സാഹചര്യങ്ങൾ ഒരുക്കണമെന്നും ബുദ്ധിയുടെ ബഹുമുഖ ശക്തിയെ പോഷിപ്പിക്കുന്നതിനുതകുന്ന വിധത്തിൽ ബോധന തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ടെന്നും ആധുനിക വിദ്യാഭ്യാസ വിചക്ഷണർ നിരീക്ഷിക്കുന്നു.
മനുഷ്യ മസ്‌തിഷ്‌കത്തിന്റെ അത്രയും അത്ഭുതകരമായ മറ്റൊന്നുമില്ല. ഏകദേശം 100 ദശലക്ഷം ന്യൂറോണുകള്‍ മനുഷ്യന്റെ തലച്ചോറിലുണ്ട്. ഇത്രയും കരുത്തുള്ള മസ്തിഷ്‌ക സംവിധാനം മനുഷ്യനുണ്ടായിട്ടും അതിന്റെ ചെറിയ ശതമാനം പോലും ഉപയോഗിക്കുന്നില്ല എന്നാണ് പ്രമുഖ മനഃശാസ്ത്രജ്ഞനും എഴുത്തുകാരനുമായ വില്യം ജയിംസ് പറയുന്നത്. ലോകത്തിലെ ഏറ്റവും പ്രഗത്ഭനായ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ പോലും തന്റെ മസ്തിഷ്കത്തിന്റെ പത്ത് ശതമാനം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

മനുഷ്യന്റെ സവിശേഷ ബുദ്ധിയെ ധിഷണാപരമായി ഉപയോഗിക്കണമെന്ന് വിശുദ്ധ ഖുർആനിൽ ധാരാളം ഇടങ്ങളിൽ വ്യത്യസ്ത പര്യായ പദങ്ങളിലൂടെ അല്ലാഹു പറയുന്നുണ്ട്. “ബുദ്ധി ഉപയോഗിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്’ എന്ന് പലയിടത്തായി ഖുർആൻ ആവർത്തിക്കുന്നു. ബുദ്ധി ഉപയോഗിക്കാത്തവർ കാലികളേക്കാള്‍ കഷ്ടമാണെന്നാണ് ഖുർആൻ പരിചയപ്പെടുത്തുന്നത്: “അവര്‍ക്ക് ഹൃദയങ്ങളുണ്ട്. അത് ഉപയോഗിച്ച് അവര്‍ കാര്യങ്ങൾ ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അത് ഉപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാണ്. അല്ല, അവരാണ് കൂടുതല്‍ വഴിപിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍’ (അഅ്റാഫ്: 179).

Latest