Connect with us

Saudi Arabia

വിശുദ്ധ കഅബ കഴുകൽ ചടങ്ങ് മുഹറം 15ന്

സുബ്ഹി നമസ്കാരത്തിന് ശേഷമാണ് ചടങ്ങുകൾ ആരംഭിക്കുക  

Published

|

Last Updated

മക്ക|ഈ വർഷത്തെ വിശുദ്ധ കഅബ കഴുകൽ ചടങ്ങ് മുഹറം 15ന്  സുബ്ഹി നമസ്കാരത്തിന് ശേഷം നടക്കുമെന്ന് ഇരുഹറം കാര്യാലയം അറിയിച്ചു. വിശുദ്ധിയുടെയും ഭക്തിയുടെയും പ്രതീകമായി നൂറ്റാണ്ടുകളായി തുടർന്നുവരുന്ന കഅബയുടെ ഉൾഭാഗം കഴുകുന്ന ചടങ്ങാണിത്. കഅബയുടെ അകവും പുറവും ശുദ്ധിയാക്കുന്നതിനായി പ്രത്യേകമായി കഴുകുന്ന ചടങ്ങിനെ ഗുസ്ൽ-ഇ-കഅബ എന്നാണ് അറിയപ്പെടുന്നത്. സുഗന്ധദ്രവ്യങ്ങളിൽ മുക്കിയ വെളുത്ത തുണി ഉപയോഗിച്ചാണ് അകത്തെ ചുമരുകൾ വൃത്തിയാക്കുന്നത്.
തായിഫ് റോസ്, ഊദ്, കസ്തൂരി തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ കലർത്തിയ സംസം വെള്ളം തറയിൽ തളിച്ച് കൈകളും- ഈന്തപ്പനയോലകളും ഉപയോഗിച്ചാണ് കഴുകുക.  ശേഷം മേല്‍ത്തരം ഊദ് എണ്ണയും റോസ് ഓയിലും ഉപയോഗിച്ച് സുഗന്ധം പൂശുകയും ചെയ്യും. കഅബയുടെ ഓരോ കോണും ശ്രദ്ധയോടെയും ആദരവോടെയുമാണ് പരിപാലിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഊദ് ഉപയോഗിച്ച് കഅബക്കകം സുഗന്ധം പുകയ്ക്കുന്നതോടെ ചടങ്ങ്  പൂർത്തിയാകും. കഅബയുടെ ഉൾഭാഗത്തെ ചുമരുകൾക്ക് മൂന്ന് മീറ്റർ നീളവും. കഅ്ബക്ക് 40 അടി നീളവും 35 അടി വീതിയും 56 അടി ഉയരവുമാണുള്ളത്.
ഹിജ്റ എട്ടാം വർഷത്തിൽ മക്കാ വിജയത്തോടെയാണ് അന്ത്യ പ്രവാചകൻ മുഹമ്മദ് നബി (സ) തങ്ങൾ  വിശുദ്ധ കഅബ കഴുകൽ ആരംഭിച്ചത്. ഇതിനെ അനുസ്മരിച്ചാണ് എല്ലാ വർഷങ്ങളിലും വിശ്വാസികൾ ഈ ചടങ്ങ് നിർവ്വഹിച്ചു പോരുന്നത്. കോവിഡ് കാലം വരെ ശഅബാൻ, മുഹറം മാസങ്ങളിലായി വർഷത്തിൽ രണ്ട് തവണയായിരുന്നു  കഅബ കഴുകൽ ചടങ്ങ് നടന്നിരുന്നത്. കോവിഡിന് ശേഷം വർഷത്തിൽ ഒരുതവണയാക്കി ഹിജ്‌റ വർഷത്തിന്റെ ആദ്യത്തിലെ മുഹറ മാസത്തിൽ നടത്താൻ  ഇരുഹറം കാര്യാമന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
സാധാരണയായി ഇരുഹറം സൂക്ഷിപ്പ് കാരനും സഊദി ഭരണാധികാരിയുമായ സൽമാൻ രാജാവ്, അവർ നിശ്ചയിക്കുന്ന പ്രതിനിധിയോ ആണ് കഅബ കഴുകൽ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കുക.   ഹറം കാര്യാലയ മേധാവികൾ, മന്ത്രിമാർ, പണ്ഡിതൻമാർ, വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ, നേതാക്കൾ നയതന്ത്രജ്ഞർ തുടങ്ങിയവരും പങ്കെടുക്കും.

സിറാജ് പ്രതിനിധി, ദമാം

Latest