Connect with us

Articles

ബ്രിക്സിലെങ്കിലും ഇന്ത്യ തല ഉയർത്തട്ടെ

ബ്രസീലില്‍ ആരംഭിച്ച രണ്ട് ദിവസത്തെ ബ്രിക്‌സ് ഉച്ചകോടിയിലും പഹല്‍ഗാം ഭീകരാക്രമണം ചര്‍ച്ചചെയ്യപ്പെട്ടേക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഉച്ചകോടി നാളെ സമാപിക്കും. അതത് രാജ്യങ്ങള്‍ക്ക് ഓരോ വിഷയങ്ങളിലും വ്യക്തമായ നിലപാടുകളുണ്ടാകും. അവ ഇന്ത്യയുടെ നിലപാടുകളുമായി യോജിച്ചതാകണമെന്നില്ല. നിരന്തരമായ ബോധ്യപ്പെടുത്തലുകളിലൂടെയും വസ്തുതകള്‍ അവതരിപ്പിക്കുന്നതിലൂടെയും നിലപാട് മാറ്റിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചേക്കും.

Published

|

Last Updated

ഇന്ത്യക്കെതിരെ പാകിസ്താന്‍ തുടരുന്ന ഭീകരാക്രമണങ്ങള്‍ ലോകത്തിനു മുമ്പില്‍ തുറന്നുകാട്ടുന്നതില്‍ ഇന്ത്യ പരാജയം ആവര്‍ത്തിക്കുകയാണ്. ചൈനയിലെ ക്വിംഗ്്ദാവോയില്‍ നടന്ന ഷാംഗ്ഹായ് എസ് സി ഒ സമ്മേളനത്തിലും വാഷിംഗ്ടണില്‍ നടന്ന ചതുര്‍ രാഷ്ട്ര കൂട്ടായ്മയായ ക്വാഡിലും പാകിസ്താനെതിരെ ഇന്ത്യ നടത്തിയ നീക്കങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ബ്രസീലില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലാണ് ഇന്ത്യയുടെ അടുത്ത പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ബ്രിക്സ് ഉച്ചകോടി നാളെ സമാപിക്കും.

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ടുണ്ടായ ഇന്ത്യ- പാക് യുദ്ധത്തിന്റെ കാരണങ്ങള്‍ ലോകരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി ഇന്ത്യന്‍ സംഘം മുപ്പതിലേറെ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും ജനപ്രതിനിധികളും നയതന്ത്ര പ്രതിനിധികളും അടങ്ങുന്ന സംഘത്തിന്റെ ലക്ഷ്യം ഭീകരര്‍ക്ക് തണല്‍ ഒരുക്കുന്ന പാകിസ്താനെ തുറന്നു കാട്ടലായിരുന്നു. എന്നാല്‍ ഇന്ത്യന്‍ സംഘത്തിന്റെ ദൗത്യം എത്രത്തോളം വിജയിച്ചു എന്നതിനെക്കുറിച്ച് സര്‍ക്കാര്‍തലത്തില്‍ വിശദീകരണങ്ങള്‍ പുറത്തുവന്നിട്ടില്ല. അമേരിക്കയിലുള്ള സംഘത്തെ നയിച്ച ശശി തരൂര്‍, അമേരിക്ക ഉള്‍പ്പെടെ ഏതാനും രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ നിലപാട് ബോധ്യമായതായി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

അതേസമയം, ഇന്ത്യന്‍ സംഘം പര്യടനം നടത്തുന്നതിനിടയില്‍ ഐ എം എഫിന് പിറകെ ഏഷ്യന്‍ നാണയ നിധിയില്‍ നിന്ന് ഇന്ത്യയുടെ എതിര്‍പ്പിനെ മറികടന്ന് പാകിസ്താന് കോടികളുടെ വായ്പ അനുവദിക്കുകയുണ്ടായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പാകിസ്താന്‍ സൈനിക മേധാവി ആര്‍മി ചീഫ് അസിം മുനീറിനെയും എയര്‍ ചീഫ് സഹീര്‍ അഹമ്മദ് ബാബര്‍ സിദ്ധുവിനെയും വൈറ്റ് ഹൗസില്‍ വിളിച്ചുവരുത്തി ഉച്ചവിരുന്ന് ഒരുക്കുകയും പാകിസ്താന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. പാകിസ്താന്‍ ഭീകരതക്കെതിരാണെന്നു പറഞ്ഞ ട്രംപ്, അതിന്റെ പേരില്‍ പാകിസ്താനെ പ്രശംസിക്കുകയും ചെയ്തു.

ചൈനയിലെ ക്വിംഗ്്ദാവോയില്‍ നടന്ന ഷാംഗ്ഹായ് എസ് സി ഒ സമ്മേളനത്തില്‍ പാകിസ്താനെതിരെ ഇന്ത്യ കൊണ്ടുവന്ന പ്രമേയത്തിന് അനുമതി ലഭിച്ചില്ല. വാഷിംഗ്ടണില്‍ നടന്ന ചതുര്‍ രാഷ്ട്ര കൂട്ടായ്മയായ ക്വാഡിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലും ഇന്ത്യക്ക് പരാജയം നേരിടേണ്ടി വന്നു. പ്രമേയത്തില്‍ പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചുവെങ്കിലും പാകിസ്താനെ കുറിച്ചും ഓപറേഷന്‍ സിന്ദൂറിനെക്കുറിച്ചും പരാമര്‍ശിക്കുകയുണ്ടായില്ല. ഇന്ത്യ, അമേരിക്ക, ആസ്ത്രേലിയ, ജപ്പാന്‍ എന്നീ നാല് രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്. പാകിസ്താന് പങ്കാളിത്തമില്ലാത്ത ഒരു കൂട്ടായ്മയില്‍ ഭീകരാക്രമണം നടത്തിയ പാകിസ്താന്റെ പേര് പരാമര്‍ശിക്കാന്‍ സാധിക്കാതിരുന്നത് ഇന്ത്യക്കുണ്ടായ പരാജയമാണ്.

അതിനിടെ യു എന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ അധ്യക്ഷ സ്ഥാനത്തേക്ക് പാകിസ്താനെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. സുരക്ഷാ കൗണ്‍സിലിലെ 15 അംഗ രാജ്യങ്ങളില്‍ നിന്ന് അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നത് ക്രമപ്രകാരമാണ്. ഇത്തവണ പാകിസ്താന്റെ ഊഴമാണ്. 193 രാജ്യങ്ങളില്‍ 182 രാജ്യങ്ങളുടെ പിന്തുണ പാകിസ്താന് ലഭിക്കുകയുണ്ടായി. പാകിസ്താന്റെ സ്ഥിരം പ്രതിനിധി അസിം ഇഫ്തിഖാര്‍ അഹ്മദ് യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അധ്യക്ഷനാകും. കശ്മീര്‍ വിഷയം അന്താരാഷ്ട്ര വേദികളില്‍ പാകിസ്താന്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍, അന്താരാഷ്ട്ര സംഘടനയുടെ തലപ്പത്ത് പാകിസ്താന്‍ പ്രതിനിധി തിരഞ്ഞെടുക്കപ്പെടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗുണകരമായിരിക്കില്ല.

ജൂണ്‍ അവസാനവാരം ചൈനീസ് നഗരമായ ക്വിംഗ്്ദാവോയില്‍ നടന്ന ഷാംഗ്ഹായ് സഹകരണ സംഘടന (എസ് സി ഒ) ഉച്ചകോടിയില്‍ രാജ്യരക്ഷാ മന്ത്രിമാരുടെ യോഗത്തില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തയ്യാറാക്കിയ പ്രമേയം എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താനെ കുറ്റപ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം യോഗം അംഗീകരിച്ചില്ല. ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് സംയുക്ത പ്രസ്താവന പുറപ്പെടുവിക്കാതെയാണ് ഇത്തവണത്തെ എസ് സി ഒ സമ്മേളനം പിരിഞ്ഞത്. എസ് സി ഒ നിയമപ്രകാരം പ്രമേയം സമവായത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. ഒരു രാജ്യം വിട്ടുനിന്നാല്‍ പ്രമേയം അംഗീകരിക്കാനാകില്ല. എസ് സി ഒയില്‍ ഇന്ത്യയുടെ ആവശ്യം നിരാകരിക്കപ്പെട്ടത് പാകിസ്താന്റെ നയതന്ത്രപരമായ വിജയമായി വിലയിരുത്തപ്പെടുന്നു.

അതേസമയം, എതിര്‍പ്പിനെ തുടര്‍ന്ന് സംയുക്ത പ്രമേയം മാറ്റിവെച്ചത് ഇന്ത്യയുടെ വിജയമായും കണക്കാക്കപ്പെടുന്നു. ആതിഥേയ രാജ്യമായ ചൈനയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സംയുക്ത പ്രസ്താവന തയ്യാറാക്കിയത്. പഹല്‍ഗാം കൂട്ടക്കൊലയെയും തുടര്‍ന്ന് ഓപറേഷന്‍ സിന്ദൂറിലൂടെ പാകിസ്താനിലെ ഭീകര ക്യാമ്പുകള്‍ തകര്‍ക്കാന്‍ ഇന്ത്യ നടത്തിയ നടപടിയെയും കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകളില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തീവ്രവാദത്തിനെതിരെ ശക്തമായി സംസാരിച്ചു. എന്നാല്‍ അവസാന ദിവസത്തെ സംയുക്ത പ്രസ്താവനയില്‍ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയില്ല. അതേസമയം, ബലൂചിസ്ഥാനിലെ തീവ്രവാദി അക്രമത്തിന് പിന്നില്‍ ഇന്ത്യയാണെന്ന പാകിസ്താന്റെ നിലപാട് പ്രമേയത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇന്ത്യ ഒപ്പ് വെക്കാതിരുന്നത് ഇതുകൊണ്ടായിരുന്നു. റഷ്യ ഉള്‍പ്പെടെ ഒരു രാജ്യവും ഇന്ത്യയെ പിന്തുണക്കുകയുണ്ടായില്ല.
എസ് സി ഒയില്‍ നിലവില്‍ ചൈന, റഷ്യ, ഇന്ത്യ, പാകിസ്താന്‍, ഇറാന്‍, ബെലാറസ്, കസാഖിസ്താന്‍, കിര്‍ഗിസ്താന്‍, താജിക്കിസ്താന്‍, ഉസ്‌ബെക്കിസ്താന്‍ എന്നീ പത്ത് രാജ്യങ്ങളാണുള്ളത്. സമ്മേളനത്തില്‍ ചൈന പാകിസ്താനെ പിന്തുണച്ചു. അംഗരാജ്യങ്ങളില്‍ ആരും ഇന്ത്യയെ പിന്തുണച്ചില്ല എന്നത് നമ്മുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ പരാജയം എടുത്തുകാട്ടുകയാണ്.
ബ്രസീലില്‍ ആരംഭിച്ച രണ്ട് ദിവസത്തെ ബ്രിക്‌സ് ഉച്ചകോടിയിലും പഹല്‍ഗാം ഭീകരാക്രമണം ചര്‍ച്ചചെയ്യപ്പെട്ടേക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഉച്ചകോടി നാളെ സമാപിക്കും. ബ്രിക്സില്‍ പാകിസ്താന്‍ അംഗമല്ല. എസ് സി ഒ യോഗത്തില്‍ ഇസ്‌ലാമാബാദ് ചെലുത്തിയ സമ്മര്‍ദം ബ്രസീല്‍ ഉച്ചകോടിയില്‍ ഉണ്ടാകില്ല. എങ്കിലും അതത് രാജ്യങ്ങള്‍ക്ക് ഓരോ വിഷയങ്ങളിലും വ്യക്തമായ നിലപാടുകളുണ്ടാകും. അവ ഇന്ത്യയുടെ നിലപാടുകളുമായി യോജിച്ചതാകണമെന്നില്ല. നിരന്തരമായ ബോധ്യപ്പെടുത്തലുകളിലൂടെയും വസ്തുതകള്‍ അവതരിപ്പിക്കുന്നതിലൂടെയും നിലപാട് മാറ്റിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചേക്കും.

ക്വിംഗ്്ദാവോ യോഗത്തില്‍ എസ് സി ഒ അംഗങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ രാജ്‌നാഥ് സിംഗും സംഘവും പരാജയപ്പെടുകയാണുണ്ടായത്. ബ്രസീല്‍ ഉച്ചകോടിയിലെങ്കിലും ഇന്ത്യക്ക് തങ്ങളുടെ നിലപാട് അംഗരാജ്യങ്ങളെ ബോധ്യപ്പെടുത്താനാകണം. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാന്‍, സഊദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ 11 രാജ്യങ്ങള്‍ ചേര്‍ന്നതാണ് ബ്രിക്സ്.

ഈ വര്‍ഷം അവസാനം ചൈനയിലെ ടിയാന്‍ജിനില്‍ പ്രധാനമന്ത്രിമാര്‍ പങ്കെടുക്കുന്ന എസ് സി ഒ ഉച്ചകോടി നടക്കും. ജൂണ്‍ അവസാനവാരം നടന്നത് പ്രതിരോധ മന്ത്രിമാരുടെ യോഗമായിരുന്നു. ഈ വര്‍ഷാവസാനം നടക്കുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍, പാകിസ്താന്‍ പ്രധാനമന്ത്രി ശഹബാസ് ശരീഫ് എന്നീ നേതാക്കളും ഉച്ചകോടിയില്‍ സംബന്ധിക്കും. ഈ നേതാക്കളുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ട്. പ്രതിരോധ മന്ത്രിമാരുടെ യോഗത്തിലെന്ന പോലെ, ഭീകരതക്കെതിരായ ആരോപണങ്ങള്‍ ഇരു രാജ്യങ്ങളും ഉന്നയിച്ചേക്കാം. ക്വിംഗ്്ദാവോ യോഗത്തിലെ അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ വിശ്വസിക്കും വിധം അംഗരാജ്യങ്ങളെ വിഷയം ബോധ്യപ്പെടുത്താന്‍ ഇന്ത്യക്ക് സാധിക്കണം.

---- facebook comment plugin here -----

Latest