Connect with us

Uae

ആമസോൺ തടത്തിലെ പാരിസ്ഥിതിക കുറ്റകൃത്യം: 94 പേരെ യു എ ഇ അറസ്റ്റ് ചെയ്തു

64 ദശലക്ഷം ഡോളർ കണ്ടുകെട്ടി

Published

|

Last Updated

അബൂദബി|ആമസോൺ തടത്തിലെ പാരിസ്ഥിതിക കുറ്റകൃത്യങ്ങൾക്കെതിരെ യു എ ഇ വലിയ അന്താരാഷ്ട്ര ഓപറേഷന് നേതൃത്വം നൽകി. ഇതിന്റെ ഫലമായി 94 പേരെ അറസ്റ്റ് ചെയ്യുകയും 64 ദശലക്ഷം ഡോളറിലധികം വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു.
യു എ ഇയുടെ ആഗോള സംരംഭമായ ലോ എൻഫോഴ്സ്മെന്റ്ഫോർ ക്ലൈമറ്റിന്റെ കീഴിൽ കൊളംബിയ, ബ്രസീൽ, പെറു, ഇക്വഡോർ എന്നീ രാജ്യങ്ങളുമായി സഹകരിച്ച് 14 ദിവസം നീണ്ടുനിന്ന “ഗ്രീൻ ഷീൽഡ്’ ഓപറേഷന്റെ ഭാഗമായിരുന്നു അറസ്റ്റുകളെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്്യാൻ വ്യക്തമാക്കി.

2023ൽ ദുബൈയിൽ നടന്ന കോപ് 28 കാലാവസ്ഥാ ഉച്ചകോടിക്കിടെ ഐക്യരാഷ്ട്രസഭയുടെ ലഹരിവസ്തുക്കളും കുറ്റകൃത്യങ്ങളും സംബന്ധിച്ച ഓഫീസുമായി സഹകരിച്ചാണ് ലോ എൻഫോഴ്സ്മെന്റ്ഫോർ ക്ലൈമറ്റ് ആരംഭിച്ചത്. എൻവയോൺമെന്റൽ സിസ്റ്റംസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പിന്തുണയോടെ, സംരക്ഷിത ആവാസവ്യവസ്ഥകളെ നശിപ്പിച്ച കുറ്റത്തിന് 350 ലക്ഷ്യസ്ഥാനങ്ങളിൽ അധികൃതർ ഫീൽഡ് ഓപറേഷനുകൾ നടത്തി കുറ്റകൃത്യ ശൃംഖലകളെ തകർത്തു.

സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി സീസൺ അനുസരിച്ചുള്ള മത്സ്യബന്ധന നിരോധനം, സംരക്ഷിത പ്രകൃതിദത്ത റിസർവുകളിൽ നിയമലംഘനങ്ങൾക്കുള്ള കനത്ത പിഴകൾ തുടങ്ങി നിരവധി പാരിസ്ഥിതിക നടപടികൾ രാജ്യം സ്വീകരിക്കുന്നുണ്ട്. ഈ വർഷം മെയ് മാസത്തിൽ യു എ ഇ പുതിയ കാലാവസ്ഥാ നിയമം നടപ്പാക്കി. കോപ് 30ന് മുന്നോടിയായി പാരിസ്ഥിതിക സംരക്ഷണത്തിനുള്ള ദേശീയ ശ്രമങ്ങൾ ശക്തിപ്പെടുത്തുകയാണ് നിയമം ലക്ഷ്യമിടുന്നത്.

 

Latest