From the print
ഇന്ത്യ- ജപ്പാന്‍ സഹകരണം ശക്തമാക്കും
പത്ത് വര്‍ഷത്തിനിടെ പത്ത് ട്രില്യണ്‍ യെന്‍ നിക്ഷേപം

ടോക്യോ | യു എസ് പ്രസിഡന്റ്‌ഡൊണാള്‍ഡ് ട്രംപ് ഇരട്ട പ്രതികാരച്ചുങ്കം അടിച്ചേല്‍പ്പിച്ചതിന് പിറകേ ജപ്പാനുമായുള്ള സഹകരണം ശക്തമാക്കാന്‍ ഇന്ത്യ. ജപ്പാനിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനമായ ടോക്യോവില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേറു ഇഷിബയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ- ജപ്പാന്‍ പങ്കാളിത്തം രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ വിഷയം മാത്രമല്ല, ആഗോള സമാധാനത്തിന്റെയും സുരക്ഷയുടെയും ഭാഗമാണെന്ന് മോദി സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതിയ സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള പങ്കാളിത്തം അങ്ങേയറ്റം മൂല്യവത്താണെന്ന് ഇഷിബയും പറഞ്ഞു.
അടുത്ത പത്ത് വര്‍ഷത്തിനിടെ ജപ്പാന്‍ ഇന്ത്യയില്‍ പത്ത് ട്രില്യണ്‍ യെന്‍ നിക്ഷേപം നടത്തുമെന്ന് മോദി പ്രഖ്യാപിച്ചു. പ്രതിരോധ വ്യവസായത്തിലും നവീന ആശയങ്ങളിലും ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കും. ഇന്ത്യയിലെയും ജപ്പാനിലെയും സംരംഭങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും ബന്ധിപ്പിക്കും. സെമി കണ്ടക്ടറുകളിലും റെയര്‍ എര്‍ത്ത് മിനറലുകളിലും ആഴത്തിലുള്ള സഹകരണമുണ്ടാകും. ഡിജിറ്റല്‍ പാര്‍ടണര്‍ഷിപ്പ് 2.0യും എ ഐ സഹകരണ പദ്ധതിയും യാഥാര്‍ഥ്യമാകുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇക്കണോമിക് ഫോറം
ഇന്ത്യ- ജപ്പാന്‍ ഇക്കണോമിക് ഫോറത്തില്‍ മോദി സംസാരിച്ചു. ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയെന്നും ജപ്പാന്‍ ഇന്ത്യയുടെ ഏറ്റവുമടുത്ത പങ്കാളിയാണെന്നും ഫോറത്തെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു. ഇന്ത്യയും ജപ്പാനും ചേര്‍ന്നാല്‍ ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവം യാഥാര്‍ഥ്യമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുമായുള്ള താരിഫ് തര്‍ക്കം മുറുകുന്നതിനിടെയാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് നരേന്ദ്ര മോദി ജപ്പാനിലെത്തിയത്. ജപ്പാന്‍ സന്ദര്‍ശനത്തിനു ശേഷം നാളെയും മറ്റന്നാളുമായി മോദി ചൈന സന്ദര്‍ശിക്കും. ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മോദി ചൈനയിലെത്തുന്നത്.
ഷാംഗ്ഹായി ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോദി ചൈനീസ് പ്രസിഡന്റ്ഷി ജിന്‍ പിംഗുമായി ചര്‍ച്ച നടത്തും. റഷ്യന്‍ പ്രസിഡന്റ്വ്‌ലാദിമിര്‍ പുടിനുമായും മോദി സംസാരിക്കും.
ജപ്പാന്‍ സാധ്യത
പതിനഞ്ചാമത് ഇന്ത്യ- ജപ്പാന്‍ ഉച്ചകോടിക്ക് വന്‍ പ്രാധാന്യമാണ് വിദഗ്ധര്‍ നല്‍കിയത്. ഇന്‍ഡോ പസഫിക്കില്‍ ചൈനയെ ചെറുക്കാനായി അമേരിക്ക ഇടപെട്ട് രൂപവത്കരിച്ച ചതുര്‍രാഷ്ട്ര സഖ്യത്തിലെ (ക്വാഡ്) അംഗങ്ങളാണ് ഇന്ത്യയും ജപ്പാനും. പുതിയ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ട്രംപിനുള്ള മറുപടിയാണ്. ഇന്ന് കൂടുതല്‍ കരാറുകളില്‍ ഒപ്പുവെക്കുന്നതോടെ വലിയ മുന്നേറ്റമാണ് ഇന്തോ- ജപ്പാന്‍ ബന്ധത്തിലുണ്ടാകാന്‍ പോകുന്നത്.
ഇന്നലെ ഇന്ത്യ- ജപ്പാന്‍ ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കവേ ജപ്പാനിലെ ബിസിനസ്സുകാരെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. ജപ്പാന് വേണ്ടി വ്യാപാര ചര്‍ച്ച നടത്തുന്ന പ്രതിനിധി റ്യോസി അക്കാസാവ കഴിഞ്ഞ ദിവസം അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. അതോടെ, അമേരിക്കയില്‍ 550 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താനുള്ള ജാപ്പനീസ് പദ്ധതി അനിശ്ചിതത്വത്തിലായി. അധികത്തീരുവ ചര്‍ച്ചയില്‍ ട്രംപ് തങ്ങളെ പരിഗണിച്ചില്ലെന്ന വികാരം ജപ്പാന്‍ നേതൃത്വത്തിനുണ്ട്. 25 ശതമാനമായി നിശ്ചയിച്ചിരുന്ന ഇറക്കുമതിത്തീരുവ 15 ശതമാനമായി കുറയ്ക്കാന്‍ കടുത്ത വ്യവസ്ഥകളാണ് അമേരിക്ക മുന്നോട്ടുവെച്ചത്.