Connect with us

Articles

മതനിരപേക്ഷത ഏച്ചുകെട്ടലല്ല; പിറവിയിലേ ഉള്ളത്

ഉന്നത ഭരണഘടനാ പദവിയിലിരുന്ന് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള നിരന്തര ശ്രമം നടത്തുകയാണ് ജഗ്്ദീപ് ധന്‍ഖറെന്നത് ഗുരുതര കാര്യമാണ്. ഭരണഘടനയുടെ മൗലികഘടനാ സിദ്ധാന്തത്തിനും കൊളീജിയം സംവിധാനത്തിനുമെതിരെ ഉപരാഷ്ട്രപതി നിരന്തര വിമര്‍ശനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതും കാണാതിരുന്നുകൂടാ. ഭരണഘടനയുടെ ആമുഖത്തില്‍ കൈ കടത്തിയില്ലേ എന്ന ആക്ഷേപമുയര്‍ത്തുന്നവര്‍ ഭരണഘടനയുടെ യഥാര്‍ഥ സംരക്ഷകരല്ലെന്നതാണ് വിരോധാഭാസം.

Published

|

Last Updated

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ പദങ്ങള്‍ 42ാം ഭരണഘടനാ ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ത്തതിനെതിരെ ഒരിടവേളക്ക് ശേഷം വീണ്ടും വിമര്‍ശനങ്ങളുയര്‍ന്നു കൊണ്ടിരിക്കുന്നു. വിമര്‍ശകര്‍ ആരായിരിക്കുമെന്നത് പ്രത്യേകം പറയേണ്ടതില്ല. അംബേദ്കര്‍ രൂപപ്പെടുത്തിയ ഭരണഘടനയുടെ ആമുഖം തിരുത്തിയതിലല്ല അവരുടെ പരിദേവനമത്രയും. പ്രത്യുത ഭരണഘടനയുടെ മതനിരപേക്ഷ ഉള്ളടക്കത്തോടും സോഷ്യലിസ്റ്റ് ആശയങ്ങളോടുള്ള അതിന്റെ പ്രതിബദ്ധതയോടുമുള്ള അടങ്ങാത്ത കെറുവ് തികട്ടിവരുമ്പോഴാണ് കേന്ദ്ര ഭരണകൂടത്തിന്റെ ഭാഗമായവര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തുന്നത്.

സെക്യുലറിസം; ഭരണഘടനാ നിര്‍മാണ സഭയില്‍
മത സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയും സംബന്ധിച്ച് കാര്യമായ ചര്‍ച്ച നടന്നിട്ടുണ്ട് കോണ്‍സ്റ്റിറ്റിയുന്റ് അസംബ്ലിയില്‍. ആ ചര്‍ച്ചകളിലൊരിടത്തും മത രാജ്യമെന്ന ആശയത്തിന് മേല്‍ക്കൈ ലഭിച്ചിട്ടില്ലെന്നതാണ് നേര്. ഭരണഘടനാ നിര്‍മാണ സഭയിലെ 1949 ഒക്ടോബര്‍ 17ലെ ചര്‍ച്ചക്ക് തുടക്കമിട്ടത് എച്ച് വി കാമത്തായിരുന്നു. ഭരണഘടനയുടെ ആമുഖത്തിന് ഭേദഗതി കൊണ്ടുവരുന്നതായിരുന്നു അദ്ദേഹം അവതരിപ്പിച്ച പ്രമേയം. ദൈവനാമത്തിലായിരിക്കണം ഭരണഘടന ആരംഭിക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. ചര്‍ച്ചകള്‍ക്കൊടുവില്‍ വോട്ടിനിട്ടപ്പോള്‍ 68നെതിരെ 41 വോട്ടുമായി പരാജയപ്പെടുകയായിരുന്നു എച്ച് വി കാമത്തിന്റെ ശ്രമം. അംബേദ്കര്‍ രൂപപ്പെടുത്തിയ ഭരണഘടനയുടെ ആമുഖം ഭേദഗതി വരുത്തിയെന്ന് കൂടെക്കൂടെ ഒച്ചയിടുന്ന ഉപരാഷ്ട്രപതി ജഗ്്ദീപ് ധന്‍ഖര്‍ അടക്കമുള്ളവര്‍ക്ക് അറിയാതിരിക്കാനിടയില്ല എച്ച് വി കാമത്തിന്റെ ഭേദഗതി വര്‍ത്തമാനം. ഉന്നത ഭരണഘടനാ പദവിയിലിരുന്ന് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള നിരന്തര ശ്രമം നടത്തുകയാണ് ജഗ്്ദീപ് ധന്‍ഖറെന്നത് ഗുരുതര കാര്യമാണ്. ഭരണഘടനയുടെ മൗലികഘടനാ സിദ്ധാന്തത്തിനും കൊളീജിയം സംവിധാനത്തിനുമെതിരെ ഉപരാഷ്ട്രപതി നിരന്തര വിമര്‍ശനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതും കാണാതിരുന്നുകൂടാ. ഭരണഘടനയുടെ ആമുഖത്തില്‍ കൈ കടത്തിയില്ലേ എന്ന ആക്ഷേപമുയര്‍ത്തുന്നവര്‍ ഭരണഘടനയുടെ യഥാര്‍ഥ സംരക്ഷകരല്ലെന്നതാണ് വിരോധാഭാസം. ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുക വഴി ഭരണഘടനയെ ലക്ഷ്യം വെച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെയും അതിന്റെ പ്രത്യയശാസ്ത്രത്തിന്റെയും ഭാഗമായിരിക്കുന്നവരുടെത് മുതലക്കണ്ണീര്‍ മാത്രമാണ്.

പുറത്തല്ല, അകത്തുള്ളത് തന്നെ
ഇന്ത്യന്‍ പശ്ചാത്തലത്തില്‍ മതനിരപേക്ഷത മതവിരുദ്ധമോ ദൈവ വിരുദ്ധമോ അല്ല. എല്ലാ മതങ്ങളോടും തുല്യ ബഹുമാനം പുലര്‍ത്തുന്നതാണ് നമ്മുടെ ഭരണഘടന മുന്നോട്ടു വെക്കുന്ന മതനിരപേക്ഷത. സ്റ്റേറ്റ് ഏതെങ്കിലും മതത്തെ പിന്തുണക്കുകയോ സഹായിക്കുകയോ ചെയ്യരുതെന്നതാണ് ഇന്ത്യന്‍ മതനിരപേക്ഷ ആശയം. ഈ കാഴ്ചപ്പാടില്‍ എന്തപകടമാണ് കണ്ടെത്താനാകുക. പാശ്ചാത്യ മതനിരപേക്ഷ കാഴ്ചപ്പാടിനെതിരെ മാനവികതയിലൂന്നിയതും ഇന്ത്യന്‍ മണ്ണില്‍ നേരത്തേ തന്നെ വേരൂന്നിയിട്ടുള്ളതുമായ ആശയ മൂല്യമായാണ് ലോകത്തിന് നമ്മുടെ സെക്യുലറിസത്തെ വായിക്കാനാകുക.

സെക്യുലര്‍ സ്റ്റേറ്റ് എന്നതിന് ജനങ്ങളുടെ മതവികാരങ്ങള്‍ നാം പരിഗണിക്കില്ലെന്ന് അര്‍ഥമില്ല. സ്റ്റേറ്റ് ഏതെങ്കിലും പ്രത്യേക മതത്തെ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കില്ല എന്നതാണ് മതനിരപേക്ഷതയുടെ താത്പര്യമെന്ന് ഒരുവേള ഡോ. ബി ആര്‍ അംബേദ്കര്‍ തന്നെ പറഞ്ഞു വെക്കുന്നുണ്ട്. നമ്മുടെ സെക്യുലര്‍ സ്റ്റേറ്റ് മതത്തിനെതിരായ ഒന്നല്ല. മറിച്ച് എല്ലാ വിശ്വാസങ്ങളെയും തുല്യമായി ബഹുമാനിക്കുന്നതും തുല്യ അവസരങ്ങള്‍ നല്‍കുന്നതുമാണതെന്ന് നെഹ്‌റുവും അടയാളപ്പെടുത്തുന്നുണ്ട്. രാജ്യത്തിന്റെ രണ്ടാമത്തെ രാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണനും മേല്‍ചൊന്ന ആശയത്തെ അടിവരയിട്ട് സംസാരിക്കുകയാണ് ചെയ്തത്. മതനിരപേക്ഷതയെ നിര്‍വചിച്ചിരിക്കുന്നത് ഇന്ത്യയുടെ പുരാതന മത പാരമ്പര്യത്തിനനുസരിച്ചാണ്. അത് വിശ്വാസികളുടെ കൂട്ടായ്മ രൂപപ്പെടുത്താനാണ് ശ്രമിക്കുന്നത്. വ്യക്തികളെ ഇനം തിരിച്ച് കാണുന്നതിന് പകരം സമാധാനത്തിലേക്ക് അവരെ കൊണ്ടുവരികയാണ് ഇന്ത്യന്‍ മതനിരപേക്ഷത എന്ന് ചൂണ്ടിക്കാട്ടുന്ന മുന്‍ രാഷ്ട്രപതി രാജ്യത്തിന്റെ ഉള്‍ക്കൊള്ളലിന്റെ പാരമ്പര്യത്തെയാണ് സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടനയുടെ വിവിധ വകുപ്പുകള്‍ മത വിശ്വാസ സ്വാതന്ത്ര്യത്തെക്കുറിച്ച് മൗലികമായി തന്നെ പരാമര്‍ശിക്കുമ്പോള്‍ ആമുഖത്തിലെ മതനിരപേക്ഷത ഏച്ചുകെട്ടലാണെന്ന് ആര്‍ക്കും പറയാനാകില്ല. എല്ലാ വ്യക്തികള്‍ക്കും മത വിശ്വാസ, ആചരണ, പ്രചാരണ സ്വാതന്ത്ര്യം മൗലികാവകാശമായി പ്രഖ്യാപിക്കുന്നുണ്ട് ഭരണഘടനയുടെ 25ാം അനുഛേദമെന്നോര്‍ക്കണം. എല്ലാ പൗരന്മാരുടെയും ചിന്ത, അഭിപ്രായം, വിശ്വാസം, ആരാധനാ സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കല്‍ ഭരണഘടനയുടെ ലക്ഷ്യമായി ആമുഖം തന്നെ പ്രസ്താവിക്കുമ്പോള്‍ മതനിരപേക്ഷത ഇന്ത്യക്ക് അന്യമായ ആശയമാണെന്ന പ്രചാരണം വെറും ഉണ്ടാസാണ്. രാജ്യത്തെ പരമോന്നത കോടതി പലതവണ നിരസിച്ച വാദം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയാണ് സംഘ്പരിവാര്‍ പക്ഷപാതികള്‍. സെക്യുലര്‍ എന്ന പദത്തെ ഭരണഘടനയുടെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്ത 42ാം ദേഭഗതി അകമേ ഉള്ള ആശയത്തെ സ്പഷ്ട വാക്കിനാല്‍ ദൃഢീകരിക്കുക മാത്രമാണ് ചെയ്തത്.

സോഷ്യലിസവും ഇവിടെ തന്നെയുണ്ടായിരുന്നു
സാമൂഹിക, സാമ്പത്തിക വിപ്ലവവും സമത്വവാദവും എല്ലാ കാലത്തും നമ്മുടെ രാജ്യത്തിന്റെ മുഖ്യ അജന്‍ഡ തന്നെയായിരുന്നു. ക്ഷേമരാഷ്ട്രമെന്ന ആശയത്തെ പ്രതിഫലിപ്പിക്കുന്ന, ഭരണഘടനയിലെ നാലാം ഭാഗത്തിലെ നിര്‍ദേശക തത്ത്വങ്ങളില്‍ അത് നമുക്ക് വ്യക്തമായി കാണാനാകും. വിഭവങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണവും പൊതുനന്മക്കായി വിതരണം ചെയ്യപ്പെടണം. സമ്പത്തും ഉത്പാദന മാര്‍ഗങ്ങളും കേന്ദ്രീകരിക്കപ്പെടരുതെന്ന് ഭരണഘടനയുടെ 39ാം അനുഛേദം വ്യക്തമാക്കുമ്പോള്‍ ഈ രാജ്യത്തിന് സോഷ്യലിസം അന്യമാണെന്ന് എങ്ങനെ പറയും. ഗാന്ധിയന്‍ ആശയം കൂടിയാണത്. അതായത് രാജ്യത്തിന്റെ സമ്പത്ത് കൈവശം വെച്ചിരിക്കുന്നയാള്‍ ട്രസ്റ്റിയാണ്. അത് മറ്റെല്ലാവര്‍ക്കുമായി അയാള്‍ പങ്കിടേണ്ടതുണ്ടെന്ന ഗാന്ധിയന്‍ ആശയം സോഷ്യലിസത്തില്‍ നിന്ന് ഭിന്നമായ ഒന്നല്ല.

മതനിരപേക്ഷതയും സോഷ്യലിസവും നമുക്ക് അപരിചിതമായ ആശയങ്ങളേയല്ല. ബഹുസ്വര ഇന്ത്യയുടെ വേരില്‍ മതനിരപേക്ഷത ഉള്ളതുപോലെ സാമ്പത്തിക അസന്തുലിതാവസ്ഥക്കെതിരായ നമ്മുടെ ദീര്‍ഘകാല ലക്ഷ്യമായി സോഷ്യലിസത്തെയും ഭരണഘടനാ ശില്‍പ്പികള്‍ തന്നെ അംഗീകരിച്ചതാണ്. ആ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുക മാത്രമാണ് ഭരണകൂട പ്രത്യയശാസ്ത്ര വക്താക്കള്‍ക്ക് മുമ്പിലുള്ള വഴി.

 

---- facebook comment plugin here -----

Latest