International
'പാകിസ്താൻ ഉൾപ്പെടെ രാജ്യങ്ങൾ ആണവ പരീക്ഷണം നടത്തുന്നു'; യു എസ് പരീക്ഷണം പുനരാരംഭിക്കുന്നതിനെ ന്യായീകരിച്ച് ട്രംപ്
അമേരിക്കൻ ആയുധ സംവിധാനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാൻ പരീക്ഷണങ്ങൾ അനിവാര്യമാണെന്ന് റഷ്യയുടെ സമീപകാല പരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടി ട്രംപ്
വാഷിങ്ടൺ ഡി സി | പാകിസ്താൻ, റഷ്യ, ചൈന, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങൾ ആണവ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്ന് യു എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. 30 വർഷത്തിലധികം നിർത്തിവെച്ച ശേഷം ആണവ പരീക്ഷണങ്ങൾ പുനരാരംഭിക്കാനുള്ള യു എസ് തീരുമാനത്തെ ന്യായീകരിച്ചാണ് ട്രംപിന്റെ പ്രസ്താവന. അമേരിക്കൻ ആയുധ സംവിധാനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാൻ പരീക്ഷണങ്ങൾ അനിവാര്യമാണെന്ന് റഷ്യയുടെ സമീപകാല പരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടി ട്രംപ് പറഞ്ഞു.
ഞായറാഴ്ച സി ബി എസ് ന്യൂസിന്റെ ’60 മിനിറ്റ്‌സ്’ എന്ന പരിപാടിക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. യു എസ്. പരീക്ഷണങ്ങളിൽ നിന്ന് വിട്ടുനിന്നപ്പോൾ, റഷ്യ, ചൈന, ഉത്തര കൊറിയ, പാകിസ്താൻ എന്നിവയെല്ലാം പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
“റഷ്യ പരീക്ഷിക്കുന്നു, ചൈന പരീക്ഷിക്കുന്നു, പക്ഷെ അവർ അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. നമ്മൾ തുറന്ന സമൂഹമാണ്. നമ്മൾ വ്യത്യസ്തരാണ്. നമ്മൾ അതിനെക്കുറിച്ച് സംസാരിക്കും, അല്ലാത്തപക്ഷം നിങ്ങൾ മാധ്യമപ്രവർത്തകർ അത് റിപ്പോർട്ട് ചെയ്യും. അവർക്ക് അത് റിപ്പോർട്ട് ചെയ്യാൻ പോകുന്ന റിപ്പോർട്ടർമാർ ഇല്ല” – ട്രംപ് പറഞ്ഞു.
“അവർ പരീക്ഷിക്കുന്നതുകൊണ്ടും മറ്റുള്ളവർ പരീക്ഷിക്കുന്നതുകൊണ്ടും നമ്മളും പരീക്ഷിക്കാൻ പോകുകയാണ്. തീർച്ചയായും ഉത്തര കൊറിയ പരീക്ഷിക്കുന്നുണ്ട്. പാകിസ്താൻ പരീക്ഷിക്കുന്നുണ്ട്” – അദ്ദേഹം കൂട്ടിച്ചേർത്തു.
ആണവ പരീക്ഷണം പുനരാരംഭിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, യു എസ്. ആയുധ സംവിധാനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാൻ ഇത്തരം പരീക്ഷണങ്ങൾ ആവശ്യമാണെന്ന് ട്രംപ് വാദിച്ചു. ഉത്തര കൊറിയ ഒഴികെ ഒരു രാജ്യവും പതിറ്റാണ്ടുകളായി ആണവ സ്ഫോടനം നടത്തിയിട്ടില്ലെങ്കിലും, ആളുകൾക്ക് കൃത്യമായി അറിയാത്ത രീതിയിൽ അവർ ഭൂമിക്കടിയിൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.



