Connect with us

Kerala

സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്ക് നാളെ തുടക്കമാകും

വീടുകൾ തോറും വിവരശേഖരണത്തിനായി നൽകുന്ന ഫോം തിരികെ നൽകുന്ന സമയത്ത് രേഖകൾ സമർപ്പിക്കേണ്ട ആവശ്യമില്ല

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്ക് നാളെ തുടക്കമാകും. വീടുകൾ തോറുമുള്ള വിവര ശേഖരണത്തിനാണ് നാളെ തുടക്കം കുറിക്കുക. ഇതിനായി ബി എൽ ഒമാർ വീടുകൾ കയറിയിറങ്ങും. നവംബർ നാലിന് ആരംഭിച്ച് ഡിസംബർ നാല് വരെ ഇത് തുടരും. തിരഞ്ഞെടുപ്പ് കമ്മീഷൻ ഡിസംബർ 9-ന് കരട് വോട്ടർ പട്ടിക പുറത്തിറക്കും. കരട് പട്ടികയിന്മേലുള്ള അവകാശവാദങ്ങളും ആക്ഷേപങ്ങളും അടുത്ത വർഷം ജനുവരി 8 വരെ സമർപ്പിക്കാം.

വീടുകൾ തോറും വിവരശേഖരണത്തിനായി നൽകുന്ന ഫോം തിരികെ നൽകുന്ന സമയത്ത് രേഖകൾ സമർപ്പിക്കേണ്ട ആവശ്യമില്ല. 2002-2004 വർഷങ്ങളിലെ വോട്ടർ പട്ടികയിൽ പേരുള്ളവർ, അല്ലെങ്കിൽ അവരുടെ മാതാപിതാക്കളുടെയോ അടുത്ത ബന്ധുക്കളുടെയോ പേര് ഈ പട്ടികയിൽ ഉള്ളവർ എന്നിവർ രേഖകൾ നൽകേണ്ടതില്ല. മുമ്പുള്ള പട്ടികയിലെ ഒരു വോട്ടറുമായി പേര് ബന്ധിപ്പിക്കാൻ സാധിക്കാത്തവർക്ക് മാത്രമേ രേഖകൾ നൽകേണ്ടതുള്ളൂ. ഇത്തരക്കാർക്ക് ഡിസംബർ 9-നും അടുത്ത വർഷം ജനുവരി 31-നും ഇടയിൽ നോട്ടീസ് നൽകും. വോട്ടർമാരിൽ ഏകദേശം 90% പേർക്കും രേഖകൾ നൽകേണ്ടി വരില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുള്ളത്.

കേരളമടക്കം രാജ്യത്തെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് നാളെ എസ് ഐ ആറിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. ഏകദേശം 51 കോടി വോട്ടർമാരെ ഉൾക്കൊള്ളുന്ന ഈ പ്രക്രിയ അടുത്ത വർഷം ഫെബ്രുവരി 7-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ പൂർത്തിയാകും. കേരളത്തിന് പുറമെ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും.

എസ് ഐ ആറിന്റെ ആദ്യ ഘട്ടം ബിഹാറിൽ ജൂൺ മുതൽ സെപ്റ്റംബർ വരെ നടത്തിയിരുന്നു. അവിടെ അന്തിമ പട്ടികയിൽ വോട്ടർമാരുടെ എണ്ണം 7.89 കോടിയിൽ നിന്ന് 7.42 കോടിയായി കുറഞ്ഞിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം നടക്കുന്ന ഒമ്പതാമത്തെ SIR നടപടിയാണിത്. ഇതിന് മുമ്പ് 2002-2004 കാലഘട്ടത്തിലാണ് അവസാനമായി SIR നടത്തിയത്.

 

Special Intensive Revision, SIR, ECI, Electoral Roll Revision, Kerala, Tamil Nadu, West Bengal, Voter List, Election Commission, MK Stalin, Mamata Banerjee

Latest