From the print
വിട ജോട്ട
ലിവർപൂളിന്റെ പോർച്ചുഗൽ ഫുട്ബോൾ താരം ഡിയേഗോ ജോട്ടയും സഹോദരനും കാർ അപകടത്തിൽ മരിച്ചു. അപകടം സ്പെയിനിലെ സമോറ നഗരത്തിൽ.

മാഡ്രിഡ് | പോര്‍ച്ചുഗലിന്റെയും ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിന്റെയും മുന്നേറ്റ താരമായ ഡിയേഗോ ജോട്ട (28) കാറപകടത്തില്‍ മരിച്ചു. വടക്കു പടിഞ്ഞാറന്‍ സ്പെയിനിലെ സമോറ നഗരത്തില്‍ ജോട്ട സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ ജോട്ടയുടെ സഹോദരനും ഫുട്ബോള്‍ താരവുമായ ആന്ദ്രെ സില്‍വയും (26) മരിച്ചു. സ്പെയിനിലെ പൗരാണിക നഗരമായ വല്ലാഡോളിഡിലെ പലാസിയോസ് ഡി സനാബ്രിയക്ക് സമീപം റെയാസ് ബജാസ് ഹൈവേയില്‍ (എ52) വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം. ഇരുവരും ബെനവെന്റെയിലേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ഇരുവരും സഞ്ചരിച്ച ലംബോര്‍ഗിനി കാറിന്റെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് തീപ്പിടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
രണ്ടാഴ്ച മുന്പാണ് ദീര്‍ഘകാല പങ്കാളിയായ റൂത്ത് കാര്‍ഡോസോയെ ജോട്ട വിവാഹം ചെയ്തത്. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.
2020ല്‍ ലിവര്‍പൂളില്‍ ചേര്‍ന്ന ജോട്ട ക്ലബിനായി 182 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകള്‍ നേടി. കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിന്റെ കിരീട നേട്ടത്തില്‍ ജോട്ട നിര്‍ണായക പങ്ക് വഹിച്ചു. 37 കളികളില്‍ നിന്ന് ഒമ്പത് ഗോളുകളാണ് ജോട്ട നേടിയത്. എവര്‍ട്ടണെതിരായ െഡര്‍ബിയില്‍ വിജയ ഗോള്‍ നേടിയത് ജോട്ടയായിരുന്നു. ലിവര്‍പൂളിനൊപ്പം 2022ല്‍ എഫ് എ കപ്പും 2022ലും 2024ലും ലീഗ് കപ്പുമുയര്‍ത്തി. പോര്‍ച്ചുഗലിനായി 49 മത്സരങ്ങള്‍ കളിച്ചു. 14 ഗോളുകള്‍ നേടി. പോര്‍ച്ചുഗല്‍, യുവേഫ നാഷന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയ രണ്ട് തവണയും ജോട്ട ടീമിലുണ്ടായിരുന്നു. ജൂണ്‍ എട്ടിന് നടന്ന നാഷന്‍സ് ലീഗ് ഫൈനലില്‍ സ്പെയിനിനെതിരെയായിരുന്നു അവസാന അന്താരാഷ്ട്ര മത്സരം. 2019ലാണ് ദേശീയ ടീമിനായി അരങ്ങേറിയത്.
1996 ഡിസംബര്‍ നാലിന് പോര്‍ട്ടോയിലായിരുന്നു ജോട്ടയുടെ ജനനം. പാകോസ് ഡി ഫെറേറയിലൂടെ പ്രഫഷനല്‍ കരിയര്‍ തുടങ്ങിയ ജോട്ട പിന്നീട് സ്പാനിഷ് ക്ലബ് അത്്ലറ്റികോ മാഡ്രിഡിലെത്തി. അവിടെ ശ്രദ്ധേയ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഒരു ലാലിഗ മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. തുടര്‍ന്ന് ലോണ്‍ അടിസ്ഥാനത്തില്‍ പോര്‍ച്ചുഗല്‍ ക്ലബായ പോര്‍ട്ടോയിലെത്തി. 2017ല്‍ ഇംഗ്ലീഷ് ക്ലബ് വോള്‍വര്‍ഹാംപ്്ടന്‍ വാണ്ടറേഴ്സില്‍ ചേക്കേറി. മൂന്ന് സീസണുകള്‍ ക്ലബില്‍ ചെലവഴിച്ച താരം 131 മത്സരങ്ങളില്‍ നിന്ന് 44 ഗോളുകള്‍ നേടി. 2020ല്‍ ആന്‍ഫീല്‍ഡിലെത്തുകയായിരുന്നു.
‘നമുക്ക് രണ്ട് ചാമ്പ്യന്മാരെ നഷ്ടപ്പെട്ടു. അവരുടെ മരണം പോര്‍ച്ചുഗല്‍ ഫുട്ബോളിന് നികത്താനാകാത്ത നഷ്ടമാണ്. അവരുടെ ഓര്‍മകളില്‍ നിലനിര്‍ത്താന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യും’- പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.