Saudi Arabia
ഇറാൻ വിദേശകാര്യ മന്ത്രി സഊദിയിലെത്തി
ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ വെച്ച് സഊദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ഇറാൻ വിദേശകാര്യ മന്ത്രി ഡോ.അബ്ബാസ് അരഘ്ചി കൂടിക്കാഴ്ച നടത്തി.

ജിദ്ദ|പ്രാദേശിക നയതന്ത്ര സമ്മർദ്ദങ്ങൾക്കിടെ മേഖലയിലെ വിവിധ രാജ്യങ്ങളിൽ നടത്തുന്ന ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി സഊദിയിലെത്തിയതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ വെച്ച് സഊദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ഇറാൻ വിദേശകാര്യ മന്ത്രി ഡോ.അബ്ബാസ് അരഘ്ചി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രക്ഷുബ്ധമായ നിലവിലെ സാഹചര്യം മറികടക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയിൽ സഊദി – ഇറാൻ ബന്ധങ്ങളുടെ നിലവിലെ സാഹചര്യങ്ങൾ അവലോകനം ചെയ്ത രാജകുമാരനും അരാഗ്ചിയും മേഖലയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും കൈമാറി.
ഇറാനും ഇസ്റാഈലും തമ്മിലുള്ള നിലവിലെ വെടിനിർത്തൽ കരാർ മെച്ചപ്പെട്ട പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അടിത്തറയിടാൻ സഹായിക്കുമെന്ന രാജ്യത്തിന്റെ പ്രതീക്ഷ കിരീടാവകാശി അടിവരയിട്ടു. നയതന്ത്ര പരിഹാരങ്ങൾക്കായുള്ള സഊദി അറേബ്യയുടെ ദീർഘകാല പിന്തുണ വീണ്ടും ഉറപ്പിച്ചുകൊണ്ട്, പ്രാദേശിക തർക്കങ്ങൾ പരിഹരിക്കുന്നതിലും പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിലും സംഭാഷണത്തിന്റെ പ്രാധാന്യം കിരീടാവകാശി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി
ഇസ്രായേൽ ആക്രമണത്തെ അപലപിച്ച രാജ്യത്തിന്റെ നിലപാടിന് ഇറാൻ വിദേശ കാര്യ മന്ത്രി അരാഗ്ചി നന്ദി പ്രകടിപ്പിക്കുകയും മിഡിൽ ഈസ്റ്റിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പ്രതിബദ്ധതയെ പ്രശംസിക്കുകയും ചെയ്തു. പ്രതിരോധ മന്ത്രി രാജകുമാരൻ ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, വിദേശകാര്യ മന്ത്രി രാജകുമാരൻ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ള, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുസെയ്ദ് ബിൻ മുഹമ്മദ് അൽ-ഐബാൻ എന്നിവരുൾപ്പെടെ നിരവധി മുതിർന്ന സഊദി ഉദ്യോഗസ്ഥരും,ഇറാൻ വിദേശ കാര്യാ മന്ത്രാലയം ഉദ്യോഗസ്ഥരും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.
നേരത്തെ, സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ മക്കയിൽ വെച്ച് ഇറാൻ വിദേശകാര്യ മന്ത്രിയെ സ്വീകരിച്ചിരുന്നു. തുടർന്ന് ഇരുനേതാക്കളും ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്യുകയും പ്രാദേശിക സഹകരണം വളർത്തിയെടുക്കുന്നതിനുള്ള വഴികൾ ചർച്ചചെയ്യുകയും ചെയ്തു. മേഖലയിലെ വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തെയും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള പരസ്പര ശ്രമങ്ങളെയും കുറിച്ചാണ് അവരുടെ ചർച്ചകൾ കേന്ദ്രീകരിച്ചത്.