International
യുക്രൈനില്‍ റഷ്യയുടെ ഏറ്റവും ശക്തമായ വ്യോമാക്രമണം
728 ഡ്രോണുകളും 13 ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചുള്ള രൂക്ഷമായ ആക്രമണ പരമ്പര

കീവ് | റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും ശക്തമായ വ്യോമാക്രമണത്തിന് തങ്ങള്‍ ഇരയായതായി യുക്രൈന്‍. 728 ഡ്രോണുകളും 13 ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചുള്ള രൂക്ഷമായ ആക്രമണത്തിന് രാജ്യം വിധേയമായെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.
സമാധാനം കൈവരിക്കാനും വെടിനിര്‍ത്തല്‍ സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് ശക്തമായ ആക്രമണത്തെ പ്രസിഡന്റ് ശക്തമായി അപലപിച്ചു. റഷ്യ ഏകപക്ഷീയമായി സമാധാന ശ്രമങ്ങളെ തള്ളുകയാണ്.
കീവിലേക്ക് കൂടുതല്‍ ആയുധങ്ങള്‍ അയയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് ശേഷമാണ് റഷ്യ രാത്രിയിലെ കടുത്ത ആക്രമണം നടത്തിയത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ നടപടികളില്‍ ട്രംപ് നിരാശ പ്രകടിപ്പിച്ചു. പുടിന്‍ അമേരിക്കക്കെതിരെ അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അമേരിക്കയുമായി പുടിന്‍ പുലര്‍ത്തുന്ന നല്ല ബന്ധം അര്‍ഥശൂന്യമായി മാറുന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ പ്രതികരണത്തെ റഷ്യ അവഗണിച്ചു. ട്രംപ് പരുഷമായാണ് സംസാരിക്കുന്നതെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. റഷ്യ-യുക്രൈന്‍ യുദ്ധം ഒരുദിവസംകൊണ്ട് അവസാനിപ്പിക്കാന്‍ കഴിയുമെന്ന് നേരത്തെപറഞ്ഞിരുന്ന ട്രംപിന് പ്രായോഗികമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും റഷ്യ പറഞ്ഞു.