Connect with us

National

അഖിലേന്ത്യാ പണിമുടക്ക്; രാജ്യവ്യാപകമായി പ്രതിഷേധം അലയടിച്ചു

കേരളം, ബിഹാര്‍, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പണിമുടക്ക് സമരം കര്‍ശനമായി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ഐക്യ ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് അവസാനിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി 12നാണ് അവസാനിച്ചത്.

കേരളം, ബിഹാര്‍, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പണിമുടക്ക് സമരം കര്‍ശനമായി. വിവിധ സംസ്ഥാനങ്ങള്‍ വ്യവസായ മേഖല സ്തംഭിച്ചു. ബാങ്കിംഗ് സേവനങ്ങളും പോസ്റ്റ് ഓഫീസ് അടക്കമുള്ള മറ്റു സേവനങ്ങളും തടസ്സപ്പെട്ടു. ഐടി മേഖലയിലെ യൂണിയനുകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു. ഐടി പാര്‍ക്കുകളുടെയും സ്‌പെഷ്യല്‍ എക്കണോമിക് സോണുകളുടെയും പ്രവര്‍ത്തനം സാധാരണ നിലയില്‍ തുടര്‍ന്നു.

\കേരളത്തില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. ചുരുക്കം ചില കെ എസ് ആര്‍ ടി സി ബസുകള്‍ നിരത്തിലിറങ്ങിയതല്ലാതെ മറ്റെല്ലാ സര്‍വീസുകളും നിലച്ചു. ബിഹാറില്‍ വന്ദേ ഭാരത് ട്രെയിന്‍ തടഞ്ഞു. ആര്‍ ജെ ഡി കോണ്‍ഗ്രസ് നേതാക്കള്‍ സംയുക്തമായാണ് ട്രെയിന്‍ തടഞ്ഞത്. ബിഹാറില്‍ പണിമുടക്ക് ശക്തമായിരുന്നു. ഹാജിപൂരില്‍ റോഡില്‍ ടയറുകള്‍ കത്തിച്ചു. ഹിമാചല്‍, വിജയവാഡ, ചെന്നൈ, ഹൈദരാബാദ് അടക്കം വിവിധ കേന്ദ്രങ്ങളില്‍ പണിമുടക്കിയ തൊഴിലാളികളുടെ പടുകൂറ്റന്‍ റാലികള്‍ നടന്നു. പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ ബസ് സര്‍വീസുകളെയും പണിമുടക്ക് ബാധിച്ചു. സിലിഗുരിയില്‍ തൊഴിലാളി സംഘടനകള്‍ പ്രതിഷേധിച്ചു. പണിമുടക്ക് നേരിടാന്‍ ഇറങ്ങിയ തൃണമൂല്‍ പ്രവര്‍ത്തകരെ സമരക്കാര്‍ തുരത്തി.
രാജ്യവ്യാപകമായി 25 കോടി തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമായെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചിരുന്നു.ഡല്‍ഹിയില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ വന്‍ തോതില്‍ തൊഴിലാളികള്‍ അണിനിരന്നു. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ജന്ദര്‍ മന്ദറില്‍ പ്രതിഷേധിച്ചു.

കേന്ദ്രസര്‍ക്കാരന്റെ തൊഴിലാളി വിരുദ്ധ, കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായി നടന്ന അഖിലേന്ത്യ പണിമുടക്കില്‍ 10 തൊഴിലാളി യൂണിയനുകളാണ് അണിനിരന്നത്. 17 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രതിഷേധത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എല്ലാ വിഭാഗം തൊഴില്‍ സംഘടനകളും പൊതു ജനങ്ങളും അണിചേര്‍ന്നു. സംയുക്ത കിസാന്‍ മോര്‍ച്ചയും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു. ബി എം എസ് ഒഴികെ രാജ്യത്തെ എല്ലാ പ്രമുഖ ട്രേഡ്യൂണിയനുകളുടെയും മേഖലാതല ഫെഡറേഷനുകളുടെയും അസോസിയേഷനുകളുടെയും ആഭിമുഖ്യത്തിലാണ് പണിമുടക്ക് തുടരുന്നത്. കര്‍ഷകര്‍ കൂടി അണിചേര്‍ന്നോടെ ഓരോ മേഖലയിലെയും പ്രതിഷേധത്തിന്റെ പ്രതിഫലനമായി.

ബാങ്കിങ് മേഖല, ഇന്ത്യാ പോസ്റ്റ്, കല്‍ക്കരി ഖനനം, ഫാക്ടറികള്‍, പൊതുഗതാഗതം എന്നീ മേഖലയില്‍ നിന്നുള്ള തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കാളികളായി. എഐടിയുസി, ഹിന്ദ് മസ്ദൂര്‍ സഭ, സംയുക്ത കിസാന്‍ മോര്‍ച്ച, ഐഎന്‍ടിയുസി, സിഐടിയു, ഓള്‍ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയന്‍ സെന്റര്‍, ട്രേഡ് യൂണിയന്‍ കോര്‍ഡിനേറ്റ് സെന്റര്‍, സെല്‍ഫ് എംപ്ലോയ്ഡ് വുമണ്‍സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് യൂണിയന്‍സ്, ലേബര്‍ പ്രോഗ്രസീവ് ഫെഡറേഷന്‍, യുണൈറ്റഡ് ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകള്‍ പണിമുടക്കില്‍ പങ്കാളികളായി.

യൂണിയനുകള്‍ മുന്നോട്ടുവെച്ച 17 ഇന നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി അവഗണിക്കുകയാണ്. പുതിയതായി കൊണ്ടുവന്ന തൊഴില്‍ നിയമം, സ്വകാര്യവത്കരണം, കരാര്‍ തൊഴില്‍ വ്യാപകമാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഒപ്പം തന്നെ എന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറച്ചിരിക്കയാണ്. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ രാജ്യത്ത് പണിമുടക്ക് നടത്തിയത്.

 

Latest