Kerala
മൂന്നു ജില്ലകളിലായി കുളിക്കാനിറങ്ങിയ മൂന്നു പേര്‍ പുഴയില്‍ മുങ്ങി മരിച്ചു
പാലക്കാടും ഈരാറ്റുപേട്ടയിലും കുളത്തുപ്പുഴയിലുമാണ് അപകടം

തിരുവനന്തപുരം | സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടെ കുളിക്കാനിറങ്ങിയ മൂന്നു പേര്‍ പുഴയില്‍ മുങ്ങിമരിച്ചു. പാലക്കാട് കടമ്പഴിപ്പുറത്ത് ഒഴുക്കില്‍പെട്ട 14കാരി ശിവാനിയും കോട്ടയം ഈരാറ്റുപേട്ടയില്‍ ഒഴുക്കില്‍പെട്ട 18കാരി ഐറിനും കൊല്ലം കുളത്തൂപ്പുഴയില്‍ കയത്തില്‍ വീണ് ഫൈസലെന്ന യുവാവുമാണ് മരിച്ചത്.
ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട അരുവിത്തുറ കൊണ്ടൂര്‍ പാലാത്ത് ജിമ്മി – അനു ദമ്പതികളുടെ മകള്‍ ഐറിന്‍(18) ആണ് മരിച്ചത്. വീടിനു പിന്നിലെ കടവില്‍ സഹോദരിക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിന്‍ ഒഴുക്കില്‍ പെടുകയായിരുന്നു. കുട്ടിയെ കയത്തില്‍ നിന്നെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പാലക്കാട് കടമ്പഴിപ്പുറം അമൃതാലയത്തില്‍ സന്തോഷ് കുമാറിന്റെ മകള്‍ ശിവാനിയും കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടത്തില്‍ പെട്ടത്. കടമ്പഴിപ്പുറം ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ഇന്ന് വൈകീട്ട് അഞ്ചരയോടെ ശ്രീകണ്‌ഠേശ്വരം മണ്ടഴിക്കടവിലായിരുന്നു അപകടം. കുടുംബത്തോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാല്‍വഴുതി ഒഴുക്കില്‍പെടുകയായിരുന്നു. ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ജീവനോടെയാണ് ശിവാനിയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുളത്തുപ്പുഴ ചോഴിയക്കോട് കല്ലടയാറ്റിലെ കയത്തില്‍ വീണാണ് പാലോട് സ്വദേശി ഫൈസല്‍ മരിച്ചത്. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു.