Articles
ശാപ പ്രാർഥനക്കല്ല, കരുണ ചൊരിയാനായി

സർവർക്കും കാരുണ്യമാണ് മുഹമ്മദ് നബിയുടെ നിയോഗമെന്ന് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നുണ്ട്. മുസ്്ലിംകൾക്ക് മാത്രമല്ല മറ്റുള്ളവർക്കും കാരുണ്യമാണ് അവിടുത്തെ നിയോഗമെന്നാണ് പ്രസ്തുത വചനത്തിന്റെ വിവക്ഷയെന്ന് തഫ്‌സീർ ത്വബരി വിശദീകരിക്കുന്നു. ബഹുദൈവ വിശ്വാസികൾക്കെതിരെ പ്രാർഥിക്കാനാവശ്യപ്പെട്ടവർക്ക് അവിടുന്ന് ഇപ്രകാരം മറുപടി നൽകിയല്ലോ: ശാപ പ്രാർഥനക്കല്ല, കരുണ ചെയ്യാനാണ് ഞാൻ നിയോഗിതനായിട്ടുള്ളത് (മുസ്്ലിം). സർവ മനുഷ്യരെയും മനുഷ്യരായി ഉൾക്കൊള്ളുകയും മാനുഷിക പരിഗണന നൽകുകയും വേണമെന്നാണ് മുഹമ്മദ് നബിയുടെ അധ്യാപനം.
ഇസ്്ലാം സത്യമാണ്. എന്നാൽ ഈ സത്യം സ്വീകരിക്കാൻ ബലപ്രയോഗം പറ്റില്ലെന്നും മരണത്തിനപ്പുറമുള്ള ജീവിതത്തിൽ രണ്ടിന്റെയും ഫലം രണ്ടാണെങ്കിലും ഭൗതിക ലോകത്ത് ഇസ്‌ലാം സ്വീകരിക്കാനും നിരസിക്കാനുമുള്ള അവസരമുണ്ടെന്നും നബി (സ്വ) വ്യക്തമാക്കി. വിശുദ്ധ ഖുർആൻ 2-256, 10-99 വചനങ്ങളിൽ ഇത് കാണാവുന്നതാണ്. വർഗീയതയുടെ പേരിൽ, സ്വന്തം സമുദായത്തോടുള്ള താത്പര്യാർഥം ഏതെങ്കിലും വ്യക്തിയോടോ സമുദായത്തോടോ അനീതി ചെയ്തു പോകരുതെന്ന് അവിടുന്ന് താക്കീത് ചെയ്തു. (വിശുദ്ധ ഖുർആൻ 5- 8) അക്രമത്തിനും അനീതിക്കും സ്വന്തം സമുദായാംഗങ്ങളെ പിന്തുണക്കുന്നതും സഹായിക്കുന്നതും വർഗീയതയാണെന്നും വർഗീയതയിലേക്ക് ക്ഷണിക്കുന്നവനും വർഗീയതയുടെ പേരിൽ കലാപമുണ്ടാക്കുന്നവനും വർഗീയതയിൽ മരണം വരിക്കുന്നവനും എന്റെ അനുയായിയല്ലെന്നും മുഹമ്മദ് നബി (സ്വ) പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്).
മറ്റു മനുഷ്യർ തന്റെ കരങ്ങളിൽ നിന്നും നാക്കിൽ നിന്നും സുരക്ഷിതരാകുമ്പോഴാണ് ഒരാൾ ഉത്തമ മുസ്്ലിമാകുന്നതെന്നാണ് അവിടുന്ന് പഠിപ്പിച്ചത്. ഭക്ഷണം, വസ്ത്രം, പാർപ്പിടം, രോഗ ചികിത്സ തുടങ്ങിയ മാനുഷിക കാര്യങ്ങളിൽ അമുസ്്ലിംകൾക്കും സഹായ സഹകരണങ്ങൾ ചെയ്യണമെന്നും മുസ്്ലിമിന് സ്വർഗം ലഭിക്കാനുപകരിക്കുന്ന പുണ്യമാണതെന്നും അനുയായികളെ പഠിപ്പിച്ചു.
മറ്റു മതക്കാരുടെ ആചാരാനുഷ്ഠാന ആഘോഷങ്ങളിൽ മുസ്്ലിം പങ്ക് ചേരരുതെന്ന് തന്നെയാണ് ഇസ്്ലാമിക നിയമം. തെറ്റാണെന്ന് താൻ വിശ്വസിക്കുന്ന കാര്യത്തിലുള്ള പങ്കാളിത്തം സൗഹാർദമല്ല, കാപട്യമാണ്.
എന്നാൽ, ഇസ്്ലാമിന് വിരുദ്ധമായ ആചാരാനുഷ്ഠാനങ്ങളിൽ നിന്ന് അകലം പാലിച്ചു കൊണ്ട് തന്നെ മാനുഷിക കാര്യങ്ങളിൽ എല്ലാവരോടും സഹകരിക്കുകയും നീതിപൂർവകമായി ഇടപെടുകയും ചെയ്യണമെന്ന ബുദ്ധിപരവും പ്രായോഗികവുമായ പാഠങ്ങളാണ് മുഹമ്മദ് നബി (സ്വ) പകർന്നു നൽകിയത്.