Kerala
കാണാതായ വൃദ്ധയെ കാടിനോട് ചേര്‍ന്ന് അവശനിലയില്‍ കണ്ടെത്തി; താങ്ങിയെടുത്ത് റോഡിലെത്തിച്ച് പോലീസ് ഇന്‍സ്‌പെക്ടര്‍
മലയാലപ്പുഴ വടക്കുപുറം നല്ലൂര്‍ തേവള്ളില്‍ കൊല്ലംപറമ്പില്‍ സരസ്വതി (77)യെയാണ് വടക്കുപുറം മീന്‍മുട്ടിക്കല്‍ വെള്ളചാട്ടത്തിനു സമീപം കാടിനോട് ചേര്‍ന്ന് കണ്ടെത്തിയത്.

പത്തനംതിട്ട | കാണാതായ വയോധികയെ കാടിനോട് ചേര്‍ന്ന് അവശനിലയില്‍ കണ്ടെത്തി. മലയാലപ്പുഴ വടക്കുപുറം നല്ലൂര്‍ തേവള്ളില്‍ കൊല്ലംപറമ്പില്‍ സരസ്വതി (77)യെയാണ് മലയാലപ്പുഴ എസ് എച്ച് ഒ. ബി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വടക്കുപുറം മീന്‍മുട്ടിക്കല്‍ വെള്ളചാട്ടത്തിനു സമീപം കാടിനോട് ചേര്‍ന്ന് കണ്ടെത്തിയത്.
കാഴ്ചക്കുറവിന്റെ ബുദ്ധിമുട്ട് അലട്ടുന്ന വയോധിക രണ്ടു പേരുടെ കൈയില്‍ പിടിച്ചെങ്കിലും വേച്ചുവീണുപോകുന്ന അവസ്ഥയിലായിരുന്നു. തുടര്‍ന്ന്, മലയാലപ്പുഴ എസ് എച്ച് ഒ. ബി എസ് ശ്രീജിത്ത് ഇവരെ താങ്ങിയെടുത്ത് കല്ലുകളും ഇറക്കവും കയറ്റവും നിറഞ്ഞ, മുക്കാല്‍ കിലോമീറ്ററോളം നീളുന്ന വഴിയിലൂടെ റോഡിലെത്തിച്ചു. ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷക്ക് ശേഷം മകന്‍ ബിജുവിനൊപ്പം അയക്കുകയും ചെയ്തു.
പതിവുപോലെ രാവിലെ അമ്പലത്തില്‍ പോയ മാതാവ് ഇതുവരെ തിരികെ എത്തിയിട്ടില്ലെന്നുള്ള പരാതിയുമായി ഇന്നലെ വൈകിട്ടോടെയാണ് ഇവരുടെ മകന്‍ ബിജു പോലീസ് സ്റ്റേഷനിലെത്തുന്നത്. ബിജുവിനെയും കൂട്ടി പോലീസ് സംഘം സമീപ പ്രദേശങ്ങളിലെല്ലാം തിരച്ചില്‍ നടത്തി. ഒടുവില്‍ കാടിനോട് ചേര്‍ന്ന് ഏറെ അവശയായ നിലയില്‍ വൃദ്ധയെ കണ്ടെത്തുകയായിരുന്നു. സരസ്വതി തനിച്ചാണ് താമസം. രണ്ടു മക്കളുള്ള ഇവരുടെ ഭര്‍ത്താവ് ഗോപാലന്‍ ആചാരി നേരത്തെ മരിച്ചിരുന്നു. സമീപത്ത് തന്നെയുള്ള വീട്ടില്‍ താമസിക്കുന്ന മകളാണ് ഇവരെ പരിചരിക്കുന്നത്. എസ് സി പി ഒ. അജിത് പ്രസാദ്, സി പി ഒമാരായ അനില്‍, അരുണ്‍ രാജ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.