Connect with us

From the print

ജഗഗില്ലി!

ശുഭ്മൻ ഗില്ലിന് ഇരട്ട സെഞ്ച്വറി 269. ഇന്ത്യക്ക് കൂറ്റൻ സ്കോർ (587). രവീന്ദ്ര ജഡേജ 89. ഇംഗ്ലണ്ട് 77/3.

Published

|

Last Updated

ബെര്‍മിംഗ്ഹാം | കന്നി ഇരട്ട സെഞ്ച്വറിയുമായി നായകന്‍ ശുഭ്മന്‍ ഗില്‍ മിന്നിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 587 റണ്‍സെടുത്തു. 387 പന്തുകള്‍ നേരിട്ട ഗില്‍ 269 റണ്‍സ് നേടി. മൂന്ന് സിക്സും 30 ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. രവീന്ദ്ര ജഡേജ 89 റണ്‍സെടുത്തു. 42 റണ്‍സെടുത്ത വാഷിംഗ്്ടണ്‍ സുന്ദറും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെടുത്തിട്ടുണ്ട്. സാക്ക് ക്രോലി (19), ബെന്‍ ഡക്കറ്റ് (പൂജ്യം), ഒലി പോപ്പ് (പൂജ്യം) എന്നിവരാണ് പുറത്തായത്. ഇന്ത്യക്ക് വേണ്ടി ആകാശ് ദീപ് രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തേ, അഞ്ച് വിക്കറ്റിന് 310 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയെ ഗില്ലും ജഡേജയും ചേര്‍ന്ന് 414 റണ്‍സിലെത്തിച്ചു. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 203 റണ്‍സിന്റെ കുട്ടുകെട്ടുണ്ടാക്കി. ജഡേജയെ പുറത്താക്കി ജോഷ് ടംഗ് ആണ് കൂട്ടുകെട്ട് പൊളിച്ചത്. ടംഗിന്റെ ഒന്നാന്തരമൊരു ഷോര്‍ട്ട് ബോള്‍ പ്രതിരോധിക്കാനുള്ള ജഡേജയുടെ ശ്രമം പാളി. പന്ത് ഗ്ലൗവില്‍ തട്ടി വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്തിന്റെ കൈകളിലെത്തി.

പിന്നീടെത്തിയ വാഷിംഗ്്ടണ്‍ സുന്ദര്‍ ഗില്ലിന് മികച്ച പിന്തുണ നല്‍കി. ഏഴാം വിക്കറ്റില്‍ സഖ്യം 144 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ ഗില്‍ ഇരട്ട സെഞ്ച്വറി തികച്ചു. 311 പന്തുകളില്‍ നിന്നാണ് ഗില്‍ 200ലെത്തിയത്. ഇന്ത്യന്‍ സ്‌കോര്‍ 558ല്‍ നില്‍ക്കെ സുന്ദര്‍ ജോ റൂട്ടിന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങി. വൈകാതെ ഗില്ലും കീഴടങ്ങി. ടംഗിന്റെ പന്തില്‍ ഒലി പോപ്പിന് ക്യാച്ച് നല്‍കിയായിരുന്നു മടക്കം. ആകാശ് ദീപ് (ആറ്), മുഹമ്മദ് സിറാജ് (എട്ട്) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ഇംഗ്ലണ്ടിനായി ശുഐബ് ബശീര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്രിസ് വോക്സ്, ജോഷ് ടംഗ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

ഗവാസ്‌കറെ മറികടന്ന് ഗില്‍
ശുഭ്മന്‍ ഗില്‍ നേടിയ 269 റണ്‍സ് ഇംഗ്ലീഷ് മണ്ണില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്. 1979ല്‍ ഇംഗ്ലണ്ടിനെതിരെ സുനില്‍ ഗവാസ്‌കര്‍ നേടിയ 221 റണ്‍സിന്റെ റെക്കോര്‍ഡാണ് ഗില്‍ മറികടന്നത്. ഇന്ത്യന്‍ നായകന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോര്‍ഡും ഗില്‍ തന്റെ പേരിലാക്കി. 2019ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ അന്ന് നായകനായിരുന്ന വിരാട് കോലി നേടിയ 254 റണ്‍സിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. ഇരട്ട സെഞ്ച്വറി നേടുന്ന ആറാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനാണ് ഗില്‍.

 

---- facebook comment plugin here -----

Latest