Connect with us

Articles

അത് ഭക്ഷണപ്പൊതികളല്ല, മരണക്കെണികളാണ്

വിശന്നു മരിക്കുകയോ അല്ലെങ്കില്‍ ജി എച്ച് എഫ് നടത്തുന്ന വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ ഭക്ഷണത്തിനായി കാത്തുനിന്ന് വെടിയേറ്റ് മരിക്കുകയോ ചെയ്യുക എന്നതല്ലാതെ തങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലെന്ന് ഫലസ്തീനികള്‍ പറയുന്നു. ഗസ്സയില്‍ ഇസ്‌റാഈലിന്റെ സൈനിക ഇടപെടല്‍ എളുപ്പമാക്കാന്‍ മാനുഷിക സഹായ വിതരണം പൂര്‍ണമായും നിയന്ത്രണത്തിലാക്കുന്നതിന് തയ്യാറാക്കിയ പദ്ധതിയാണ് ജി എച്ച് എഫ് സഹായ കേന്ദ്രങ്ങളെന്ന ആരോപണം ശക്തമാണ്.

Published

|

Last Updated

‘ഗസ്സയില്‍ കൊല്ലപ്പെടുന്നവരെ ഖബറടക്കാന്‍ ഇനി ഔദ്യോഗിക ഖബറുകളൊന്നും ഒഴിവില്ല!’ ഇസ്‌റാഈലിന്റെ അടങ്ങാത്ത ചോരക്കെതിക്കെതിരെ എഴുതിയ കുറിപ്പിലെ ആലങ്കാരിക വാക്കുകളല്ലിത്. രക്തസാക്ഷികളെ അടക്കം ചെയ്ത് ഖബറുകള്‍ തീര്‍ന്നുപോയത് സംബന്ധിച്ച് ഖാന്‍ യൂനുസിലെ നാസര്‍ ആശുപത്രിക്ക് സമീപം മോര്‍ച്ചറി മാനേജ്‌മെന്റ്സ്ഥാപിച്ച ബോര്‍ഡിലെ അറിയിപ്പാണിത്.

ഇസ്റാഈല്‍ അധിനിവേശ സേനയുടെ ഗസ്സക്കെതിരായ വംശഹത്യ ലോക മനസ്സാക്ഷിയെ പിടിച്ചുലച്ച് ക്രൂരതയുടെ മൂര്‍ധന്യതയിലെത്തിയിരിക്കുകയാണ്. എല്ലാം നഷ്ടപ്പെട്ട നിരായുധരും പട്ടിണിപ്പാവങ്ങളുമായ സ്ത്രീകളോടും കുട്ടികളോടുമാണ് ആയുധ ബലത്തിന്റെ ഹുങ്ക് അവകാശപ്പെടുന്ന ഇസ്റാഈല്‍ യുദ്ധമെന്ന പേരില്‍ കൊടിയ ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. സന്നദ്ധ സംഘടനകളും ലോക രാഷ്ട്രങ്ങളും നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ പോലും വിതരണത്തിനനുവദിക്കാതെ പട്ടിണിക്കിട്ടും അന്നം തേടിയെത്തുന്നവരെ ഉള്‍പ്പെടെ നിഷ്‌കരുണം വെടിവെച്ചും കൊന്നുതീര്‍ക്കുകയാണ് നരാധമന്മാരായ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്റാഈല്‍ ഭരണകൂടം.

60 ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്‌റാഈല്‍ സമ്മതം മൂളിയെന്ന് യു എസ് പ്രസിഡന്റ്‌ഡൊണാള്‍ഡ് ട്രംപ് പറയുമ്പോഴും ഇസ്‌റാഈലിനെതിരെ ചെറുത്തുനില്‍പ്പ് നടത്തുന്ന ഹമാസിന് നേരെ ഭീഷണി സ്വരമാണ് ഉയര്‍ത്തുന്നത്. ഇസ്‌റാഈലിന് അനുകൂലമായുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിക്കണമെന്നാണ് ട്രംപിന്റെ ഭീഷണി. കരാര്‍ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലതെന്ന് സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്.

സൈനിക ബലവും ആയുധക്കരുത്തുമുള്ള ഇറാനുമായി 11 ദിവസം മാത്രം സംഘര്‍ഷത്തിലേര്‍പ്പെട്ടപ്പോഴേക്കും വെടിനിര്‍ത്തണമെന്ന് കേണപേക്ഷിച്ച ഇസ്റാഈലാണ് പട്ടിണിപ്പാവങ്ങളുടെ മേല്‍ രണ്ട് വര്‍ഷത്തോളമായി നിരന്തരം ബോംബ് വര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. കൊടിയ ക്രൂരതക്ക് മുമ്പിലും ഫലസ്തീനെന്ന രാഷ്ട്രത്തിനായി, പിറന്ന നാടിന്റെ മോചനത്തിനായി അവസാന ശ്വാസം വരെയും നിലകൊള്ളുകയാണ് ആബാലവൃദ്ധം ഫലസ്തീനികളും. പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ശിശു ഫോര്‍മുലയുടെ വിതരണം വരെ ഇസ്റാഈല്‍ സേന സമ്പൂര്‍ണമായി തടസ്സപ്പെടുത്തിയെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അല്‍ജസീറയുടെ റിപോര്‍ട്ട്. ഇതോടെ ആയിരത്തിലേറെ കുഞ്ഞുങ്ങള്‍ മരണത്തോട് മല്ലടിക്കുകയാണ്. മിക്ക കുട്ടികളുടെയും മാതാവുള്‍പ്പെടെ വംശഹത്യയില്‍ കൊല്ലപ്പെടുകയോ ഗുരുതര പരുക്കേല്‍ക്കുകയോ ചെയ്തവരാണ്. ഭക്ഷണവും വെള്ളവും ആവശ്യത്തിന് ലഭിക്കാതായതോടെ പ്രസവിച്ച ഉമ്മമാര്‍ക്ക് മുലപ്പാല്‍ പോലും വറ്റിപ്പോകുന്നുവെന്ന ഭയാനകമായ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനാല്‍ കുഞ്ഞുങ്ങളുടെ ഏക ആശ്രയമായിരുന്നു ശിശു ഫോര്‍മുല. ഇതിന്റെ കൂടി വിതരണമാണ് ഇസ്‌റാഈല്‍ സേന തടഞ്ഞിരിക്കുന്നത്. പോഷകാഹാരക്കുറവ് മൂലം കുറഞ്ഞത് 66 കുട്ടികള്‍ അടുത്തിടെ മരിച്ചതായും ഫലസ്തീന്‍ ആരോഗ്യ വിഭാഗം പറയുന്നു.

മാര്‍ച്ച് വരെ സമ്പൂര്‍ണ ഉപരോധമേര്‍പ്പെടുത്തി, മാനുഷിക സഹായവുമായെത്തിയ ആയിരക്കണക്കിന് ട്രക്കുകളെ ഗസ്സയിലേക്ക് കടത്തിവിടാതിരുന്ന ഇസ്റാഈല്‍ നാമമാത്ര സഹായ വിതരണമേ ഇപ്പോഴും അനുവദിച്ചിട്ടുള്ളൂ. കൂടുതല്‍ പട്ടിണി മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തപ്പോഴാണ് അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ താങ്ങാനാകാതെ പേരിന് മാത്രം സഹായ വിതരണം തുടങ്ങിയത്. എന്നാല്‍ ഇതിന്റെ മറവില്‍ പട്ടിണിപ്പാവങ്ങളെ വെടിവെച്ച് കൊന്നുതീര്‍ക്കുന്നതായിരുന്നു പിന്നീടുള്ള ദിനങ്ങളില്‍ ലോകം കണ്ടത്. ജൂണ്‍ 13ന് ഇറാനില്‍ ഇസ്റാഈല്‍ ബോംബാക്രമണം ആരംഭിച്ചതിന് ശേഷമുള്ള 12 ദിവസത്തിനിടെ മാത്രം 860 പേരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 549 പേരും മരിച്ചത് ഭക്ഷണ വിതരണ കേന്ദ്രത്തിലെ വെടിവെപ്പിലായിരുന്നു.

ഗസ്സയില്‍ സഹായ വിതരണ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ തടിച്ചുകൂടി നില്‍ക്കുന്ന നിരായുധരും നിസ്സഹായരുമായ മനുഷ്യര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ തങ്ങള്‍ക്ക് ഉത്തരവ് ലഭിച്ചിരുന്നതായി ഇസ്റാഈല്‍ സൈനികര്‍ തന്നെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഗസ്സയിലെ വിതരണ കേന്ദ്രങ്ങളില്‍ സഹായം തേടിയെത്തുന്ന ജനക്കൂട്ടം ഭീഷണിയല്ലെങ്കില്‍ പോലും അവരെ വെടിയുതിര്‍ക്കാന്‍ തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നുവെന്നാണ് സൈനികരെ ഉദ്ധരിച്ച് ഇസ്റാഈല്‍ ദിനപത്രമായ ഹാരെറ്റ്സ് റിപോര്‍ട്ട് ചെയ്തത്. ജനക്കൂട്ടത്തെ പിരിച്ചുവിടാനോ അടുത്ത് വരുന്നത് തടയാനോ വേണ്ടി സൈന്യം വെടിയുതിര്‍ത്തതായാണ് റിപോര്‍ട്ടില്‍ പറയുന്നത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മാരകമല്ലാത്ത മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം വെടിയുതിര്‍ക്കുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കലാപ നിയന്ത്രണ സംവിധാനങ്ങളോ കണ്ണീര്‍ വാതകമോ പ്രയോഗിക്കുന്നതിന് പകരമാണ് മെഷീന്‍ ഗണ്‍, ഗ്രനേഡ് ലോഞ്ചര്‍, മോര്‍ട്ടറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ആയുധങ്ങള്‍ പ്രയോഗിച്ചതെന്നും സൈനികര്‍ വെളിപ്പെടുത്തുന്നു.

മേയ് അവസാനം മുതല്‍ അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും നേതൃത്വത്തില്‍ ജി എച്ച് എഫ് (ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍) എന്ന സന്നദ്ധ സംഘടനയുടെ താത്കാലിക സഹായ കേന്ദ്രങ്ങള്‍ ആരംഭിച്ചത് മുതല്‍ ഭക്ഷണം തേടിയെത്തുന്നവരെ വെടിവെച്ചു കൊല്ലുന്നത് പതിവാണ്. ജി എച്ച് എഫിന്റെ പ്രവര്‍ത്തനം തുടക്കം മുതല്‍ തന്നെ നിഗൂഢത ഉണര്‍ത്തുന്നതായിരുന്നു. ഭക്ഷ്യകേന്ദ്രങ്ങളില്‍ പതിവായി അക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും ജീവനക്കാര്‍ക്ക് യുദ്ധക്കുറ്റങ്ങള്‍ക്ക് ക്രിമിനല്‍ ബാധ്യത ഉണ്ടാകാമെന്നും മനുഷ്യാവകാശ അഭിഭാഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും യു എസ് ഈ സഹായ ഗ്രൂപ്പിന് 30 മില്യണ്‍ ഡോളര്‍ ഫണ്ട് അനുവദിച്ചു. ഈ വിതരണ കേന്ദ്രങ്ങള്‍ ഇപ്പോള്‍ ഫലസ്തീനികള്‍ക്ക് മരണക്കെണിയായി മാറിയിരിക്കുകയാണെന്ന് ഗസ്സക്കാരും ഹമാസും പറയുന്നു. നേരത്തേ ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള സന്നദ്ധ സംഘടനകളുള്‍പ്പെടെ സഹായ കേന്ദ്രങ്ങളില്‍ സേവനം ചെയ്യുന്നവരെ പുറത്താക്കിയാണ് ഉപരോധത്തിന് ശേഷം ഇസ്റാഈല്‍ സേന സഹായ കേന്ദ്രങ്ങളുടെ നിയന്ത്രണം സമ്പൂര്‍ണമായി ഏറ്റെടുത്തത്. യു എന്‍ വഴിയുള്ള സഹായ വിതരണത്തെ മറികടക്കാനുള്ള നീക്കത്തിനെതിരെ അന്താരാഷ്ട്ര സമൂഹവും രംഗത്തെത്തിയിരുന്നു. ഇതൊരു ചതിയാണെന്ന് അന്ന് തന്നെ ഗസ്സയിലെ ഹമാസ് നേതൃത്വം ആരോപിച്ചതാണ്.

വിശന്നു മരിക്കുകയോ അല്ലെങ്കില്‍ ജി എച്ച് എഫ് നടത്തുന്ന വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ ഭക്ഷണത്തിനായി കാത്തുനിന്ന് വെടിയേറ്റ് മരിക്കുകയോ ചെയ്യുക എന്നതല്ലാതെ തങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലെന്ന് ഫലസ്തീനികള്‍ പറയുന്നു. ഗസ്സയില്‍ ഇസ്‌റാഈല്‍ സൈനിക ഇടപെടല്‍ എളുപ്പമാക്കാന്‍ മാനുഷിക സഹായ വിതരണം പൂര്‍ണമായും നിയന്ത്രണത്തിലാക്കുന്നതിന് തയ്യാറാക്കിയ പദ്ധതിയാണ് ജി എച്ച് എഫ് സഹായ കേന്ദ്രങ്ങളെന്ന ആരോപണം ശക്തമാണ്. മാനുഷിക സഹായത്തിന്റെ വേഷം കെട്ടിയുള്ള കൂട്ടക്കൊല എന്നാണ് മെഡിക്കല്‍ ചാരിറ്റിയായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് എന്ന സംഘടന ഇതിനെ വിശേഷിപ്പിച്ചത്. ഫലസ്തീനികളുടെ ജീവന്‍ അപകടത്തിലാക്കുന്ന പ്രവര്‍ത്തനമാണ് ജി എച്ച് എഫ് നടത്തുന്നതെന്നാണ് ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു എന്‍ ഏജന്‍സിയായ യു എന്‍ ആര്‍ ഡബ്ല്യു എ ചൂണ്ടിക്കാട്ടിയത്.

അര്‍ബുദ രോഗികള്‍ക്ക് വേദനസംഹാരിയായി ഡോക്ടര്‍മാര്‍ എഴുതുന്ന ഓക്‌സികോഡോണ്‍ എന്ന മയക്കുമരുന്ന് ജി എച്ച് എഫ് വിതരണം ചെയ്യുന്ന ധാന്യപ്പൊടിയുടെ ബാഗില്‍ കണ്ടെത്തിയതും കഴിഞ്ഞ വാരമാണ്. തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന മരുന്ന് ധാന്യപ്പൊടികളില്‍ ചേര്‍ത്ത നിലയിലാണെന്നത് ക്രൂരതയുടെ അങ്ങേയറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഗസ്സയിലെ ഉപരോധത്തിന് ഇളവ് നല്‍കുന്നുവെന്ന പേരില്‍ ആരംഭിച്ച സഹായ വിതരണത്തിന്റെ മറവിലാണ് ഈ മരണക്കെണിയെല്ലാം.

അന്താരാഷ്ട്ര സമ്മര്‍ദങ്ങളെയൊന്നാകെ അവഗണിച്ചാണ് ഇസ്റാഈല്‍ ഭരണകൂടം ക്രൂരത അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. ഒരു വിഭാഗം ഇസ്റാഈല്‍ ജനത ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗസ്സ ആക്രമണത്തിനെതിരെയും ഹമാസ് ബന്ധികളാക്കിയ ഇസ്റാഈലികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടും രംഗത്തെത്തിക്കഴിഞ്ഞു. ഇറാന്‍ ഇസ്റാഈലിനെ ആക്രമിച്ചപ്പോഴേക്കും പൊള്ളിയ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്, അറബ് രാഷ്ട്രങ്ങളെ പ്രീതിപ്പെടുത്താന്‍ ഇടക്കിടെ വെടിനിര്‍ത്തല്‍ നടത്തുമെന്ന ഗീര്‍വാണത്തിനപ്പുറം ഗസ്സയില്‍ ഇസ്റാഈല്‍ നടത്തുന്ന ക്രൂരതയെ കുറിച്ച് വാക്കുകളില്ല.

ഇസ്‌റാഈലിന്റെ ഗസ്സാ വംശഹത്യ അവസാനിപ്പിക്കുകയും ഇസ്‌റാഈല്‍ സൈന്യത്തെ പിന്‍വലിക്കുകയും ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുകയും ചെയ്താല്‍ ഇസ്‌റാഈലി ബന്ദികളെ മുഴുവനായി മോചിപ്പിക്കാന്‍ തയ്യാറാണെന്ന് ഹമാസ് ഇപ്പോഴും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. എന്നാല്‍ നെതന്യാഹു ഭാഗികമായ കരാറുകളില്‍ ഉറച്ചുനിന്ന് ഫലസ്തീന്‍ വിഭാഗങ്ങളുടെ നിരായുധീകരണം ഉള്‍പ്പെടെയുള്ള പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി വെടിനിര്‍ത്തല്‍ കരാറിനെ അട്ടിമറിക്കുകയാണ്.

കാലങ്ങളായി ഫലസ്തീന്‍ ജനതക്ക് മേല്‍ ഇസ്‌റാഈല്‍ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതയില്‍ സഹികെട്ടാണ് 2023 ഒക്ടോബര്‍ ഏഴിന്, തങ്ങളുടെ അറിവോടെയല്ലാതെ ഒരു ഈച്ച പോലും കടക്കില്ലെന്ന ആത്മവിശ്വാസത്തിലുള്ള സാങ്കേതിക വിദ്യകളുടെയും ഒന്നാംനിര രഹസ്യാന്വേഷണ ഏജന്‍സിയെന്ന് അവകാശപ്പെടുന്ന മൊസാദിന്റെയും കണ്ണുവെട്ടിച്ച് ഗസ്സയിലെ ചെറിയ സംഘടനയായ ഹമാസ് ചെറുത്തുനില്‍പ്പെന്ന രീതിയില്‍ അതിശക്തമായ ആക്രമണം അഴിച്ചുവിട്ടത്. അതിനുള്ള പ്രതികാരമാണ് നിരായുധരായ കുട്ടികളും സ്ത്രീകളുമുള്‍ക്കൊള്ളുന്ന സാധാരണക്കാര്‍ക്ക് നേരെ ഇപ്പോഴും ഇസ്‌റാഈല്‍ വീട്ടിക്കൊണ്ടിരിക്കുന്നത്. ഇസ്‌റാഈല്‍ ആക്രമണം എല്ലാ അതിര്‍വരമ്പുകളും കടന്ന് ഫലസ്തീന്‍ വംശഹത്യയിലേക്ക് എത്തിക്കഴിഞ്ഞു. ഗസ്സയില്‍ കൊടുംക്രൂരത അഴിച്ചുവിടാന്‍ അധിനിവേശ സേനക്കായെങ്കിലും, യുദ്ധപ്രഖ്യാപനമായി നെതന്യാഹു പറഞ്ഞ, ഹമാസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യം ഇപ്പോഴും നടന്നിട്ടില്ല.

 

Latest