Kerala
ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്‌പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍
അരുവിക്കര സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ അല്‍ അസര്‍ (35), നൗഷാദ് (31) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
തിരുവനന്തപുരം| ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്‌പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമിച്ച ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍. അരുവിക്കര സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ അല്‍ അസര്‍ (35), നൗഷാദ് (31) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. മുണ്ടേല സ്വദേശിയായ സുലോചനയുടെ മാലയാണ് ഇരുവരും പൊട്ടിക്കാന്‍ ശ്രമിച്ചത്.
വീട്ടില്‍ പോകാനായി നെടുമങ്ങാട്ട് നില്‍ക്കുകയായിരുന്ന സുലോചനയുടെ അടുത്ത് ഓട്ടോറിക്ഷയുമായെത്തിയ പ്രതികള്‍ മുണ്ടേലയിലേക്കു പോകുന്നെന്ന് പറഞ്ഞു. ഇതോടെ സുലോചന ഓട്ടോയില്‍ കയറി. കൊക്കോതമംഗലത്ത് ഓട്ടോ എത്തിയപ്പോള്‍ ഇവര്‍ സുലോചനയുടെ മുഖത്ത് പെപ്പര്‍ സ്‌പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമിച്ചു. സ്ത്രീയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ നൗഷാദിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഓട്ടോ ഡ്രൈവര്‍ അല്‍ അസര്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ പിന്നീട് അരുവിക്കര പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.



