Kerala
ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്തു
സ്വര്‍ണക്കൊള്ളയില്‍ തനിക്ക് പങ്കില്ലെന്ന് എന്‍ വാസു
തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്തു പ്രത്യേക അന്വേഷണസംഘം. സ്വര്‍ണക്കൊള്ളയില്‍ തനിക്ക് പങ്കില്ലെന്നാണ് എന്‍ വാസു അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. തന്റെ അറിവോടെയല്ല സ്വര്‍ണം പൂശാനായി കൊണ്ടുപോയതെന്നും വാസു മൊഴി നല്‍കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
നേരത്തെ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി വ്യക്തിപരമായ ബന്ധമില്ലെന്നും സ്വര്‍ണപാളി കൊണ്ട് പോകുന്നത് തന്റെ കാലയളവില്‍ അല്ലെന്നും എന്‍. വാസു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്വര്‍ണ പാളി കൊണ്ട് പോകുന്നത് തന്റെ കാലയളവില്‍ അല്ല. അതുകൊണ്ടാണ് വിഷയത്തില്‍ അഭിപ്രായം പറയാതിരുന്നത്. സ്‌പോണ്‍സര്‍ എന്ന നിലയിലാണ് പോറ്റിയെ പരിചയമുള്ളത്. നിരവധി സ്‌പോണ്‍സര്‍മാര്‍ ശബരിമലയില്‍ ഉണ്ടാകാറുണ്ട്. അവരെ പറ്റി കൂടുതല്‍ അന്വേഷണം നടത്തല്‍ പ്രായോഗികമല്ലെന്നും എന്‍ വാസു പറഞ്ഞിരുന്നു.
അതേസമയം ശബരിമലയിലെ കട്ടിള പാളിയിലെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തിയേക്കും. ഈ കേസിലും പോറ്റിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതിനായി കസ്റ്റഡി അപേക്ഷ നല്‍കും.



