Connect with us

From the print

കോട്ടയം മെഡി. കോളജ് അപകടം; രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ച മന്ത്രിമാര്‍ രാജിവെക്കണം: പ്രതിപക്ഷം

സ്ത്രീ മരിക്കാനിടയായത് ദൗര്‍ഭാഗ്യകരമാണെന്നും രക്ഷാപ്രവര്‍ത്തനം നടന്നില്ലെന്നതാണ് ഏറ്റവും സങ്കടകരമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

Published

|

Last Updated

തിരുവനന്തപുരം | കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണിട്ടും രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചതില്‍ മന്ത്രിമാര്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം. സ്ത്രീ മരിക്കാനിടയായത് ദൗര്‍ഭാഗ്യകരമാണെന്നും രക്ഷാപ്രവര്‍ത്തനം നടന്നില്ലെന്നതാണ് ഏറ്റവും സങ്കടകരമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

സ്ഥലത്തെത്തിയ ആരോഗ്യ മന്ത്രിയും സഹകരണ മന്ത്രിയും പറഞ്ഞത്, കെട്ടിടം അടഞ്ഞുകിടക്കുന്നതാണെന്നും അതിനകത്ത് ആരുമില്ലെന്നുമാണ്. അതിനാലാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയത്. രാവിലെയും ആ കെട്ടിടത്തില്‍ നിരവധി പേര്‍ പോകുകയും ശുചിമുറി ഉള്‍പ്പെടെ ഉപയോഗിക്കുകയും ചെയ്തിരുന്നതായി രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നുണ്ട്. എന്നിട്ടും എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ്, കെട്ടിടം ഉപയോഗിക്കുന്നതല്ലെന്നും അതിനകത്ത് ആരുമില്ലെന്നും മന്ത്രിമാര്‍ പറഞ്ഞത്? തെറ്റായ വിവരം പറഞ്ഞ ആരോഗ്യമന്ത്രിയാണ് രക്ഷാപ്രവര്‍ത്തനം ഇല്ലാതാക്കിയത്. ഒരു ന്യായീകരണവുമില്ലാത്ത ഗുരുതര തെറ്റാണ് മന്ത്രി ചെയ്തതെന്നും അവര്‍ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മന്ത്രിമാര്‍ക്ക് വീഴ്ച
ന്യൂഡല്‍ഹി | കോട്ടയം മെഡിക്കല്‍ കോളജില്‍ രക്ഷാപ്രവര്‍ത്തനം വൈകിയ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. സംഭവ സ്ഥലത്തെത്തിയ മന്ത്രിമാരായ വീണാ ജോര്‍ജും വി എന്‍ വാസവനും നിജസ്ഥിതി പരിശോധിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തിയ ശേഷമായിരുന്നു പ്രതികരണം നടത്തേണ്ടിയിരുന്നത്. തകര്‍ന്ന കെട്ടിടത്തില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ തന്നെ പറഞ്ഞത് രക്ഷാപ്രവര്‍ത്തനത്തില്‍ കാലതാമസമുണ്ടാക്കി. ഇത് മന്ത്രിമാരുടെ ഭാഗത്ത് നിന്നുണ്ടായ പാകപ്പിഴവാണെന്നും വേണുഗോപാല്‍ പറഞ്ഞു.

സമഗ്രാന്വേഷണം വേണം
കണ്ണൂര്‍ | കോട്ടയം മെഡിക്കല്‍ കോളജ് സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. കെട്ടിടം തകര്‍ന്ന സംഭവത്തില്‍ മന്ത്രിമാര്‍ നടത്തുന്ന ന്യായീകരണം വിലപ്പോകില്ല. ആരോഗ്യ മേഖലയിലെ പ്രതിസന്ധി കേരളത്തില്‍ രൂക്ഷമാകുകയാണ്. സര്‍ക്കാറിന്റെ നിരുത്തരവാദ സമീപനത്തിനെതിരെ കോണ്‍ഗ്രസ്സ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

ആരോഗ്യമന്ത്രി പരാജയം
പത്തനംതിട്ട | ആരോഗ്യ മന്ത്രി പരാജയമാണെന്നതിലേക്കാണ് ഓരോ സംഭവവും വിരല്‍ചൂണ്ടുന്നതെന്ന് കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. സംവിധാനത്തിന്റെ തകരാറാണ് ആരോഗ്യ വകുപ്പിലുള്ളതെന്ന് മന്ത്രി തന്നെ സമ്മതിച്ച സാഹചര്യത്തില്‍ അവര്‍ രാജിവെച്ചുപോകണം. കോട്ടയം സംഭവം വകുപ്പിന്റെ ദയനീയതയാണ് പുറത്തുകാട്ടുന്നതെന്നും ചെന്നിത്തല പറഞ്ഞു.

അപമാനകരം
കണ്ണൂര്‍ | കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവം സംസ്ഥാനത്തിന് അപമാനമാണെന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം കെ സുധാകരന്‍.
ഗവ. മെഡിക്കല്‍ കോളജില്‍ നടന്ന ദാരുണ സംഭവത്തില്‍ നിന്ന് ആരോഗ്യ വകുപ്പിന് ഒഴിഞ്ഞുമാറാനാകില്ല. പി ആര്‍ ഏജന്‍സികള്‍ ഊതിവീര്‍പ്പിച്ച ബലൂണിന്റെ പുറത്തിരുന്ന് ഭരണം നടത്തുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ അടിയന്തരമായി ആരോഗ്യ മന്ത്രിയെ പുറത്താക്കി കേരളത്തിന്റെ ആരോഗ്യവകുപ്പിനെ രക്ഷിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

 

Latest