From the print
ഗുണ്ടകളെ പൂട്ടാന്‍ കടുത്ത നടപടിയുമായി പോലീസ്; എച്ച് വെങ്കിടേഷിന് ചുമതല
സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കും. രാത്രികാല പട്രോളിംഗ് ശക്തമാക്കും.

തിരുവനന്തപുരം | സംസ്ഥാനത്ത് ക്രമസമാധാനപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഗുണ്ടകളെ പൂട്ടാന്‍ കടുത്ത നടപടിക്കൊരുങ്ങി പോലീസ്. പുതിയ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നത്. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി. എച്ച് വെങ്കിടേഷിനാണ് നടപടികളുടെ ചുമതല നല്‍കിയിരിക്കുന്നത്. ഗുണ്ടകളോട് വിട്ടുവീഴ്ച വേണ്ടെന്നാണ് പോലീസ് മേധാവിയുടെ നിര്‍ദേശം. തൃശൂരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന ഗുണ്ടാ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
നടപടികളുടെ ഭാഗമായി സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കാനും റേഞ്ച് ഡി ഐ ജിമാരുടെ നേതൃത്വത്തില്‍ രാത്രികാല പട്രോളിംഗ് ശക്തമാക്കാനും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃശൂര്‍ ഡി ഐ ജി. എസ് ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള നടപടികള്‍ മാതൃകയാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം. സ്ഥിരം കുറ്റവാളികളുടെയും കുറ്റം ചുമത്തപ്പെട്ടവരുടെയും പ്രവര്‍ത്തനങ്ങള്‍ പോലീസ് കര്‍ശനമായി നിരീക്ഷിക്കും. ഡിവൈ എസ് പിമാരുടെ നേതൃത്വത്തില്‍ രാത്രികാല പട്രോളിംഗ് ശക്തമാക്കും. ജില്ലാതലത്തില്‍ ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ സ്ട്രൈക്കിംഗ് ടീം ഉണ്ടാക്കും.
ബ് ഡിവിഷനില്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലും സ്ട്രൈക്കിംഗ് ടീം രൂപവത്കരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രി കാലങ്ങളില്‍ സ്ട്രൈക്കിംഗ് ടീം പൂര്‍ണ സജ്ജമായിരിക്കണമെന്നും ഒപ്പം ഈ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പോലീസ് മേധാവിമാര്‍ പ്രതിദിനം വിലയിരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 28ന് തൃശൂരില്‍ ലഹരിപ്പാര്‍ട്ടിക്കിടെ ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം നടന്നിരുന്നു. കൊലക്കേസ് പ്രതി ബ്രഹ്മജിത്തിന്റെ നേതൃത്വത്തിലായിരുന്നു പോലീസിനെതിരെ ആക്രമണം നടന്നത്. നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. ഗ്രേഡ് എസ് ഐ ജയന്‍, സീനിയര്‍ സി പി ഒ അജു, സി പി ഒമാരായ ഷനോജ്, ശ്യാം എന്നിവര്‍ക്കാണ് പരുക്കേറ്റത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഒന്നിലേറെ പോലീസ് വാഹനങ്ങള്‍ തകര്‍ന്നിരുന്നു. തൃശൂര്‍ നല്ലെങ്കരയില്‍ സഹോദരങ്ങളായ അല്‍ത്വാഫും അഹദും സംഘടിപ്പിച്ച ബെര്‍ത്ത്ഡേ പാര്‍ട്ടിയെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. സുഹൃത്തുക്കളായ ബ്രഹ്മജിത്തും എബിനും അഷ്ലിനും ഷാര്‍ബലും ബെര്‍ത്ത് ഡേ പാര്‍ട്ടിക്ക് എത്തിയിരുന്നു. അല്‍ത്വാഫിന്റെ വീടിന് അടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍ നടന്ന പാര്‍ട്ടിക്കിടെ സംഘം ലഹരി ഉപയോഗിച്ചു. പിന്നീട് വീട്ടിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉടലെടുക്കുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
അല്‍ത്വാഫിന്റെ വീടിന് സമീപത്തേക്ക് എത്തിയ സംഘം തുടര്‍ന്ന് ഏറ്റുമുട്ടി. അല്‍ത്വാഫിന്റെ മാതാവ് തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെ സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു.