Kerala
സാമൂഹികാധിഷ്ഠിത സാന്ത്വന പരിചരണ പദ്ധതി; കേരള മോഡല്‍ നടപ്പിലാക്കാന്‍ ഹിമാചല്‍ പ്രദേശ്
പദ്ധതി ഹിമാചല്‍ പ്രദേശിലും നടപ്പിലാക്കാന്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം | കേരളത്തിലെ സാമൂഹികാധിഷ്ഠിത സാന്ത്വന പരിചരണ പദ്ധതി മാതൃകയാക്കി ഹിമാചല്‍ പ്രദേശ്. പദ്ധതി ഹിമാചല്‍ പ്രദേശിലും നടപ്പിലാക്കാന്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഹിമാചല്‍ പ്രദേശിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും കേരള മോഡല്‍ പാലിയേറ്റീവ് കെയര്‍ നടപ്പിലാക്കാനാണ് തീരുമാനം. ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്നും ഒരു ഡോക്ടര്‍, ഒരു നഴ്സ് വീതം 70 ഡോക്ടര്‍മാര്‍ക്കും 70 നഴ്സുമാര്‍ക്കും പരിശീലനം നല്‍കും. ആദ്യഘട്ടമെന്ന നിലയില്‍ 15 ഡോക്ടര്‍മാര്‍ക്കും 15 നഴ്സുമാര്‍ക്കും 10 ദിവസത്തെ പരിശീലനം നല്‍കി. പരിശീലനത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുത്ത് മന്ത്രി സംസാരിക്കുകയും പങ്കെടുത്ത ടീം അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു.
ഹിമാചല്‍ പ്രദേശ് ആരോഗ്യ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് സെക്രട്ടറി, എന്‍ എച്ച് എം മിഷന്‍ ഡയറക്ടര്‍ എന്നിവരുടെ സംഘം സാന്ത്വന പരിചരണ സംവിധാനം പഠിക്കുന്നതിന് അടുത്തിടെ കേരളത്തില്‍ എത്തിയിരുന്നു.