Kerala
യുവ നടി ഉയര്‍ത്തിയ ലൈംഗിക ആരോപണം; പ്രതികരിക്കാതെ സണ്ണിജോസഫ്, പ്രതിഷേധവുമായി ബി ജെ പി
ആ തെമ്മാടി പാര്‍ട്ടിയില്‍ ഇതല്ല ഇതിനപ്പുറവും നടക്കുമെന്ന് ഡോ. പി സരിന്‍

തിരുവനന്തപുരം | യുവനേതാവിനെതിരായ യുവ നടി ഉയര്‍ത്തിയ ലൈംഗിക ആരോപണത്തെക്കുറിച്ചു പ്രതികരിക്കാതെ കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. വിഷയത്തെ കുറിച്ച് അറിയില്ലെന്നും ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
യുവ നേതാവില്‍ നിന്ന് ലൈംഗിക ദുരനുഭവമുണ്ടായി. അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും നക്ഷത്ര ഹോട്ടലിലേക്ക് ക്ഷണിച്ചു എന്നുമായിരുന്നു യുവ നടി റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തല്‍.പ്രതിപക്ഷ നേതാവിനോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണ വിധേയന് ഹു കെയേഴ്‌സ് എന്ന നിലപാടാണെന്നും യുവ നടി പറഞ്ഞു. പാര്‍ട്ടിയിലെ പല സ്ത്രീകള്‍ക്കും ദുരനുഭവമുണ്ടായി. അവര്‍ കാര്യങ്ങള്‍ തുറന്നു പറയണം.
ധാര്‍മികതയുണ്ടെങ്കില്‍ നേതൃത്വം നടപടിയെടുക്കണം പാര്‍ട്ടിയോടുള്ള ആഭിമുഖ്യം കൊണ്ടാണ് പാര്‍ട്ടിയുടേയും നേതാവിന്റേയും പേരു പറയാത്തത്. സംഭവം പുറത്തു പറയുമെന്ന് പറഞ്ഞപ്പോള്‍ പോയി പറയൂ എന്നായിരുന്നു യുവ നേതാവില്‍ നിന്ന് ലഭിച്ച മറുപടിയെന്നും റിനി പറയുന്നു.
നടിയുടെ ആരോപണത്തെ തുടര്‍ന്ന് പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി ബി ജെ പി രംഗത്തുവന്നു. പാലക്കാട്ടെ എം എല്‍ എ ഓഫീസിലേക്ക് ബി ജെ പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. എംഎല്‍എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി. തുടര്‍ന്നു പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
യുവനേതാവിനെതിരായ നടിയുടെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് വിട്ട് സി പി എമ്മില്‍ ചേര്‍ന്ന ഡോ. പി സരിന്‍. ആ തെമ്മാടി പാര്‍ട്ടിയില്‍ ഇതല്ല ഇതിനപ്പുറവും നടക്കുമെന്നാണ് കേരള സമൂഹം വിലയിരുത്തേണ്ടതെന്ന് സരിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ആരാണയാള്‍ എന്നതിനുമപ്പുറം, ഒരു പെണ്‍കുട്ടി ഏറ്റുവാങ്ങേണ്ടി വന്ന ദുരനുഭവങ്ങളാണ് ഇതൊക്കെ എന്നതാണ് ആദ്യമായി നമ്മളോരോരുത്തരേയും ചൊടിപ്പിക്കേണ്ടത്. അയാളിനി ആരു തന്നെയായാലും, അതിനൊക്കെ ഒത്താശ ചെയ്തവരും കൂട്ടു നിന്നവരും മൗനം പാലിച്ചവരും ആരൊക്കെയാണെന്നും എന്തിനുവേണ്ടിയായിരിക്കും എന്നുമൊക്കെ ആലോചിക്കുമ്പോഴാണ് കൂടുതല്‍ ചെടിപ്പുണ്ടാകുന്നതെന്നും സരിന്‍ കുറിച്ചു.