Connect with us

Articles

വിദ്വേഷ പ്രചാരകര്‍ക്ക് മംദാനി തിരിച്ചുനല്‍കിയത്

സയണിസ്റ്റ് നിയന്ത്രണത്തിലുള്ള യു എസിലെ ഭൂരിപക്ഷം മാധ്യമങ്ങളും സഹ്റാന്‍ മംദാനിയുടെ വിജയം ന്യൂയോര്‍ക്ക് സിറ്റിയെ ഇരുണ്ട യുഗത്തിലേക്ക് കൊണ്ടെത്തിക്കുമെന്ന് പ്രവചിക്കുന്നു. അമേരിക്കയുടെ സാമ്പ്രദായിക രാഷ്ട്രീയത്തിനെതിരെ കലാപക്കൊടിയുയര്‍ത്തിയ മംദാനിയുടെ വിജയം അവര്‍ക്ക് സഹിക്കുന്നില്ല, പക്ഷേ, സാധാരണക്കാരായ ഡെമോക്രാറ്റിക് വോട്ടര്‍മാരുടെ മനസ്സ് മംദാനിക്കൊപ്പമാണ്.

Published

|

Last Updated

കൊളംബിയ യൂനിവേഴ്സിറ്റിയിലെ നരവംശ ശാസ്ത്രജ്ഞനായ പ്രൊഫസര്‍ മഹ്്മൂദ് മംദാനി 2020ല്‍ ‘ദി മോക്കിംഗ് ആന്‍ഡ് അണ്‍മോക്കിംഗ് ഓഫ് പെര്‍മനന്റ്’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. വംശീയതയുടെയും ദേശീയതയുടെയും നിയമസാധുതയും സ്ഥിരം ന്യൂനപക്ഷം എന്ന ആശയത്തെയും ചോദ്യം ചെയ്യുന്ന പ്രസ്തുത പുസ്തകം മഹ്്മൂദ് മംദാനി മകന്‍ സഹ്‌റാന്‍ മംദാനിക്ക് സമര്‍പ്പിച്ചുകൊണ്ട് ഇങ്ങനെ എഴുതി: ‘ദുഷ്‌കരമായ സമയങ്ങളില്‍ എങ്ങനെ ഇടപഴകണമെന്ന് നീ ലോകത്തെ പഠിപ്പിക്കുക. അത് ജനതയെ പ്രചോദിപ്പിക്കാനും പുതിയ പാത സൃഷ്ടിക്കാനും പ്രേരിപ്പിക്കുന്നതാകട്ടെ.’ പിതാവ് നല്‍കിയ ഉപദേശം മകന്‍ സഹ്റാന്‍ മംദാനി യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്.

കുടിയേറ്റക്കാര്‍ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയമം ശക്തമാക്കുമ്പോള്‍, ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രൈമറി മത്സരത്തില്‍ ഇന്ത്യന്‍ വംശജനും കുടിയേറ്റക്കാരനുമായ സഹ്‌റാന്‍ മംദാനി മിന്നും വിജയം കരസ്ഥമാക്കിയിരിക്കുകയാണ്. മംദാനി തിരഞ്ഞെടുക്കപ്പെട്ടതില്‍ ബി ജെ പി. എം പിയും നടിയുമായ കങ്കണ റണാവത്തു മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വരെയുള്ളവര്‍ അസ്വസ്ഥരാണ്. സയണിസ്റ്റ് നിയന്ത്രണത്തിലുള്ള യു എസിലെ ഭൂരിപക്ഷം മാധ്യമങ്ങളും സഹ്റാന്‍ മംദാനിയുടെ വിജയം ന്യൂയോര്‍ക്ക് സിറ്റിയെ ഇരുണ്ട യുഗത്തിലേക്ക് കൊണ്ടെത്തിക്കുമെന്ന് പ്രവചിക്കുന്നു. അമേരിക്കയുടെ സാമ്പ്രദായിക രാഷ്ട്രീയത്തിനെതിരെ കലാപക്കൊടിയുയര്‍ത്തിയ മംദാനിയുടെ വിജയം അവര്‍ക്ക് സഹിക്കുന്നില്ല, പക്ഷേ, സാധാരണക്കാരായ ഡെമോക്രാറ്റിക് വോട്ടര്‍മാരുടെ മനസ്സ് മംദാനിക്കൊപ്പമാണ്. ഗസ്സയില്‍ ഇസ്റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയും ക്രൂരതകളും അമേരിക്കന്‍ യുവതയുടെ മനസ്സിനെ മുറിപ്പെടുത്തിക്കൊണ്ടിരിക്കുന്ന സംഭവങ്ങളാണ്. കഴിഞ്ഞവര്‍ഷം യു എസിലെ ക്യാമ്പസുകളില്‍ നടന്ന ഫലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ അമേരിക്കന്‍ യുവതയുടെ നിലപാട് വ്യക്തമാക്കുന്നതാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കിന്റെ മേയറായി സോഷ്യലിസ്റ്റും ഫലസ്തീന്‍ അനുകൂലിയുമായ മംദാനി തിരഞ്ഞെടുക്കപ്പെടണമെന്ന് അവിടുത്തെ വലിയ ജനവിഭാഗം ആഗ്രഹിച്ചത് അതുകൊണ്ട് കൂടിയാണ്.

ന്യൂയോര്‍ക്കിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ മുസ്ലിം സ്ഥാനാര്‍ഥിയാണ് മംദാനി. നവംബറില്‍ നടക്കുന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയിച്ചാല്‍, അത് അമേരിക്കന്‍ ചരിത്രത്തില്‍ പുതിയ അധ്യായമായിരിക്കും. ന്യൂയോര്‍ക്ക് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള നഗരമാണ്. പാര്‍ട്ടിയുടെ നോമിനി എന്ന നിലയില്‍, നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മംദാനി വിജയിക്കാനാണ് സാധ്യത. നിലവിലെ മേയര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ എറിക് ആഡംസാണ്.

മുസ്ലിം എന്നതിനോടൊപ്പം ദക്ഷിണേഷ്യന്‍ വംശജനായ ആദ്യത്തെ അമേരിക്കന്‍ മേയര്‍ എന്ന വിശേഷണവും മംദാനിക്കായിരിക്കും. പൂര്‍ണനാമം സഹ്റാന്‍ ക്വാമെ മംദാനി എന്നാണ്. ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലാണ് സഹ്‌റാന്‍ ക്വാമെ മംദാനി ജനിച്ചത്. വിപ്ലവകാരിയും ഘാനയുടെ ആദ്യ പ്രധാനമന്ത്രിയുമായ ക്വാമെ എന്‍ക്രുമയോടുള്ള ഇഷ്ടം കൊണ്ട് മംദാനിയുടെ പിതാവ് മകന്റെ പേരില്‍ ക്വാമെ എന്നു കൂടി ചേര്‍ത്തു. മാതാവ് മീര നായര്‍ ജനിച്ചത് ഒഡിഷയിലെ റൂര്‍ക്കേലയിലാണ്. ഇവരുടെ ആദ്യ വിവാഹം അമേരിക്കക്കാരനായ ഫോട്ടോഗ്രാഫര്‍ മിച്ചല്‍ എപ്സ്റ്റീനുമായിട്ടായിരുന്നു. പിന്നീട് മസാല എന്ന ചിത്രത്തിനു വേണ്ടി ചെന്ന മീര നായര്‍ ഉഗാണ്ടയില്‍ വെച്ച് മഹ്മൂദ് മാംദാനിയെ വിവാഹം കഴിച്ചു. ന്യൂയോര്‍ക്കിലെ കൊളംബിയ യൂനിവേഴ്‌സിറ്റിയിലെ അധ്യാപകനായിരുന്നു മഹ്്മൂദ്. ഗുജറാത്തി ദമ്പതികളുടെ മകനായ മഹ്്മൂദ് ജനിച്ചത് മുംബൈയിലാണ്. വളര്‍ന്നത് ഉഗാണ്ടയിലെ കമ്പാലയില്‍. പഠിച്ചത് ഉഗാണ്ട, ടാന്‍സാനിയ, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ ആയിരുന്നു. ന്യൂയോര്‍ക്കിലും സൗത്ത് ആഫ്രിക്കയിലും ന്യൂഡല്‍ഹിയിലും ന്യൂജേഴ്‌സിയിലും വിസിറ്റിംഗ് പ്രൊഫസറായിരുന്നു. നിലവില്‍ കമ്പാല ഇന്റര്‍നാഷനല്‍ യൂനിവേഴ്‌സിറ്റിയുടെ ചാന്‍സലറാണ്.

സഹ്റാന്‍ മംദാനിയുടെ ജനനം 1991ലാണ്. അഞ്ച് വയസ്സുവരെ കമ്പാലയില്‍ ആയിരുന്നു. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലേക്ക് താമസം മാറി. മംദാനിയുടെ പ്രാഥമിക വിദ്യാഭ്യാസം ദക്ഷിണാഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്ന ക്യാപ് ടൗണിലെ സെന്റ് ജോര്‍ജ് ഗ്രാമര്‍ സ്‌കൂളിലായിരുന്നു. ഏഴാം വയസ്സില്‍ ന്യൂയോര്‍ക്കിലേക്ക് മാറി. ബ്രോങ്ക്സ് ഹൈസ്‌കൂള്‍ ഓഫ് സയന്‍സില്‍ പഠിച്ചു. 2014ല്‍ ബോഡന്‍ കോളജില്‍ നിന്ന് ആഫ്രിക്കന്‍ പഠനത്തില്‍ ബിരുദം നേടി. 2018ല്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു. സഹ്‌റാന്‍ മംദാനി പൊതുജീവിതം ആരംഭിക്കുന്നത് സാമൂഹിക പ്രവര്‍ത്തകനായാണ്. ന്യൂയോര്‍ക്കില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കിയും, നഷ്ടപ്പെടാന്‍ സാധ്യതയുള്ള വീടുകള്‍ ഉടമസ്ഥര്‍ക്ക് വീണ്ടെടുക്കാന്‍ സംഘടനകളുടെയും മറ്റും സഹകരണത്തോടെ സഹായം നല്‍കിയും, മംദാനി തന്റെ സാമൂഹിക സേവന പ്രവര്‍ത്തനം വിപുലപ്പെടുത്തി. ഇതോടൊപ്പം തന്റെ സഹായങ്ങള്‍ പ്രതീക്ഷിക്കുന്ന കുടുംബങ്ങള്‍ സാമ്പത്തികമായി മാത്രമല്ല, സാമൂഹികമായും പ്രശ്നങ്ങള്‍ നേരിടുന്നു എന്ന് മനസ്സിലാക്കിയ മംദാനി, അത്തരം പ്രശ്നങ്ങള്‍ രാഷ്ട്രീയമായേ പരിഹരിക്കാനാകൂ എന്നും തീരുമാനിച്ചു. 2020ല്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ ന്യൂയോര്‍ക്ക് അസ്സംബ്ലിയിലെ ക്വീന്‍സ് സീറ്റില്‍ മത്സരിച്ചു.

ആദ്യ മത്സരത്തില്‍ തന്നെ സഹ്‌റാന്‍ മംദാനി വിജയിച്ചു. ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലിയിലെ ആദ്യത്തെ ദക്ഷിണേഷ്യന്‍ അംഗമായി. മേയര്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയെ പരാജയപ്പെടുത്തി, മംദാനി അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്. ഭാര്യ സിറിയന്‍ ആര്‍ട്ടിസ്റ്റായ രാമ ദുവാജിയാണ്. പിതാവിന്റെ സൈദ്ധാന്തിക ദര്‍ശനത്തിന്റെ സാക്ഷാത്കാരം കൂടിയായിരുന്നു ഈ വിജയം. മുപ്പത്തിമൂന്നുകാരനായ മംദാനിയുടെ വിജയം സ്ഥാപിതവത്കരിക്കപ്പെട്ട അധികാര രാഷ്ട്രീയത്തിന്റെ പരാജയത്തെ സൂചിപ്പിക്കുന്നതായിരുന്നു. മംദാനിയുടേത് അമേരിക്കയിലെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകളുടെയും പുരോഗമന ആശയത്തിന്റെയും വിജയമാണ്. വോട്ടെടുപ്പിന്റെ തുടക്കത്തില്‍ പിന്നിലായിരുന്ന മംദാനി, അവസാന ഘട്ടത്തില്‍ വിജയം ഉറപ്പിക്കുകയായിരുന്നു. ധീരമായ നിലപാടും ന്യൂയോര്‍ക്കിലെ അടിസ്ഥാന വിഭാഗങ്ങളുടെ കൂട്ടായ്മയും സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളും മംദാനിയുടെ വിജയത്തെ ഏറെ സഹായിച്ചു.

കോടീശ്വരന്മാരുടെ പിന്തുണയുള്ള ആന്‍ഡ്രൂ ക്യൂമോ കേവലം ഒരു എതിര്‍ സ്ഥാനാര്‍ഥി മാത്രമായിരുന്നില്ല. പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടുന്ന വ്യക്തിയുമായിരുന്നു. മംദാനിയെ സ്വന്തം പാര്‍ട്ടിയിലെ ഉന്നതരില്‍ പലരും അകറ്റി നിര്‍ത്തി. പ്രൈമറി വോട്ടിംഗില്‍ മംദാനിയെ പിന്തുണക്കരുതെന്ന് ന്യൂയോര്‍ക്ക് ടൈംസ് എഴുതി. അസംബ്ലി അംഗമെന്ന നിലയില്‍ മംദാനി പരാജയം എന്ന് സ്ഥാപിക്കാന്‍ ചിലര്‍ ശ്രമിച്ചു. ഗസ്സയില്‍ ഇസ്റാഈലിന്റെ സെറ്റില്‍മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന എന്‍ ജി ഒ സംഘടനകള്‍ക്കുള്ള സഹായം നിര്‍ത്തലാക്കണമെന്ന് അദ്ദേഹം ന്യൂയോര്‍ക്ക് അസംബ്ലിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ മംദാനിയെ അസ്സംബ്ലി സ്പീക്കര്‍ ശാസിക്കുകയുണ്ടായി.

മംദാനിയുടേത് രാഷ്ട്രീയ വിജയം മാത്രമായിരുന്നില്ല. ഇസ്ലാമോഫോബിയ, കുടിയേറ്റവിരുദ്ധത, വലതുപക്ഷ ആധിപത്യം എന്നിവക്കെതിരെയുള്ള വിജയം കൂടിയായിരുന്നു. ഫലസ്തീന്‍ ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനായി നിരന്തരം സംസാരിച്ചിരുന്ന മംദാനിക്ക് വധഭീഷണി നേരിടേണ്ടി വന്നു. മംദാനിയുടെ വിജയം മറ്റൊരു 9/11 ലേക്ക് നയിക്കുമെന്ന് തീവ്ര വലതുപക്ഷവാദിയായ ലോറ ലൂമര്‍ പ്രചരിപ്പിച്ചു. സിറ്റി കൗണ്‍സില്‍ അംഗം വിക്കി പലാഡിനോ, മംദാനിയെ ജിഹാദിസ്റ്റ് ഭീകരന്‍ എന്ന് ആക്ഷേപിച്ചു. യു എസ് പൗരനായ അദ്ദേഹത്തെ നാടുകടത്തണമെന്ന് ആവശ്യമുയര്‍ത്തി. ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ മംദാനിയെ നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍ എന്ന് മുദ്രകുത്തി. അമേരിക്കയുടെ ഔദ്യോഗിക ചിഹ്നമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ പര്‍ദ ധരിച്ച ചിത്രങ്ങള്‍ പ്രചരിപ്പിച്ച് മംദാനിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു. ന്യൂയോര്‍ക്ക് നഗരത്തെ വിദേശ രാജ്യത്തിന്റെ ഭാഗമായി ചിത്രീകരിച്ചു. ജിഹാദിയായി ചിത്രീകരിക്കുമ്പോഴും, നല്ലൊരു ശതമാനം ജൂത വോട്ടുകള്‍ മംദാനിക്ക് ലഭിച്ചു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ന്യൂയോര്‍ക്കില്‍ ജൂത ജനസംഖ്യ പത്ത് ശതമാനത്തിലേറെയാണ്.

ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവ മംദാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ വാഗ്ദാനങ്ങളായിരുന്നു. മനുഷ്യന്റെ ഈ മൂന്ന് അടിസ്ഥാന ആവശ്യങ്ങളെ ലക്ഷ്യം വെച്ചായിരുന്നു പ്രചാരണം. കുറഞ്ഞ വീട്ടുവാടക, സൗജന്യ ബസ് സര്‍വീസ് എന്നിവയും മംദാനിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്നു. ഈ പദ്ധതികള്‍ക്കുള്ള ഫണ്ട് സമ്പന്നരുടെ മേല്‍ പുതിയ നികുതികള്‍ ചുമത്തി സ്വരൂപിക്കുമെന്നായിരുന്നു മംദാനിയുടെ വാഗ്ദാനം. മുഖ്യമായി അടിസ്ഥാന വര്‍ഗത്തെ മുന്നില്‍ കണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചാരണം അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമാണ്. ഈ പ്രചാരണം ജനങ്ങള്‍ ഏറ്റെടുത്തു എന്ന് വ്യക്തമാക്കുന്നതാണ് മംദാനിയുടെ വിജയം. ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഹ്‌റാന്‍ മംദാനിയുടെ വീക്ഷണത്തില്‍ തുല്യരാണ്. രണ്ട് പേരും ഒരേ പോലെ വംശീയ വാദികളാണെന്നാണ് മംദാനിയുടെ ആക്ഷേപം. ബാബരി മസ്ജിദ് പ്രശ്നത്തില്‍ ന്യൂയോര്‍ക്ക് ടൗണ്‍ സ്‌ക്വയറില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ മംദാനി പങ്കെടുക്കുകയുണ്ടായി. 2002ലെ ഗുജറാത്ത് കലാപത്തില്‍ മുസ്ലിംകള്‍ കൂട്ടമായി കൊല്ലപ്പെടാന്‍ കാരണക്കാരന്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ആണെന്ന് കുറ്റപ്പെടുത്തി. താന്‍ മേയറായിരിക്കെ ഇസ്റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു ന്യൂയോര്‍ക്കില്‍ കാലുകുത്തിയാല്‍, അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നും മംദാനി പറയുകയുണ്ടായി.

 

---- facebook comment plugin here -----

Latest