Kerala
ആര്‍ക്കെതിരെയാണ് പരാതിയെന്ന് പറയാന്‍ സ്ത്രീകള്‍ ആര്‍ജവം കാണിക്കണം: വനിതാ കമ്മീഷൻ
ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ ആകില്ല

തിരുവനന്തപുരം | ആര്‍ക്കെതിരാണ് പരാതി എന്നത് തുറന്നു പറയാന്‍ സ്ത്രീകള്‍ ആര്‍ജ്ജവം കാണിക്കണമെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി. പരാതി പറയാനും നിയമനടപടി ആവശ്യപ്പെടാനും ഒരു സ്ത്രീക്ക് കഴിയും. അതില്‍ മടി കാണിക്കേണ്ടതില്ലെന്നും സതീദേവി പറഞ്ഞു.
ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന് കേസെടുക്കാന്‍ ആകില്ല. കൃത്യമായി പരാതി ലഭിച്ചാല്‍ നടപടി ഉണ്ടാകുമെന്നും സതീദേവി പറഞ്ഞു
യുവനടി പേര് വെളിപ്പെടുത്താത്ത ലൈംഗികാരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണം. ആരോപണത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ രാജിവെച്ചിരുന്നു. ഇതുവരെയും തനിക്കെതിരെ ആരും പരാതിയുമായി മുന്നോട്ട് വന്നിട്ടില്ലെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. അത്തരത്തില്‍ പരാതി വന്നാല്‍ നീതിന്യായ സംവിധാനത്തില്‍ നിരപരാധിത്വം തെളിയിക്കും എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.