Kerala
ബലക്ഷയം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു; കെട്ടിടം തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: ആശുപത്രി സൂപ്രണ്ട്
പഴയ കെട്ടിടം പൂര്‍ണമായും അടച്ചിടണമെന്ന് പറയേണ്ടതായിരുന്നു. എന്നാല്‍, ഇവിടുത്തെ എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കാന്‍ കഴിയുമായിരുന്നില്ല.

കോട്ടയം | മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ കെട്ടിട അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 2012 ലാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ജോയിന്‍ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷമാണ് കൃത്യമായ പഠനം നടത്തി കെട്ടിടത്തിന്റെ അവസ്ഥ സംബന്ധിച്ച റിപോര്‍ട്ട് ലഭിച്ചത്.
പുതിയ കെട്ടിടത്തിന് 2016 ലെ കിഫ്ബി ഫണ്ടില്‍ നിന്ന് അംഗീകാരം ലഭിച്ചിരുന്നു. സേവനങ്ങള്‍ ഇതിലേക്ക് മാറ്റാനുള്ള നടപടികള്‍ നടന്നുവരികയാണ്. പഴയ കെട്ടിടം പൂര്‍ണമായും അടച്ചിടണമെന്ന് പറയേണ്ടതായിരുന്നു. എന്നാല്‍, ഇവിടുത്തെ എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കാന്‍ കഴിയുമായിരുന്നില്ല. കെട്ടിടത്തിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ലെന്ന വിവരമാണ് ആദ്യം ലഭിച്ചത്. മന്ത്രി എത്തിയപ്പോള്‍ ഞാന്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍, ഒരാളെ കാണാതായെന്ന വിവരം പിന്നീടാണ് ലഭിച്ചത്. അതിനു ശേഷം വീണ്ടും തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെടുത്തതെന്നും സൂപ്രണ്ട് പറഞ്ഞു.
സംഭവം നടന്ന ഉടനെത്തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെന്ന് ഡി എം ഇ. ഡോ. വിശ്വനാഥ് പറഞ്ഞു. അപകടം നടന്ന ഇടത്തേക്ക് ജെ സി ബി എത്തിക്കാന്‍ പ്രയാസം നേരിട്ടു. 10 മിനുട്ടു കൊണ്ട് ഫ്‌ളോറിലെ 330 പേരെ മാറ്റിയിരുന്നുവെന്നും ഡോ. വിശ്വനാഥ് പറഞ്ഞു. മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണ് സ്ത്രീ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മെഡിക്കല്‍ കോളജ് സൂപ്രണ്ടും ഡി എം ഇയും.