National
ദേശീയ കായിക നയത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
2036-ലെ ഒളിമ്പിക്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ മികവ് പുലർത്തുന്നതിനും, ഇന്ത്യയെ ആഗോള കായിക ശക്തികേന്ദ്രമായി സ്ഥാപിക്കുന്നതിനും വേണ്ടിയുള്ള ദർശനാത്മകവും തന്ത്രപരവുമായ രൂപരേഖ ഈ നയം മുന്നോട്ട് വെക്കുന്നു.

ന്യൂഡൽഹി | ദേശീയ കായിക നയം (NSP) 2025 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. രാജ്യത്തിന്റെ കായിക മേഖലയെ പുനർരൂപകൽപ്പന ചെയ്യുന്നതിനും കായിക വിനോദങ്ങളിലൂടെ പൗരന്മാരെ ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രധാന ഉദ്യമമാണിത്.
നിലവിലുള്ള 2001-ലെ ദേശീയ കായിക നയത്തെ മറികടക്കുന്നതാണ് പുതിയ നയം. 2036-ലെ ഒളിമ്പിക്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ മികവ് പുലർത്തുന്നതിനും, ഇന്ത്യയെ ആഗോള കായിക ശക്തികേന്ദ്രമായി സ്ഥാപിക്കുന്നതിനും വേണ്ടിയുള്ള ദർശനാത്മകവും തന്ത്രപരവുമായ രൂപരേഖ ഈ നയം മുന്നോട്ട് വെക്കുന്നു.
ആഗോള തലത്തിലെ മികവ്, കായികരംഗം സാമ്പത്തിക വികസനത്തിന്, കായികം സാമൂഹിക വികസനത്തിന്:, ഒരു ജനകീയ പ്രസ്ഥാനമെന്ന നിലയിലുള്ള കായിക വിനോദം, വിദ്യാഭ്യാസവുമായുള്ള സംയോജനം എന്നിങ്ങനെ അഞ്ച് തൂണുകളിൽ അധിഷ്ടിതമാണ് ദേശീയ കായികനയം. കായികരംഗത്ത് പ്രതിഭകളെ കണ്ടെത്താനും പരിശീലിപ്പിക്കാനും ലോകോത്തര നിലവാരമുള്ള സൗകര്യങ്ങൾ ഒരുക്കാനും നയം ലക്ഷ്യമിടുന്നു.
കേന്ദ്ര മന്ത്രാലയങ്ങൾ, നിതി ആയോഗ്, സംസ്ഥാന ഗവൺമെന്റുകൾ, ദേശീയ കായിക ഫെഡറേഷനുകൾ (NSF), കായികതാരങ്ങൾ, കായിക വിദഗ്ദ്ധർ, പൊതുജനങ്ങൾ എന്നിവരുമായി നടത്തിയ വിപുലമായ കൂടിയാലോചനകളുടെ ഫലമാണ് ദേശീയ കായിക നയം (NSP) 2025.