Ongoing News
ചെറു രാഷ്ട്രങ്ങള്‍ക്ക് ചെറു ടെസ്റ്റുകള്‍; നിര്‍ണായക പരിഷ്‌കരണത്തിനൊരുങ്ങി ഐ സി സി
2027-29 ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിനോട് അനുബന്ധമായാണ് പരിഷ്‌കരണ പദ്ധതി പ്രാബല്യത്തില്‍ വരുത്തുക.

ദുബൈ | ചെറിയ രാഷ്ട്രങ്ങള്‍ക്ക് ഒരു ദിവസം ചുരുക്കിയുള്ള ടെസ്റ്റ് മത്സരങ്ങള്‍ ഒരുക്കാന്‍ തയ്യാറെടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി). 2027-29 ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിനോട് അനുബന്ധമായാണ് പരിഷ്‌കരണ പദ്ധതി പ്രാബല്യത്തില്‍ വരുത്തുക.
ടെസ്റ്റ് മത്സരങ്ങള്‍ നാലു ദിവസമാക്കുന്നത് നിര്‍ണായക മാറ്റത്തിന് തുടക്കം കുറിക്കുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ മത്സരങ്ങളും ദീര്‍ഘ പരമ്പരകളും കളിക്കാന്‍ പുതിയ നീക്കം ചെറു രാഷ്ട്രങ്ങള്‍ക്ക് സഹായകമാവും. 2027-20 ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ സമയത്ത് നാലുദിന മത്സരങ്ങള്‍ അനുവദിക്കുന്നതിനോട് ഐ സി സി ചെയര്‍മാന്‍ ജയ് ഷാ അനുകൂല നിലപാട് പ്രകടിപ്പിച്ചതായി ഗാര്‍ഡിയന്‍ ദിനപത്രത്തിലെ ഒരു റിപോര്‍ട്ട് വ്യക്തമാക്കി.
അതേസമയം ഇന്ത്യ, ആസ്‌ത്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ ആഷസിലും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും പുതിയതായി പ്രഖ്യാപിക്കപ്പെട്ട ആന്‍ഡേഴ്‌സണ്‍-ടെണ്ടുല്‍ക്കര്‍ ട്രോഫിയിലുമെല്ലാം പരമ്പരാഗതമായ അഞ്ചു ദിന മത്സരങ്ങള്‍ തന്നെ കളിക്കണം.
ദ്വിരാഷ്ട്ര ടെസ്റ്റ് മത്സരങ്ങള്‍ക്ക് നാലുദിന ടെസ്റ്റുകള്‍ അനുവദിച്ച് 2017ല്‍ ഐ സി സി പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനു പിന്നാലെ 2019ലും 2023ലും ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് നാലുദിനമത്സരങ്ങള്‍ നടന്നിരുന്നു. കഴിഞ്ഞ മാസം ട്രെന്റ് ബ്രിഡ്ജില്‍ സിംബാബ്‌വേക്കെതിരെയും ഇംഗ്ലണ്ട് നാലുദിന ടെസ്റ്റ് കളിച്ചു.
ടെസ്റ്റ് നാല് ദിവസമാക്കുമ്പോള്‍ സമയനഷ്ടം പരിഹരിക്കുന്നതിനായി പ്രതിദിനം എറിയേണ്ട ഓവറുകള്‍ 98 ആയി വര്‍ധിപ്പിക്കും. സാധാരണ ടെസ്റ്റില്‍ ഇത് 90 ആണ്. 2025-27 ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ അഞ്ചുദിന മത്സരങ്ങള്‍ തന്നെയാണ് നടക്കുക.