International
ഗസ്സയില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ അന്നവും മുടക്കി ഇസ്‌റാഈല്‍; ശിശു ഫോര്‍മുല തേടിയെത്തിയവരെയും വെടിവെച്ചുകൊല്ലുന്നു
മിക്ക കുട്ടികളുടെയും മാതാവുള്‍പ്പെടെയുള്ളവര്‍ വംശഹത്യയില്‍ കൊല്ലപ്പെടുകയോ ഗുരുതര പരുക്കേല്‍ക്കുകയോ ചെയ്തവരാണ്. ഭക്ഷണവും വെള്ളവും ആവശ്യത്തിന് ലഭിക്കാതായതോടെ പ്രസവിച്ച ഉമ്മമാര്‍ക്ക് മുലപ്പാലും ഇല്ലാതായി

ഗസ്സ | ക്രൂര വംശഹത്യ തുടരുന്ന ഗസ്സയില്‍ നവജാത ശിശുക്കളുള്‍പ്പെടെയുള്ളവരെ കൊടുംപട്ടിണിയിലേക്ക് തള്ളിവിട്ട് ഇസ്‌റാഈലിന്റെ കാടത്തം. പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ശിശു ഫോര്‍മുലയുടെ വിതരണം പൂര്‍ണമായും നിര്‍ത്തി. ഇതോടെ ആയിരത്തിലേറെ കുഞ്ഞുങ്ങള്‍ മരണത്തോട് മല്ലടിക്കുകയാണ്. മിക്ക കുട്ടികളുടെയും മാതാവുള്‍പ്പെടെയുള്ളവര്‍ വംശഹത്യയില്‍ കൊല്ലപ്പെടുകയോ ഗുരുതര പരുക്കേല്‍ക്കുകയോ ചെയ്തവരാണ്. ഭക്ഷണവും വെള്ളവും ആവശ്യത്തിന് ലഭിക്കാതായതോടെ പ്രസവിച്ച ഉമ്മമാര്‍ക്ക് മുലപ്പാലും ഇല്ലാതായി. ഇതോടെ കുഞ്ഞുങ്ങളുടെ ഏക ആശ്രയമായിരുന്നു ശിശു ഫോര്‍മുല. ഇതിന്റെ കൂടി വിതരണമാണ് ഇസ്‌റാഈല്‍ സേന പൂര്‍ണമായി തടഞ്ഞിരിക്കുന്നത്.
ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ ശിശു ഫോര്‍മുല തേടിയെത്തിയ ഒരു ഡസനിലധികം പേര്‍ ഉള്‍പ്പെടെ ഗസ്സയിലുടനീളം ഇസ്‌റഈലി ആക്രമണങ്ങളില്‍ കുറഞ്ഞത് 95 ഫലസ്തീനികള്‍ 24 മണിക്കൂറിനകം കൊല്ലപ്പെട്ടു. കുട്ടികളുടെ ജന്മദിന പാര്‍ട്ടി നടക്കുന്നതിനിടെ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍
കുറഞ്ഞത് 39 പേര്‍ കൊല്ലപ്പെട്ടു. ജനങ്ങളെ രക്ഷിക്കുന്ന വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ഞങ്ങള്‍ പൂര്‍ണ സന്നദ്ധരാണെന്നും എന്നാല്‍ ഇസ്‌റാഈല്‍ ചര്‍ച്ചകള്‍ അട്ടിമറിക്കുന്നുവെന്നും ഒരു മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്‍ അല്‍ ജസീറയോട് പറഞ്ഞു.
ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ രണ്ടര വര്‍ഷത്തിനിടെ കുറഞ്ഞത് 56,531 പേരാണ് കൊല്ലപ്പെട്ടത്.