Articles
യുദ്ധമൊഴിഞ്ഞ പശ്ചിമേഷ്യ ബാക്കിവെക്കുന്നത്
യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ സമ്മര്‍ദത്തിന് ഇസ്‌റാഈലിനും വഴങ്ങേണ്ടി വന്നു. മറ്റൊരു ഓപ്ഷനും ഇസ്‌റാഈലിന് മുന്നിലുണ്ടായിരുന്നില്ല. അമേരിക്കയില്ലാതെ ഇസ്‌റാഈലിന് എത്രകണ്ട് സ്വയം പ്രതിരോധിക്കാനുള്ള ശക്തിയുണ്ട് എന്നതിനുള്ള തെളിവായി പന്ത്രണ്ട് ദിവസം നീണ്ടുനിന്ന സംഘര്‍ഷം എന്നും അവശേഷിക്കും.

ഇസ്‌റാഈല്‍- ഇറാന്‍ യുദ്ധത്തിന്റെ ഭീഷണി താത്കാലികമായെങ്കിലും അവസാനിച്ചിരിക്കുകയാണ്. പശ്ചിമേഷ്യക്കും സമാധാന മോഹികള്‍ക്കും ഒരു പരിധിവരെയെങ്കിലും ആശ്വസിക്കാം. പശ്ചിമേഷ്യ കൂടുതല്‍ സംഘര്‍ഷഭരിതമായ സാഹചര്യത്തിലൂടെയാണ് കടന്നുപോയത്. നിലനില്‍ക്കുന്ന ഫലസ്തീന്‍- ഇസ്‌റാഈല്‍ സംഘര്‍ഷത്തിന് പുറമെ, മറ്റൊരു വലിയ സംഘര്‍ഷത്തിലേക്ക് മേഖല നീങ്ങിയ സാഹചര്യം വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. സൈനിക ശക്തിയില്‍ ഒട്ടും പിന്നിലല്ലാത്ത ഇറാനെ കടന്നാക്രമിച്ചതിലൂടെ മേഖലയിലെ രണ്ട് ശക്തികള്‍ തമ്മിലുള്ള പോരാട്ടം സംഘര്‍ഷ ഭീതി പടര്‍ത്തി. ഹമാസിനെ നേരിടുന്നത് പോലെ എളുപ്പമല്ല ഇസ്‌റാഈലിന് കാര്യങ്ങള്‍ എന്ന് വ്യക്തമാകുന്നതാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇസ്‌റാഈലിന്റെ അയേണ്‍ ഡോമുകളെ മറികടന്ന് ഇറാന്റെ ഡ്രോണുകളും മിസൈലുകളും ലക്ഷ്യം കണ്ടു എന്നത് ഇറാന്റെ സൈനിക ശക്തിക്ക് തെളിവാണ്. മേഖലയിലെ രണ്ട് ശക്തികള്‍ തമ്മിലുള്ള പോരാട്ടം എന്നതിനപ്പുറം ഇസ്‌റാഈലിന് കിട്ടുന്ന അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണ ഈ യുദ്ധത്തില്‍ പരിമിതമായിരുന്നു എന്ന് വ്യക്തമാണ്. സംഘര്‍ഷത്തിന്റെ ഗതി അമേരിക്ക തന്നെ തീരുമാനിക്കും എന്നത് തുടക്കത്തിലേ ചര്‍ച്ചയായിരുന്നു. സംഘര്‍ഷം മുറുകിയപ്പോള്‍ അമേരിക്ക എടുത്ത നിലപാട് നിര്‍ണായകമായി. പന്ത്രണ്ട് ദിവസം കൊണ്ട് സംഘര്‍ഷം അവസാനിച്ചപ്പോള്‍ ഇരു രാജ്യങ്ങള്‍ക്കും കനത്ത നാശനഷ്ടങ്ങളുണ്ടായി.
ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നേരിട്ട് ആക്രമിച്ചു എന്നത് മാറ്റിനിര്‍ത്തിയാല്‍ നേരിട്ട് യുദ്ധത്തില്‍ പങ്കാളിയാകാന്‍ യു എസ് തയ്യാറായിരുന്നില്ല. ദീര്‍ഘകാല യുദ്ധത്തിനോ ഇറാന്‍ സര്‍ക്കാറിനെ അട്ടിമറിക്കുന്നതിനോ ഇറാന്‍ പരമോന്നത നേതാവിനെ വധിക്കുന്നതിനോ അമേരിക്ക താത്പര്യം കാണിച്ചില്ല.
ട്രംപിന്റെ വിദേശ നയം പ്രവചനാതീതവും സങ്കീര്‍ണവുമായി തുടരുകയാണ്. വര്‍ഷങ്ങളായി ശത്രുതയിലുള്ള റഷ്യയുമായി സൗഹൃദത്തിന്റെ വാതില്‍ തുറന്നിട്ടും വര്‍ഷങ്ങളായി സൗഹൃദത്തിലുള്ള കാനഡയുമായി ശത്രുത അറിയിച്ചുമാണ് ട്രംപ് രണ്ടാം വരവറിയിച്ചത്. അമേരിക്കന്‍ വിദേശ നയത്തില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോഴും ഇസ്‌റാഈലുമായുള്ള വിദേശ നയത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല എന്നാണ് പൊതുവെ കരുതിയിരുന്നത്. എന്നാല്‍ അമേരിക്കയുടെ ഇസ്‌റാഈല്‍ നയത്തിലും ചെറിയ തോതില്‍ മാറ്റങ്ങള്‍ വന്നിരിക്കുന്നു. തങ്ങളുടെ ഉറ്റസൗഹൃദ രാജ്യത്തിനെതിരെ ശക്തമായ ആക്രമണങ്ങള്‍ ഉണ്ടായപ്പോഴും അമേരിക്ക ഒരു പരിധിക്കപ്പുറം ഇടപെടലുകള്‍ നടത്തിയില്ല.
ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും ഗെയിം ചേഞ്ചറായിരുന്നു അമേരിക്ക. അതുകൊണ്ട് തന്നെ ഇറാന്‍- ഇസ്‌റാഈല്‍ യുദ്ധത്തിലെ അമേരിക്കയുടെ നീക്കം ലോകം ജാഗ്രതയോടെ നോക്കിനിന്നു. നിലവില്‍ ട്രംപ് സ്വീകരിക്കുന്ന വിദേശ നയത്തില്‍ സുപ്രധാനമാണ് ഐസൊലേഷന്‍ പോളിസിയും വ്യാപാര യുദ്ധവും. നിലവില്‍ വലിയ പ്രതിസന്ധി നേരിടുന്ന യു എസ് സാമ്പത്തിക മേഖലക്ക് കരകയറാന്‍ ഈ രണ്ട് നയങ്ങളും സഹായകമാകുമെന്നാണ് ട്രംപ് കരുതുന്നത്. അമേരിക്കക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകുന്ന തരത്തില്‍ വിദേശ രാജ്യങ്ങളിലെ പ്രശ്‌നങ്ങളിലുള്ള ഇടപെടലുകള്‍ പരിമിതപ്പെടുത്തുന്നതാണ് ഐസൊലേഷന്‍ പോളിസി. പക്ഷേ, ഇസ്‌റാഈലിന്റെ കാര്യത്തില്‍ ഭാവിയില്‍ ഈ നിലപാട് സ്വീകരിക്കുമോ എന്ന് പറയാന്‍ കഴിയാത്ത വിധമാണ് അമേരിക്ക- ഇസ്‌റാഈല്‍ ബന്ധവും ജൂത ലോബിക്ക് അമേരിക്കന്‍ ഭരണത്തിലുള്ള സ്വാധീനവും. ഇറാന്‍ എന്നത് ഇസ്‌റാഈലിന്റെ മാത്രം ശത്രുരാജ്യമല്ല, അമേരിക്കയുടെയും വലിയ ശത്രുരാജ്യങ്ങളിലൊന്നാണ്. പുതിയ സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുന്നതിലായിരുന്നു ട്രംപിന്റെ താത്പര്യം.
അണുവായുധത്തിന്റെ പേരില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തിന് പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുണ്ടായിരുന്നു. നയതന്ത്രപരവും സൈനികവും രാഷ്ട്രീയവുമായ പിന്തുണയാണ് അവരില്‍ നിന്ന് ലഭിച്ചത്. സംഘര്‍ഷത്തില്‍ അവരുടെ നേരിട്ടുള്ള ഇടപെടലുകള്‍ ഉണ്ടായില്ലെന്ന് മാത്രം. ഇറാനിലും ഇറാഖ് ആവര്‍ത്തിക്കുമോയെന്ന ചോദ്യങ്ങളുയര്‍ന്നു. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയോടെ നടത്തിയ ഇറാഖ് അധിനിവേശം ഇറാഖിനെ സമ്പൂര്‍ണമായി അസ്ഥിരപ്പെടുത്തി എന്നല്ലാതെ യുദ്ധത്തിന് കാരണമായി പറഞ്ഞതിനൊന്നും വ്യക്തമായ തെളിവ് ലഭിച്ചില്ല. ആണവായുധം എന്നത് ചില രാജ്യങ്ങള്‍ക്ക് മാത്രം അനുവദിച്ച അവകാശമല്ലെന്നും ഇറാനും അതിന് അവകാശമുണ്ടെന്നും വാദിക്കാം. എന്നാല്‍ ഇറാന്റെ ആണവ പദ്ധതികള്‍ ഭയത്തോടെ കാണുന്ന പാശ്ചാത്യ രാജ്യങ്ങള്‍ ഈ യുദ്ധത്തില്‍ ഇസ്‌റാഈലിന്റെ കൂടെ നില്‍ക്കും എന്നത് തീര്‍ച്ചയായിരുന്നു. കാനഡയിലെ ആല്‍ബെര്‍ട്ടയില്‍ നടന്ന ജി-7 ഉച്ചകോടിയില്‍ മിക്ക രാജ്യങ്ങളും ഇസ്‌റാഈല്‍ അനുകൂല നിലപാടായിരുന്നുവല്ലോ സ്വീകരിച്ചത്.
സംഘര്‍ഷത്തില്‍ ഇരുപക്ഷത്തിനും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് ഇസ്‌റാഈലിനെതിരെ ഇത്രയും ശക്തമായ ആക്രമണം നടക്കുന്നത്. തിരിച്ചടിയെന്നോണം ഇസ്‌റാഈല്‍ ഇറാനിലേക്കും ശക്തമായ ആക്രമണം അഴിച്ചിവിട്ടു. ഇസ്‌റാഈല്‍ തുടങ്ങിവെച്ച ഓപറേഷന്‍ റൈസിംഗ് ലയണും പ്രത്യാക്രമണം എന്ന നിലക്ക് ഇറാന്‍ തുടങ്ങിവെച്ച ഓപറേഷന്‍ ട്രൂ പ്രോമിസും പശ്ചിമേഷ്യയെ രാഷ്ട്രീയ പ്രക്ഷുബ്ധതയിലേക്ക് തള്ളിവിടുകയാണ് എന്ന പ്രതീതി ഉണ്ടാക്കി. തെഹ്‌റാനിലും തെല്‍ അവീവിലും ശക്തമായ ആക്രമണങ്ങള്‍ നടന്നു. ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡിന്റെ നേതാക്കള്‍ കൊല്ലപ്പെട്ടു. സംഘര്‍ഷം മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും പടരും എന്ന പ്രതീതിയുണ്ടായി. ഇറാന്‍ ഖത്വറിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തെ ലക്ഷ്യമാക്കി നടത്തിയ ആക്രമണം ആശങ്കയുടെ മൂര്‍ധന്യത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. സംഘര്‍ഷം ജി സി സി രാജ്യങ്ങളിലേക്കു പടര്‍ന്നാല്‍ ഇന്ത്യക്കാരെ അടക്കം ഗുരുതരമായി ബാധിക്കുമെന്നത് ആശങ്കയുടെ തീവ്രത വര്‍ധിപ്പിച്ചു. ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയുന്ന രാജ്യങ്ങള്‍ കൂടി ഈ യുദ്ധത്തിന്റെ ഭാഗമായാല്‍ അറബ് രാജ്യങ്ങള്‍ക്ക് പുറമെ ഇന്ത്യയെയും അതെത്ര ബാധിക്കും എന്നത് ഊഹിക്കാവുന്നതേ ഉള്ളൂ.
ഇറാന്‍ നേരിട്ട പ്രധാന വെല്ലുവിളി അന്താരാഷ്ട്ര പിന്തുണയാണ്. നിലവില്‍ റഷ്യയും ചൈനയും നയതന്ത്ര പിന്തുണ മാത്രമേ ഇറാന് നല്‍കുന്നുള്ളൂ. നേരിട്ടുള്ള പിന്തുണ റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും ഇറാന് ലഭിക്കാനുള്ള സാധ്യത വിദൂരമാണ്. ഇസ്‌റാഈല്‍ ആക്രമണത്തെ ചൈനയും റഷ്യയും അറബ് രാജ്യങ്ങളും യൂറോപ്യന്‍ യൂനിയനും അപലപിച്ചിരുന്നു. ഇവരില്‍ നിന്ന് ഇറാന് നേരിട്ടുള്ള പിന്തുണ ലഭിച്ചില്ല. ഒമാന്‍ മധ്യസ്ഥതക്ക് ശ്രമിച്ചിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ തുടരുന്ന ഉപരോധം ഇറാനെ സാമ്പത്തികമായി ബാധിച്ചിട്ടുണ്ട്. സ്വയം പ്രതിരോധിക്കുക എന്ന ഇറാന്റെ ശ്രമങ്ങള്‍ക്ക് പരോക്ഷ പിന്തുണ റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും ലഭിച്ചേക്കാം. ഇസ്‌റാഈല്‍ വിരുദ്ധ പൊതുബോധം വലിയ രീതിയില്‍ ഇറാന് പിന്തുണ നല്‍കും എന്നല്ലാതെ രാജ്യങ്ങളുടെ രാഷ്ട്രീയ പിന്തുണയായി അത് മാറില്ല.
ഇറാന്റെ പോരാട്ടവീര്യം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഇനിയുള്ള നാളുകളില്‍ നെഞ്ചുറപ്പോടെ നിലനില്‍ക്കാന്‍ ഇത് സഹായിക്കുമെന്ന് ഇറാന് പ്രത്യാശിക്കാം. അപ്പുറത്ത് യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ സമ്മര്‍ദത്തിന് ഇസ്‌റാഈലിനും വഴങ്ങേണ്ടി വന്നു. മറ്റൊരു ഓപ്ഷനും ഇസ്‌റാഈലിന് മുന്നിലുണ്ടായിരുന്നില്ല. അമേരിക്കയില്ലാതെ ഇസ്‌റാഈലിന് എത്രകണ്ട് സ്വയം പ്രതിരോധിക്കാനുള്ള ശക്തിയുണ്ട് എന്നതിനുള്ള തെളിവായി പന്ത്രണ്ട് ദിവസം നീണ്ടുനിന്ന സംഘര്‍ഷം എന്നും അവശേഷിക്കും.