Connect with us

articles

വോട്ടർ പട്ടിക ശുദ്ധീകരണം നിഷ്‌കളങ്കമല്ല

തിരഞ്ഞെടുപ്പ് കമ്മീഷൻ തിരക്കിട്ട് നടത്തുന്ന വോട്ടർ പട്ടിക "ശുദ്ധീകരണ'ത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. പരിമിതമായ അർഥത്തിൽ, ആ പ്രക്രിയ ഭരണസഖ്യത്തെ അധികാരത്തിൽ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. വിശാല അർഥത്തിൽ അത് പൗരത്വവുമായി ബന്ധപ്പെട്ട വലിയ ആശങ്കകൾ ഉയർത്തുന്നതുമാണ്. പാതിവഴിയിൽ മുരടിച്ച് പോയ ദേശീയ പൗരത്വ രജിസ്റ്ററിന്റെ ഒളിച്ചുകടത്തൽ നടക്കുന്നുവെന്നതാണ് ഈ ശുദ്ധീകരണത്തിന്റെ ഗുരുതര അപകടം.

Published

|

Last Updated

അടിയന്തരാവസ്ഥക്ക് ശേഷമുള്ള പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ വോട്ടർമാർ എന്ത് നിലപാടെടുത്തുവെന്ന ചോദ്യത്തെ മുൻനിർത്തി ബിഹാറിനെയും കേരളത്തെയും ചില രാഷ്ട്രീയ നിരീക്ഷകർ താരതമ്യം ചെയ്യാറുണ്ട്. ബിഹാറിലെ ജനങ്ങൾ കോൺഗ്രസ്സിനെ കൈയൊഴിയുകയും കേരളം പിന്തുണക്കുകയുമാണ് ചെയ്തത്. നിരക്ഷരരെന്ന് പഴി കേട്ട മനുഷ്യർ അന്ന് ഏറ്റവും ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചുവെന്നും വിലയിരുത്തപ്പെട്ടു. ബിഹാർ ഒരിക്കൽ കൂടി രാജ്യത്താകെ ചർച്ചയിലേക്ക് വരികയാണ്.

കേന്ദ്ര ഭരണകക്ഷി നയിക്കുന്ന സഖ്യം തോൽവി മണക്കുമ്പോൾ എന്തൊക്കെ കാട്ടിക്കൂട്ടുമെന്നതിന്റെ ലിറ്റ്മസ് ടെസ്റ്റ് ബിഹാറിൽ നടക്കാൻ പോകുകയാണ്. അത്രമേൽ രൂക്ഷമാണ് അവിടെ ഭരണവിരുദ്ധ വികാരം. ഭരണസഖ്യത്തിലെ പ്രശ്‌നങ്ങൾ വേറെയും. കോൺഗ്രസ്സും ആർ ജെ ഡിയും നയിക്കുന്ന പ്രതിപക്ഷ മഹാസഖ്യം വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. ഈ പശ്ചാത്തലത്തിൽ, അവിടെ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരക്കിട്ട് നടത്തുന്ന വോട്ടർ പട്ടിക “ശുദ്ധീകരണ’ത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. പരിമിതമായ അർഥത്തിൽ, ആ പ്രക്രിയ ഭരണസഖ്യത്തെ അധികാരത്തിൽ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

വിശാല അർഥത്തിൽ അത് പൗരത്വവുമായി ബന്ധപ്പെട്ട വലിയ ആശങ്കകൾ ഉയർത്തുന്നതുമാണ്. അസമിൽ നടപ്പാക്കുകയും കടുത്ത പ്രതിഷേധത്തിനും നിയമപോരാട്ടത്തിനുമിടയിൽ പാതിവഴിയിൽ മുരടിച്ച് പോകുകയും ചെയ്ത ദേശീയ പൗരത്വ രജിസ്റ്ററിന്റെ ഒളിച്ചുകടത്തൽ നടക്കുന്നുവെന്നതാണ് ഈ ശുദ്ധീകരണത്തിന്റെ ഗുരുതര അപകടം. ഭരണകൂടത്തിന്റെ ഇച്ഛകൾ നടപ്പാക്കാനുള്ള ഉപകരണമായി ഭരണഘടനാ സ്ഥാപനങ്ങൾ മാറുന്നുവെന്ന വർത്തമാനകാല പ്രതിസന്ധി തന്നെയാണ് ബിഹാറിലെ പട്ടിക പരിഷ്‌കരണത്തിലും കാണുന്നത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഏതാണ്ട് മുഴുവൻ വോട്ടർമാരും തങ്ങളുടെ വോട്ടർ യോഗ്യത തെളിയിക്കണമെന്ന് കമ്മീഷൻ നിഷ്‌കർഷിക്കുന്നത്. ഇത് സാധാരണഗതിയിലുള്ള എന്യൂമറേഷനോ ബൂത്ത് ലെവൽ ഓഫീസർമാർ വീട്ടിൽ ചെന്ന് ശേഖരിക്കുന്ന വിവരങ്ങളോ അല്ല. വേഷപ്രച്ഛന്ന ദേശീയ പൗരത്വ രജിസ്റ്ററാ (എൻ ആർ സി)ണ് ബിഹാറിൽ തയ്യാറാക്കാൻ പോകുന്നത്. 2003ലെ വോട്ടർ പട്ടികയിൽ ഉൾപ്പെടാത്ത എല്ലാവരും രേഖകൾ സമർപ്പിച്ച് വോട്ടറാണെന്ന് തെളിയിക്കണമെന്നാണ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്.

സമഗ്രമായ പുനരവലോകനം 2003ൽ നടത്തിയിരുന്നുവെന്നും അതിനാലാണ് 2003ന് മുമ്പ് രജിസ്റ്റർ ചെയ്ത ആളുകളെ വോട്ടർമാരായി കണക്കാക്കുന്നതെന്നുമാണ് കമ്മീഷന്റെ ന്യായം. മൂന്ന് വിഷയങ്ങളാണ് ഈ പരിശോധനകൾക്ക് കാരണമായി കമ്മീഷൻ മുന്നോട്ട് വെക്കുന്നത്. ഒന്ന് ദ്രുതഗതിയിലുള്ള നഗരവത്കരണമാണ്. ശരിയാണ്. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റം ബിഹാറിലെ യാഥാർഥ്യം തന്നെയാണ്. അതിന്റെ കണക്ക് ശേഖരിക്കേണ്ടതും വോട്ടർ പട്ടികയിൽ അത് പ്രതിഫലിക്കേണ്ടതുമാണ്. മരണങ്ങൾ റിപോർട്ട് ചെയ്യാത്തതിന്റെ പ്രശ്‌നവും കമ്മീഷൻ മുന്നോട്ട് വെക്കുന്നുണ്ട്. അതും ന്യായമാണ്. എന്നാൽ ഈ തീവ്ര യജ്ഞത്തിന്റെ യഥാർഥ കാരണം മൂന്നാമത്തേതാണ്. വിദേശത്ത് നിന്ന് അനധികൃതമായി കുടിയേറിയവരെ കണ്ടെത്തുക. ഈ പ്രക്രിയ ഒരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നടപ്പാക്കേണ്ടതാണോ? അതോ സമയമെടുത്ത്, പൗരന്മാർക്ക് അവരുടെ ഭാഗം പറയാൻ സാവകാശം നൽകി ചെയ്യേണ്ടതാണോ എന്നതാണ് ചോദ്യം.

2003ലെ വോട്ടർ പട്ടികയുടെ പേപ്പർ കോപ്പിയും ഡിജിറ്റൽ കോപ്പിയും എല്ലാ ബൂത്ത് ലെവൽ ഓഫീസർമാർക്കും (ബി എൽ ഒ) കൈമാറാൻ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിലെ പ്രത്യേക പരിശോധന ഫോം പൂരിപ്പിക്കുമ്പോൾ വോട്ടർമാർക്ക് ഈ പട്ടിക സാധുവായ രേഖകളായി ഉപയോഗിക്കാൻ കഴിയുമെന്നും കമ്മീഷൻ വ്യക്തമാക്കി. ഈ നീക്കം ബിഹാറിൽ നടന്നുകൊണ്ടിരിക്കുന്ന വോട്ടർ പട്ടികിയിലെ പ്രത്യേക പരിശോധന എളുപ്പമാക്കുമെന്നും ഏകദേശം 60 ശതമാനം വോട്ടർമാർക്കും രേഖകൾ സമർപ്പിക്കേണ്ടിവരില്ലെന്നുമാണ് കമ്മീഷന്റെ അവകാശവാദം. പക്ഷേ, കാര്യങ്ങൾ കമ്മീഷൻ പറയുന്നത് പോലെ അത്ര ശീഘ്രം നടക്കുന്നതോ ലളിതമോ അല്ല.

സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ് ഐ ആർ)എന്നാണ് വോട്ടർപട്ടിക പരിഷ്‌കരണത്തിന് പേരിട്ടിരിക്കുന്നത്. കമ്മീഷൻ പുറത്തിറക്കിയ വിശദീകരണ കുറിപ്പിന്റെ 19ാം പേജിലെ വിവരങ്ങൾ വായിച്ചാൽ ഇത് എങ്ങേട്ടാണ് നീങ്ങുന്നതെന്ന് വ്യക്തമാകും. എല്ലാ വോട്ടർമാരും നിശ്ചിത രേഖ സമർപ്പിച്ച് വോട്ടറാകാനുള്ള തന്റെ യോഗ്യത തെളിയിക്കേണ്ടിയിരിക്കുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവർ പോലും ഈ പ്രക്രിയ പൂർത്തിയാക്കണം.

1987 ജൂലൈ ഒന്നിന് മുമ്പ് ജനിച്ചവർ അവരുടെ ജനന തീയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖ സമർപ്പിക്കണം. 1987 ഡിസംബർ രണ്ടിനും 2004 ഡിസംബർ രണ്ടിനുമിടയിൽ ജനിച്ചവർ ജനന സ്ഥലവും ജനന തീയതിയും മാത്രം കാണിച്ചാൽ മതിയാകില്ല. അവരുടെ മാതാപിക്കളിലൊരാളുടെ രേഖകളും കാണിക്കണം. 2004 ഡിസംബർ രണ്ടിന് ശേഷം ജനിച്ചവർ സ്വന്തം ജനന തീയതിയും ജനന സ്ഥലവും പിതാവിന്റെയും മാതാവിന്റെയും രേഖകളും ഹാജരാക്കണം. ഇവിടെയാണ് പൗരത്വ രജിസ്റ്ററിന്റെ സ്വഭാവത്തിലേക്ക് ഈ കണക്കെടുപ്പ് മാറുന്നത്. കമ്മീഷൻ മുന്നോട്ട് വെച്ച വിശദീകരണത്തിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2003ന് ശേഷം ഇതാദ്യമായി നടക്കുന്ന സമഗ്ര കണക്കെടുപ്പിൽ വോട്ടറാകാൻ സാധിക്കാതെ വന്നാൽ, മറ്റ് രേഖകൾ സമർപ്പിക്കുന്നില്ലെങ്കിൽ പൗരത്വ സ്ഥിതിയെ തന്നെ അത് ബാധിച്ചേക്കാമെന്ന് ഈ വിശദീകരണത്തിൽ പറയുന്നുണ്ട്. എന്നുവെച്ചാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വന്തം അധികാര പരിധി കടന്ന് പോകുന്നുവെന്ന് തന്നെ. വോട്ടവകാശം തെളിയിക്കേണ്ട ബാധ്യത വോട്ടർമാരുടെ ചുമലിൽ വരുന്നു. അതാകട്ടെ പൗരത്വം തെളിയിക്കുന്നതിലേക്ക് എത്തുകയും ചെയ്യുന്നു.

അസ്സോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് സ്ഥാപകാംഗം ജഗ്ദീപ് എസ് ചോക്കർ ദി വയറിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. “2003 മുതൽ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ വോട്ട് രേഖപ്പെടുത്തിയവരുടെ പൗരത്വത്തെയാണ് കമ്മീഷൻ സംശയത്തിലാക്കുന്നത്. ഈ 21 വർഷക്കാലമായി കമ്മീഷൻ നൽകിയ വോട്ടർ ഐഡിയും മറ്റ് രേഖകളും ഉപയോഗിച്ച്, വോട്ടർ പട്ടികയനുസരിച്ച് വോട്ട് രേഖപ്പെടുത്തിയവർ എങ്ങനെയാണ് ഒറ്റയടിക്ക് അയോഗ്യരാകുന്നത്? വോട്ടവകാശം റദ്ദാക്കി പുതിയ തെളിവ് ഹാജരാക്കണമെന്ന് ആജ്ഞാപിക്കുന്നത് ഏത് നിയമത്തിന്റെ പിൻബലത്തിലാണ്?’ ജഗ്ദീപ് ചോദിക്കുന്നു.

ബി എൽ ഒമാരുടെ ഗൃഹ സന്ദർശനം, കരട് തയ്യാറാക്കൽ, പരാതികൾ കേൾക്കൽ, അന്തിമ പട്ടിക പ്രസിദ്ധീകരിക്കൽ തുടങ്ങി എസ് ഐ ആറിന്റെ മൊത്തം പ്രക്രിയക്ക് ആകെ രണ്ട് മാസമാണ് കമ്മീഷൻ നൽകിയിരിക്കുന്നത്. എട്ട് കോടിയോളം വരുന്ന വോട്ടർമാരുടെ കണക്കെടുപ്പ് വീടുവീടാന്തരം കയറിയിറങ്ങി ഈ സമയത്തിനകം പൂർത്തിയാകുമെന്ന് പറയുന്നത് തികച്ചും അപ്രായോഗികമാണ്. 4.74 കോടി പേർക്കെങ്കിലും പുതിയ രേഖ സമർപ്പിക്കേണ്ടി വരും. സംസ്ഥാനത്തിന് പുറത്ത് തൊഴിൽ തേടി പോയവർ വിവരമറിഞ്ഞ് വരുമ്പോഴേക്കും വോട്ടർ പട്ടികക്ക് പുറത്താകും. ഒരു പക്ഷേ അത് പൗരത്വത്തിൽ നിന്നു തന്നെയുള്ള പുറത്താകലാകും.

എക്‌സ്‌ക്ലൂഷൻ (പുറന്തള്ളൽ) ആണ് പ്രക്രിയയുടെ ആത്യന്തിക ഫലം. അത് ആർക്ക് മേലൊക്കെ വിദേശമുദ്ര ചാർത്തുമെന്ന് പറയാനാകില്ല. അസമിൽ എൻ ആർ സി നടപ്പാക്കിയപ്പോൾ 19 ലക്ഷം പേരാണ് പുറത്തായത്. ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെ പുറന്തള്ളാനാണ് പദ്ധതി തയ്യാറാക്കിയിരുന്നതെങ്കിലും പുറത്തായവരിൽ നല്ലൊരു ശതമാനം ഹിന്ദുക്കളായിരുന്നു. അവരെല്ലാം ഇന്ന് ട്രൈബ്യൂണലുകൾ കയറിയിറങ്ങുകയാണ്. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത് വിശിഷ്ട സേവാ മുദ്ര ലഭിച്ച സൈനികൻ വരെ പൗരത്വത്തിന് പുറത്തായി.

ബിഹാറിലെ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ ഈ പുറന്തള്ളലിനെ കൂടുതൽ ഗുരുതരമാക്കുന്നുണ്ട്. തൊഴിലില്ലായ്മ ബിഹാറിലെ നല്ലൊരു ശതമാനം മനുഷ്യരെ പുറം സംസ്ഥാനങ്ങളിലേക്ക് തള്ളിവിട്ടിരിക്കുന്നു. തിരഞ്ഞെടുപ്പ് സമയത്ത് തിരിച്ചു വന്ന് വോട്ട് ചെയ്യുന്നവരാണവർ. ദളിതരും പിന്നാക്കക്കാരുമാണ് പ്രധാനമായും ഇങ്ങനെ പുറപ്പെട്ട് പോയവർ. കമ്മീഷന്റെ ഈ തിടുക്കപ്പെട്ട ശുദ്ധീകരണത്തിൽ ഇത്തരക്കാരാകും “വിദേശികളായി’ പട്ടികക്ക് പുറത്താകുക. എത്രമാത്രം ജനാധിപത്യവിരുദ്ധമായ ഏർപ്പാടാണിത്.

അടുത്ത പ്രശ്‌നം ഹാജരാക്കേണ്ട രേഖകളിലാണ്. 11 രേഖകളാണ് തെളിവായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്നത്. പെൻഷൻ കാർഡ് പോലുള്ള ഏതെങ്കിലും സർക്കാർ തിരിച്ചറിയൽ കാർഡുകൾ, പാസ്സ്പോർട്ട്, ജനന സർട്ടിഫിക്കറ്റ്, ഏതെങ്കിലും വിദ്യാഭ്യാസ ബോർഡോ സർവകലാശാലയോ നൽകുന്ന വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, സ്ഥിരം താമസ സർട്ടിഫിക്കറ്റ്, പട്ടികജാതി, പട്ടിക വർഗ, ഒ ബി സി സർട്ടിഫിക്കറ്റ്, വനാവകാശ സർട്ടിഫിക്കറ്റ്, ഭൂമി അലോട്ട്മെന്റ്സർട്ടിഫിക്കറ്റ്, സർക്കാർ നൽകുന്ന ഫാമിലി രജിസ്റ്റർ തുടങ്ങിയവയാണ് പട്ടികയിലുള്ളത്. കേരളത്തെ പോലെയല്ല, ജനന രജിസ്‌ട്രേഷനിൽ ബിഹാർ ചരിത്രപരമായി പിന്നിലാണ്. മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റുകൾ, സർക്കാർ നൽകിയ ഐ ഡികൾ തുടങ്ങി മറ്റ് “ഔദ്യോഗിക’ രേഖകൾ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിൽ, പ്രത്യേകിച്ച് ദരിദ്രരും വിദ്യാഭ്യാസം കുറഞ്ഞവരുമായവരിൽ കുറവായിരിക്കും. ആധാർ, റേഷൻ കാർഡുകൾ പോലെ വ്യാപകമായി ലഭ്യമായ രേഖകൾ കമ്മീഷന്റെ പട്ടികയിലില്ല.

രാജ്യവ്യാപക എൻ ആർ സിയിലേക്കുള്ള വളഞ്ഞ വഴിയാണ് സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷനെന്ന പ്രതിപക്ഷ ആശങ്ക തികച്ചും ന്യായമാണ്. ഇന്ന് ബിഹാറാണെങ്കിൽ അടുത്തത് ഇതേ പരിഷ്‌കാരം പശ്ചിമ ബംഗാളിൽ നടപ്പാക്കും. എൻ ആർ സി വിഷയത്തിൽ കോടതിയിൽ നിൽക്കുന്ന കേസുകളിൽ കേന്ദ്ര സർക്കാറിന്റെ വാദം സാധൂകരിക്കാവുന്ന രേഖയായി ബിഹാറിലെ വേഷ പ്രച്ഛന്ന എൻ ആർ സി മാറുമെന്നും ഭയക്കേണ്ടിയിരിക്കുന്നു.

Latest