Connect with us

articles

ഭൂരിപക്ഷ ഭീകരവാഴ്ച തന്നെ

പാരസ്പര്യത്തിന്റെ സകല ഈടുവെപ്പുകളും ഒരു നിമിഷം കൊണ്ട് കരിച്ചുകളഞ്ഞാണ് ഹോളിയും ജുമുഅയും ഒരേ സമയത്ത് പാടില്ല എന്ന് വര്‍ഗീയവാദികള്‍ പ്രഖ്യാപിക്കുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിം ന്യൂനപക്ഷം ഇതുപോലെ അരക്ഷിതാവസ്ഥയിലൂടെ കടന്നുപോയ കാലഘട്ടമുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.

Published

|

Last Updated

ഫ്രഞ്ച് എഴുത്തുകാരന്‍ ആന്‍ഡ്രൂ മല്‍റാക്‌സ് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനോട് ഒരിക്കല്‍ ചോദിച്ചു: സ്വാതന്ത്ര്യാനന്തരം താങ്കള്‍ നേരിടുന്ന ഏറ്റവും പ്രയാസമേറിയ വെല്ലുവിളി എന്താണ്? “മതാധിഷ്ഠിതമായ ഒരു രാജ്യത്ത് ഒരു മതേതര രാഷ്ട്രം കെട്ടിപ്പടുക്കുക എന്നത് തന്നെ’. നേരായ മാര്‍ഗത്തില്‍ നീതിപൂര്‍വകമായ ഒരു രാഷ്ട്രം പടുത്തുയര്‍ത്തുക അത്ര എളുപ്പമല്ല.

വിഭജിക്കപ്പെട്ട ഇന്ത്യയില്‍ അതിര്‍ത്തിക്കിരുവശത്തും ന്യൂനപക്ഷങ്ങള്‍ പീഡനങ്ങള്‍ക്കും കൂട്ടക്കൊലക്കും ഇരയാകുന്നത് കണ്ടാണ് ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ കൂടിയിരുന്ന് ഒരു ഉടമ്പടിയിലേര്‍പ്പെടുന്നത്. നെഹ്‌റു-ലിയാഖത്തലി ഖാന്‍ കരാര്‍ എന്ന പേരില്‍ പിന്നീട് അറിയപ്പെട്ട ആ ഉടമ്പടി അനുസരിച്ച് പാകിസ്താന്‍ അവിടുത്തെ ഹിന്ദുക്കളുടെയും ഇന്ത്യ മുസ്‌ലിം ന്യൂനപക്ഷത്തിന്റെയും സുരക്ഷയുടെ കാര്യത്തില്‍ പൂര്‍ണ ഉത്തരവാദികളായിരിക്കും. തിരിച്ചുവന്ന നെഹ്‌റു മുഖ്യമന്ത്രിമാര്‍ക്കുള്ള ദ്വൈവാര കത്തില്‍ (1950 മെയ് 2) ഇങ്ങനെ എഴുതി: “നമ്മുടെ മുന്നില്‍ വെല്ലുവിളികളുണ്ട്. അത് പാകിസ്താനില്‍ നിന്നുള്ളതല്ല. വര്‍ഗീയമായി മാത്രം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അറിയുന്ന നമ്മുടെ ആള്‍ക്കാരില്‍ നിന്നുള്ളതാണ്’. കോണ്‍ഗ്രസ്സ് നേതാക്കളെ നെഹ്‌റുവിന് പലപ്പോഴും ഓര്‍മപ്പെടുത്തേണ്ടി വന്ന ഒരു യാഥാര്‍ഥ്യമുണ്ട്, ഭൂരിപക്ഷ വര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയതയേക്കാള്‍ അങ്ങേയറ്റം അപകടകരവും സര്‍വനാശകരവുമാണ്.

നിലയ്ക്കാത്ത ന്യൂനപക്ഷ വേട്ട
വിഭജനാനന്തര ഇന്ത്യയുടെ കൂരിരുള്‍ നിറഞ്ഞ ദശാസന്ധിയില്‍ ഏത് ജനവിഭാഗത്തെ ഓര്‍ത്താണോ ഗാന്ധിജിയും നെഹ്‌റുവും മനസ്സ് നീറിപ്പുകച്ചത്, സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം കഴിയുമ്പോഴും ആ രാഷ്ട്രശില്‍പ്പികള്‍ പങ്കുവെച്ച സര്‍വ ആശങ്കകളും യാഥാര്‍ഥ്യമായി പുലരുന്ന ഭീകര കാഴ്ചയാണ് കെട്ടഴിഞ്ഞുവീണുകൊണ്ടിരിക്കുന്നത്. അന്ന് മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ടവരാണ് ജനാധിപത്യ മാര്‍ഗത്തിലൂടെ അധികാരത്തിലേറി ഭൂരിപക്ഷ മേധാവിത്തം സ്ഥാപിച്ച് ന്യൂനപക്ഷങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ഇന്ന് ഉത്തര്‍ പ്രദേശിലെ മുസ്‌ലിംകള്‍ ജുമുഅ നിസ്‌കാരത്തിന് പുറത്തിറങ്ങരുത് എന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിളംബരം ചെയ്തിരിക്കുകയാണ്. ഷാജഹാന്‍പൂര്‍ ജില്ലയില്‍ മാത്രം 70 പള്ളികള്‍ അടച്ചുപൂട്ടി ടാര്‍പോളിന്‍ ഷീറ്റ്‌കൊണ്ട് മറച്ചുകെട്ടിവെച്ചിരിക്കുകയാണ്. സംഭലില്‍ ആയിരത്തിലേറെ മുസ്‌ലിം യുവാക്കളെ കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുന്നു. കൊല്ലത്തില്‍ 53 വെള്ളിയാഴ്ചയും ജുമുഅ നിസ്‌കാരത്തിന് പോകുന്ന മുസ്‌ലിംകള്‍ ഹോളി ദിനത്തില്‍ പോകാതിരുന്നത് കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും സര്‍ക്കാര്‍ ആജ്ഞ ലംഘിച്ച് പുറത്തുകടക്കുന്നവര്‍ ആക്രമണം നേരിടേണ്ടിവരുമെന്നും ഭീഷണി മുഴക്കുന്നത് മുഖ്യമന്ത്രി യോഗി തന്നെയാണ്.

ജനാധിപത്യമാകട്ടെ രാജവാഴ്ചയാകട്ടെ സ്വേച്ഛാധിപത്യമാകട്ടെ ആധുനിക ലോകത്ത് ഏതെങ്കിലും ന്യൂനപക്ഷ സമൂഹം ഇമ്മട്ടിലുള്ളൊരു വെല്ലുവിളി നേരിടേണ്ടിവന്നതായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോ? മതസ്വാതന്ത്ര്യം ഹനിക്കപ്പെട്ട ഏതെങ്കിലും രാജ്യത്ത് ഇമ്മട്ടിലൊരു വിലക്കും വിലങ്ങും കാണേണ്ടിവന്നിട്ടുണ്ടോ. വിശ്വാസ, ആചാര, അനുഷ്ഠാന, പ്രബോധന, സാംസ്‌കാരിക, സ്വത്വ സ്വാതന്ത്ര്യം വലിയ അക്ഷരത്തില്‍ എഴുതിവെച്ച ഒരു ഭരണഘടന വാഴുന്ന രാജ്യത്താണ് ഒരു മതസമൂഹത്തിന്റെ വിശ്വാസ വിശാലതയിലേക്ക് ഹിന്ദുത്വ പ്രതിനിധാനം ചെയ്യുന്ന മതാന്ധത ക്രൂരമായ അധിനിവേശം നടത്തിയിരിക്കുന്നത്. ജുമുഅ നിര്‍വഹിക്കുന്നതിന് ഹോളി ആഘോഷങ്ങള്‍ക്ക് ഉച്ചക്ക് 12.30 മുതല്‍ രണ്ട് വരെ ഇടവേള നല്‍കുകയാണ് അഭികാമ്യമെന്ന് അഭിപ്രായപ്പെട്ടതിന് ധര്‍ഭംഗ മേയര്‍ അന്‍ജുന്‍ അറ എന്ന മുസ്‌ലിം സ്ത്രീയെ സോഷ്യല്‍ മീഡിയയിലൂടെ ഹിന്ദുത്വവാദികള്‍ കൊത്തിവലിച്ചു. ഇവര്‍ ബംഗ്ലാദേശിയാണെന്നും രാജ്യദ്രോഹിയാണെന്നും വരെ ചാപ്പ കുത്തി.

സഹികെട്ടപ്പോള്‍ പറഞ്ഞ വാക്കുകള്‍ പിന്‍വലിച്ച് അവര്‍ മാപ്പ് പറഞ്ഞിരിക്കുന്നു. മുമ്പ് രാമനവമിയും മുഹര്‍റവും ഒരുമിച്ചുവന്നപ്പോള്‍ സമയത്തില്‍ അല്‍പ്പം മാറ്റം വരുത്തി ഇരു കൂട്ടരും സമാധാനപരമായി ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കിയ അനുഭവം മുന്നില്‍ വെച്ചാണ് താന്‍ സംസാരിച്ചതെന്നും അല്ലാതെ ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്താനല്ലെന്നും അന്‍ജുന് വിശദീകരിക്കേണ്ടിവന്നു. ആര്‍ക്കെങ്കിലും വെള്ളിയാഴ്ച ജുമുഅ നിര്‍വഹിക്കണമെന്നുണ്ടെങ്കില്‍ അത് അവരുടെ വീട്ടില്‍ വെച്ചാകാമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉപദേശം. ജുമുഅ നിസ്‌കാരം പള്ളിയില്‍ തന്നെയാകണമെന്നില്ല എന്ന “ഫത്‌വ’യും അദ്ദേഹം പുറപ്പെടുവിച്ചിട്ടുണ്ട്.

സഹസ്രാബ്ദങ്ങളായി ഈ മണ്ണില്‍ പുഷ്‌കലിച്ചുവളര്‍ന്ന പാരസ്പര്യത്തിന്റെ സകല ഈടുവെപ്പുകളും ഒരു നിമിഷം കൊണ്ട് കരിച്ചുകളഞ്ഞാണ് ഹോളിയും ജുമുഅയും ഒരേ സമയത്ത് പാടില്ല എന്ന് വര്‍ഗീയവാദികള്‍ പ്രഖ്യാപിക്കുന്നത്. ഹിന്ദുവും മുസല്‍മാനും ഒത്തൊരുമിച്ച് ഹോളിയും പെരുന്നാളും മുഹര്‍റവുമൊക്കെ കൊണ്ടാടിയ “ഗംഗ യമുന തഹ്‌സീബ്’ എന്ന മതസമന്വയ സംസ്‌കാരത്തിന്റെ സമ്മോഹനമായ ദേശീയ പൈതൃകത്തെ ആര്‍ എസ് എസുകാര്‍ എത്ര ക്രൂരമായാണ് കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നത്. നെഹ്‌റുവിനെ ഇവര്‍ തള്ളിപ്പറയുന്നത് ഈ കാടത്തം പുറത്തെടുക്കാനാണ്. ഗാന്ധിജിയുടെ ഓര്‍മകളെ പോലും ഇവര്‍ ഉന്മൂലനം ചെയ്തുകൊണ്ടേയിരിക്കുന്നത് ജര്‍മനയിലെ നാസികളില്‍ നിന്നും ഇറ്റലിയിലെ ഫാസിസ്റ്റുകളില്‍ നിന്നും തങ്ങള്‍ പഠിച്ചുറപ്പിച്ച കൈരാതങ്ങള്‍ ന്യൂനപക്ഷങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ്.

ന്യൂനപക്ഷങ്ങളെ അപരവത്കരിച്ച് രണ്ടാം കിട പൗരന്മാരായി “ഗെറ്റോ’കളിലേക്ക് തള്ളിവിടാനുള്ള വി ഡി സവര്‍ക്കറുടെയും എം എസ് ഗോള്‍വാള്‍ക്കറുടെയും അതിമാരക സിദ്ധാന്തങ്ങള്‍ നടപ്പാക്കാനാണ്. ഫാസിസ്റ്റ് എന്നോ നിയോ ഫാസിസ്റ്റ് എന്നോ എന്തു വിളിച്ചാലും ശരി ഇക്കൂട്ടര്‍ മതേതര, ജനാധിപത്യ ഇന്ത്യ എന്ന നവീനമായ ആശയധാരയോട് ചേര്‍ന്നുനില്‍ക്കാന്‍ യോഗ്യരല്ലാത്തവരാണ്.

വിഭജന കാലത്തെ അരക്ഷിതാവസ്ഥ
സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിം ന്യൂനപക്ഷം ഇതുപോലെ അരക്ഷിതാവസ്ഥയിലൂടെ കടന്നുപോയ കാലഘട്ടമുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. വിഭജനാനന്തര കാലത്ത് ചരിത്രകാരനായ ഡബ്ല്യു സ്മിത്ത് സൂചിപ്പിച്ചത് “ചകിതരും നിരാശരും എല്ലാവരാലും തിരസ്‌കൃതരുമായി’ കഴിഞ്ഞപ്പോഴും ലോകത്തിന്റെ ശ്രദ്ധ ഇന്ത്യയില്‍ ബാക്കിയായ അഞ്ച് കോടി മുസ്‌ലിംകളുടെ മേല്‍ ഉണ്ടായിരുന്നു.

നെഹ്‌റുവിനെ പോലെയുള്ള അതികായന്മാരുടെ സാന്നിധ്യം ആത്മവിശ്വാസം പകര്‍ന്നു. ആ പരീക്ഷണ ഘട്ടത്തില്‍ ദേശീയ തലത്തില്‍ തന്നെ മുസ്‌ലിം ശബ്ദം കേള്‍പ്പിക്കാന്‍ ഉത്തരവാദിത്വബോധമുള്ള മീഡിയയും മതനിരപേക്ഷമായി ചിന്തിക്കുന്ന പ്രഗത്ഭരും പ്രതിബദ്ധതയുള്ള മുസ്‌ലിം നേതാക്കളുമുണ്ടായിരുന്നു. ഇന്ന് വെല്ലുവിളികള്‍ക്കു നടുവില്‍ ആടിയുലയുന്ന മുസ്‌ലിം ന്യൂനപക്ഷത്തിന് ദിശാബോധം നല്‍കാന്‍ കൂട്ടായ നേതൃത്വമോ അവരുടെ ആധിയും അങ്കലാപ്പും മനസ്സിലാക്കുന്ന മതേതര ശക്തികളോ വ്യക്തിത്വങ്ങളോ ഇല്ല എന്നത് ചിന്തിക്കുന്നവര്‍ക്ക് നെടുവീര്‍പ്പാണ് സമ്മാനിക്കുന്നത്. ആര്‍ എസ് എസ് മുന്നോട്ടുവെക്കുന്ന ഹിന്ദുരാഷ്ട്ര പദ്ധതി ബഹുദൂരം മുന്നോട്ടുപോയിക്കഴിഞ്ഞു എന്ന് സമ്മതിക്കലാണ് ബുദ്ധി.

ഭരണഘടനയില്‍ കാതലായ മാറ്റം വരുത്താതെ തന്നെ ഏക സിവില്‍ കോഡ് നടപ്പാക്കാനാകുമെന്ന് ഉത്തരാഖണ്ഡിലെ പരീക്ഷണം തെളിയിച്ചു. രാജ്യത്തിന് പൊതുവായ ഒരു സിവില്‍ കോഡ് എന്ന ആശയത്തെ വികൃതമാക്കി ഓരോ സംസ്ഥാനത്തിനും ഓരോ സിവില്‍ കോഡ് എന്ന യുക്തിക്കോ സാമാന്യബുദ്ധിക്കോ നിരക്കാത്ത പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഉത്തരാഖണ്ഡിന് പിന്നാലെ ഗുജറാത്തിലും അസമിലും മധ്യപ്രദേശിലും പൊതു സിവില്‍ കോഡ് നിലവില്‍ വരാന്‍ പോകുകയാണ്. വഖ്ഫ് നിയമ ഭേദഗതി പ്രയോഗത്തില്‍ വരുന്നതോടെ മുസ്‌ലിംകള്‍ നേരിടാന്‍ പോകുന്ന കഷ്ടനഷ്ടങ്ങള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരിക്കും. എന്നാല്‍ ആരുടെ മുന്നില്‍ ഈ സങ്കടങ്ങള്‍ അവതരിപ്പിക്കണം എന്ന ചോദ്യത്തിന് ഉത്തരമില്ലാത്ത അവസ്ഥ. മതേതര പാര്‍ട്ടികളുടെ ദേശീയ അജന്‍ഡകളില്‍ പോലും ഇതൊന്നും കടന്നുവരുന്നില്ല. ഹോളി, ജുമുഅ വിവാദം നാടാകെ പടരുമ്പോഴും പാര്‍ലിമെന്റില്‍ വിഷയം പരാമര്‍ശിക്കാന്‍ പോലും മതേതര പാര്‍ട്ടി നേതാക്കള്‍ക്ക് സാധിക്കുന്നില്ല.

പള്ളികള്‍, മദ്‌റസകള്‍, ശ്മശാനങ്ങള്‍, എന്തിന്. മുസ്‌ലിംകളുടെ വീടുകളും കടകളും പോലും കടുത്ത ഭീഷണിയുടെ നിഴലിലാണ്. കോടതിയില്‍ നിന്നോ മറ്റു ഭരണഘടനാ സ്ഥാപനങ്ങളില്‍ നിന്നോ നീതി കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചത് പോലെയാണ്. അതേസമയം വര്‍ഗീയ ഫാസിസം വിജയിച്ചുകൊണ്ടിരിക്കുന്നു. ശൂന്യതയില്‍ നിന്ന് ഒരു വിവാദമുണ്ടാക്കി എത്ര പെട്ടെന്നാണ് സംഭല്‍ മസ്ജിദിനെ ‘തര്‍ക്കവസ്തു’വാക്കി മാറ്റിയെടുത്തത്. നീതിപീഠം അതിന് അംഗീകാരം നല്‍കിയില്ലേ? ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി വാദിച്ചാല്‍ പിന്തുണയും വോട്ടും നഷ്ടപ്പെടുമെന്ന ഭീതി സെക്യുലര്‍ കൂട്ടായ്മകളെ പലപ്പോഴും കപടനാടകങ്ങള്‍ക്ക് പ്രേരിപ്പിക്കുകയാണ്. ഉത്കണ്ഠാകുലമാണ് മൊത്തത്തിലുള്ള അവസ്ഥ. രാഷ്ട്രശില്‍പ്പികള്‍ സ്വപ്‌നം കണ്ട പാരസ്പര്യത്തിന്റെയും വിട്ടുവീഴ്ചയുടെയും ആധുനിക ഇന്ത്യയെ വര്‍ഗീയ കാപാലികരുടെ കാല്‍ക്കല്‍ അടിയറവ് പറയാതിരിക്കാന്‍ എന്ത് ചെയ്യണമെന്നാണ് ഇനി കൂട്ടായി ചിന്തിക്കാനുള്ളത്.