Connect with us

siraj editorial

കര്‍ഷക വിജയം നല്‍കുന്ന പാഠം

പലപ്പോഴും നിരവധി സമരങ്ങള്‍ നടത്തി വിജയം കാണാനാകാതെ പിന്തിരിയേണ്ടി വന്ന രാജ്യത്തെ പ്രതിപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഒരു പാഠവും മാതൃകയുമാണ് കര്‍ഷക പ്രക്ഷോഭം. പതിവു പ്രതിഷേധങ്ങള്‍ക്കും ബഹളങ്ങള്‍ക്കും രാഷ്ട്രീയ ലാക്കോടെയുള്ള ചില കാട്ടിക്കൂട്ടലുകള്‍ക്കുമപ്പുറം മുന്നോട്ടു പോകാത്തതാണ് രാഷ്ട്രീയ സമരങ്ങള്‍ വിജയം കാണാത്തതിനു കാരണം

Published

|

Last Updated

നങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ ഏത് ഫാസിസ്റ്റ് ഭരണകൂടത്തിനും മുട്ടുമടക്കേണ്ടി വരുമെന്നതിന്റെ മികച്ച സാക്ഷ്യമാണ് കര്‍ഷക സമരത്തിന്റെ വിജയകരമായ സമാപ്തി. ഒരു വര്‍ഷത്തിലധികം നീണ്ട ഐതിഹാസിക കര്‍ഷക പോരാട്ടം, വിവാദമായ മൂന്ന് നിയമങ്ങളും പിന്‍വലിക്കുകയും കര്‍ഷക നേതാക്കള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കുകയും ചെയ്തതോടെയാണ് പരിസമാപ്തിയായത്. “ഞങ്ങളുടെ സമരം താത്കാലികമായി നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നു. ജനുവരി 15ന് അവലോകന യോഗം ചേരും. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ സമരം പുനരാരംഭിക്കു’മെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. നിയമത്തില്‍ ചില ഭേദഗതികളാകാമെന്നല്ലാതെ പിന്‍വലിക്കില്ലെന്ന പിടിവാശിയിലായിരുന്നു പതിനൊന്ന് മാസത്തോളം മോദി സര്‍ക്കാര്‍. സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടായിട്ടു പോലും നിയമം പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ സര്‍ക്കാര്‍ ഒടുവില്‍ കര്‍ഷക വീര്യത്തിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു.

നവംബര്‍ 19ന് ഗുരുനാനാക്ക് ജയന്തി ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. സമരം ഉടനെ അവസാനിപ്പിക്കാനും കര്‍ഷകരോട് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ നിയമം പിന്‍വലിച്ചതു കൊണ്ടായില്ല തങ്ങളുന്നയിച്ച മറ്റു ആവശ്യങ്ങളും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നായിരുന്നു കര്‍ഷക നേതാക്കളുടെ പ്രതികരണം. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സന്നദ്ധമാണെന്നറിയിച്ച് വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംയുക്ത കിസാന്‍ മോര്‍ച്ചക്ക് കത്തയച്ചിരുന്നു. വാക്കാലുള്ള ഉറപ്പ് പോരാ, രേഖാമൂലം ഒപ്പിട്ടു നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കേന്ദ്രം അതിനും വഴങ്ങേണ്ടി വന്നു. പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ മാത്രമേ കേസുകള്‍ പിന്‍വലിക്കുകയുള്ളൂ എന്നാണ് കേന്ദ്രം ആദ്യം അറിയിച്ചിരുന്നത്. കേസുകള്‍ പിന്‍വലിച്ചെങ്കിലേ സമരം പിന്‍വലിക്കുകയുള്ളൂവെന്ന് കര്‍ഷകരും. ഇവിടെയും ഒടുവില്‍ കേന്ദ്രം വഴങ്ങുകയും കേസുകള്‍ പിന്‍വലിക്കുന്ന നടപടികള്‍ ആരംഭിച്ചതായി കര്‍ഷക സമിതിയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ചേര്‍ന്ന സംയുക്ത കിസാന്‍മോര്‍ച്ച യോഗത്തിലാണ് പ്രക്ഷോഭം അവസാനിച്ചതായുള്ള പ്രഖ്യാപനം വന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഒരു സര്‍ക്കാര്‍ ഇത്തരത്തില്‍ ദയനീയമായി കീഴടങ്ങേണ്ടിവന്നത്. രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന ഗര്‍വിലും പാര്‍ലിമെന്റിലെ തിണ്ണമിടുക്കിലും ചര്‍ച്ചയും വോട്ടിംഗും കൂടാതെ പാസ്സാക്കിയ നിയമങ്ങള്‍ക്കുണ്ടായ ഇത്തരമൊരു പര്യവസാനം മോദിസര്‍ക്കാറിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ്.

സമഗ്രമായ ഉത്പാദനച്ചെലവ് അടിസ്ഥാനമാക്കിയുള്ള എം എസ് പി എല്ലാ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും എല്ലാ കര്‍ഷകര്‍ക്കും നിയമപരമായ അവകാശമാക്കുക, കേന്ദ്രത്തിന്റെ പുതിയ കരട് വൈദ്യുതി നിയമ ഭേദഗതി ബില്‍ പിന്‍വലിക്കുക, ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കര്‍ഷകരെ ശിക്ഷിക്കുന്നതിനുള്ള എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷനിലെ വ്യവസ്ഥകള്‍ നീക്കംചെയ്യുക, പ്രക്ഷോഭത്തിനിടെ ഡല്‍ഹി, ഹരിയാന, ചണ്ഡീഗഢ്, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുക, ലഖിംപൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുക, പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 700 കര്‍ഷക കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കുക, മരിച്ച കര്‍ഷകരുടെ സ്മരണക്കായി സ്മാരകം നിര്‍മിക്കാന്‍ സിംഘു അതിര്‍ത്തിയില്‍ ഭൂമി നല്‍കുക എന്നീ ആവശ്യങ്ങളായിരുന്നു കര്‍ഷക സമരം പിന്‍വലിക്കുന്നതിനു പുറമെ കര്‍ഷകര്‍ മുന്നോട്ടു വെച്ചത്.

മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ്, 1988 ഒക്ടോബറില്‍ ഡല്‍ഹി ബോട്ട് ക്ലബ് മൈതാനിയില്‍ ഭാരതീയ കിസാന്‍ യൂനിയന്റെ നേതൃത്വത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോള്‍ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തിയ സമരവും പര്യവസാനവും. നിലവിലെ സമരത്തിനു നേതൃത്വം വഹിച്ച രാകേഷ് ടികായത്തിന്റെ പിതാവ് മഹേന്ദ്ര സിംഗ് ടികായത്തായിരുന്നു അന്നത്തെ സമരത്തിന്റെ നേതൃനിരയിലെ പ്രമുഖന്‍. ട്രാക്ടറുകളിലും ട്രോളികളിലും കാളവണ്ടികളിലും സൈക്കിളുകളിലും കാല്‍നടയായും രണ്ടര ലക്ഷത്തോളം കര്‍ഷകരാണ് അന്ന് ഡല്‍ഹിയിലെ സമര വേദിയിലെത്തിച്ചേര്‍ന്നത്. കര്‍ഷക വായ്പകള്‍ എഴുതിത്തള്ളുക, വൈദ്യുതി കടങ്ങള്‍ വെട്ടിക്കുറക്കുക, കാര്‍ഷിക വില നിര്‍ണയ കമ്മീഷനില്‍ കര്‍ഷക പ്രാതിനിധ്യം തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍. വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള അന്നത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തുടക്കത്തില്‍ സമരത്തെ അത്ര കാര്യമായെടുത്തില്ല. എങ്കിലും കര്‍ഷകര്‍ വീര്യം ചോരാതെ സമരവേദിയില്‍ ഉറച്ചു നിന്നു. ഒടുവില്‍ ആവശ്യങ്ങളില്‍ ഭൂരിഭാഗവും നേടിയെടുത്താണ് ഒരാഴ്ചക്കു ശേഷം കര്‍ഷകര്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയത്.

അന്നത്തെ സമരത്തിനു പക്ഷേ പ്രതിപക്ഷ നിരയുടെയും സാമൂഹിക, സന്നദ്ധ സംഘടനകളുടെയും പ്രത്യക്ഷ പിന്തുണയുണ്ടായിരുന്നു. ഇന്ന് ഒരു പാര്‍ട്ടിയുടെയും പ്രത്യക്ഷ പിന്തുണയില്ലാതെയാണ് സമരം ഐതിഹാസിക വിജയം നേടിയത്. ചില പ്രതിപക്ഷ കക്ഷികള്‍ സമരത്തില്‍ പങ്കാളിത്തം വഹിക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും, ഞങ്ങളുടെ സമരത്തിന് രാഷ്ട്രീയ നിറമില്ലെന്നു പറഞ്ഞ് കര്‍ഷക നേതാക്കള്‍ അത് നിരസിക്കുകയായിരുന്നു. എങ്കിലും പ്രതിപക്ഷത്തിന്റെ പരോക്ഷമായ എല്ലാ പിന്തുണയും ലഭിച്ചു. പലപ്പോഴും നിരവധി സമരങ്ങള്‍ നടത്തി വിജയം കാണാനാകാതെ പിന്തിരിയേണ്ടി വന്ന രാജ്യത്തെ പ്രതിപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഒരു പാഠവും മാതൃകയുമാണ് കര്‍ഷക പ്രക്ഷോഭം. പതിവു പ്രതിഷേധങ്ങള്‍ക്കും ബഹളങ്ങള്‍ക്കും രാഷ്ട്രീയ ലാക്കോടെയുള്ള ചില കാട്ടിക്കൂട്ടലുകള്‍ക്കുമപ്പുറം മുന്നോട്ടു പോകാത്തതാണ് രാഷ്ട്രീയ സമരങ്ങള്‍ വിജയം കാണാത്തതിനു കാരണം. സമര വേദിയില്‍ മരിച്ചുവീണാലും വിജയം കാണാതെ പിന്മാറില്ലെന്ന നിശ്ചയ ദാര്‍ഢ്യവും ശപഥവുമാണ് കര്‍ഷക സമരം ലക്ഷ്യത്തിലെത്തിച്ചത്. നിശ്ചയ ദാര്‍ഢ്യവും ശരിയായ ലക്ഷ്യബോധവുമുണ്ടെങ്കില്‍ വിജയത്തിലെത്തിക്കാവുന്നതാണ് ഉദ്ദേശശുദ്ധിയോടെയുള്ള ഏത് പ്രക്ഷോഭവും.

Latest