Connect with us

Kerala

സ്‌കൂള്‍ കലോത്സവം സമാപിച്ചു; കലോത്സവ നടത്തിപ്പില്‍ കാതലായ മാറ്റമുണ്ടാകുമെന്ന് മന്ത്രി; ശിവന്‍കുട്ടിക്ക് അഭിനന്ദനവുമായി വി ഡി സതീശന്‍

സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായിരുന്നു.

Published

|

Last Updated

തൃശൂര്‍ | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നിറപ്പകിട്ടാര്‍ന്ന സമാപനം. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായിരുന്നു.

ഗുരുതര അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാസര്‍കോട്ടെ സിയ ഫാത്തിമ എന്ന കുട്ടിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കിയതില്‍ മന്ത്രി വി ശിവന്‍കുട്ടിയെ പ്രതിപക്ഷ നേതാവ് പ്രത്യേകം അഭിനന്ദിച്ചു. യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സിയക്ക് എച്ച് എസ് വിഭാഗം അറബിക് പോസ്റ്റര്‍ രചനാ മത്സരത്തില്‍ പങ്കെടുക്കാനാണ് മന്ത്രിയുടെ ഇടപെടലിലൂടെ അവസരം ലഭിച്ചത്. കലോത്സവ ചട്ടം ഭേദഗതി ചെയ്തുകൊണ്ടായിരുന്നു നടപടി.

സംസ്‌കാരിക കേരളത്തിന്റെ തലസ്ഥാനം എന്ന വിശേഷണത്തെ അന്വര്‍ഥമാക്കി കലോത്സവത്തെ തൃശൂര്‍ നെഞ്ചേറ്റിയെന്നും സമാപന സമ്മേളനത്തില്‍ സതീശന്‍ പറഞ്ഞു. എന്നും ഓര്‍ത്തിരിക്കാനാകുന്ന നിരവധി അനുഭവങ്ങളാണ് ഓരോ കലോത്സവവും സമ്മാനിക്കുന്നത്. എല്ലാ സ്വപ്‌നങ്ങളും യാഥാര്‍ഥ്യമാക്കാന്‍ കരുത്തുള്ളവരാണ് ഈ കുട്ടികളെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വിദ്യാര്‍ഥികള്‍ ജര്‍മനിയിലേക്കോ ബ്രിട്ടനിലേക്കോ ഒന്നും പോകാതെ എല്ലാവരും ഇവിടെ തന്നെ ഉണ്ടാകുന്ന സംവിധാനവും സാഹചര്യവും സംസ്ഥാനത്ത് സൃഷ്ടിക്കേണ്ടതുണ്ട്. പഠനത്തിനും ജോലിക്കുമായി കുട്ടികള്‍ വിദേശത്തേക്ക് പോകുന്നതില്‍ നമുക്കെല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. അവരെ ഇവിടെ തന്നെ നിര്‍ത്തിയാല്‍ സംസ്ഥാനത്തെ നമുക്ക് ഉയരങ്ങളില്‍ എത്തിക്കാനാകും. നിലവിലെ നില തുടര്‍ന്നാല്‍ കേരളം ഒരു വൃദ്ധസദനമായി മാറിയേക്കും. കേരളത്തെ മാറ്റിയെടുക്കാന്‍ കഴിയുന്ന യുവത്വമാണ് ഇവിടെയുള്ളതെന്നും വി ഡി സതീശന്‍ പറഞ്ഞു.

കലയെ ഗൗരവമായി സമീപിക്കുന്ന കുട്ടികള്‍ക്ക് കലാ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കലാവാസനയുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ സ്‌കൂളില്‍ പ്രത്യേക അധ്യാപകരെ നിയമിക്കാന്‍ നടപടിയുണ്ടാകും. ഭിന്നശേഷി കുട്ടികള്‍ക്ക് കൂടി പങ്കെടുക്കുന്ന രീതിയില്‍ കലോത്സവം മാറ്റുന്നത് പരിഗണനയിലുണ്ട്.

അടുത്ത വര്‍ഷം മുതല്‍ കലോത്സവ നടത്തിപ്പില്‍ കാതലായ മാറ്റമുണ്ടാകും. അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ സ്‌കൂള്‍, സബ് ജില്ല, ജില്ല, സംസ്ഥാന കലോത്സവങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂള്‍ കലോത്സവങ്ങളിലെ പരാതി ഒഴിവാക്കാന്‍ പുറത്തുനിന്ന് നിരീക്ഷകരെ നിയോഗിക്കും. കലോത്സവവും ഇന്‍ക്ലൂസീവ് ഫെസ്റ്റിവലായി മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.

 

 

---- facebook comment plugin here -----

Latest