Connect with us

Kerala

ഒരു തുള്ളിവെള്ളത്തിന്റെ വിലയറിഞ്ഞ് നോമ്പനുഭവം നേടി അവര്‍

നോമ്പിന്റെ വിശേഷം കൂട്ടുകാര്‍ പറയുന്നതുകേട്ടാണ് ഒരുനാള്‍ നോമ്പ് അനുഭവിക്കണമെന്ന് അവര്‍ തീരുമാനിച്ചത്.

Published

|

Last Updated

ഉള്ളിയേരി: ദാഹ ജലത്തിന് ഇത്രയേറെ മൂല്യമുണ്ടെന്ന് അവര്‍ ആദ്യമായി അറിഞ്ഞു. സഹപാഠികള്‍ പറഞ്ഞുകേട്ട നോമ്പിനെ അറിയാന്‍ ആദ്യമായി നോമ്പെടുത്തതായിരുന്നു അവര്‍ നാലുപേര്‍.
ഉള്ളിയേരി കൊടോളിക്കണ്ടി മീത്തല്‍ മൂന്നു സഹോദരങ്ങളുടെ മക്കളായ ആറാംക്ലാസുകാരി അലൈഖ്യ മീനാക്ഷി, ഒമ്പതാം ക്ലാസുകാരി വൈഷ്ണവി, പത്താംക്ലാസുകാരി ശിവരാമി, പിജി വിദ്യാര്‍ഥിനി ശിവകാമി എന്നിവരാണ് പുലര്‍ച്ചെയുണര്‍ന്ന് അത്താഴം കഴിച്ചു ബാങ്കു വിളിക്കു കാതോര്‍ത്തത്. ആ ദിവസം അന്ന പാനങ്ങളെല്ലാം വെടിഞ്ഞ് അവര്‍ വിദ്യാലയത്തിലേക്കു പോയി. വൈകീട്ട് വന്നു നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കി വച്ചു. നോമ്പുതുറക്കാനുള്ള ബാങ്കു വിളിക്കായി കാതോര്‍ത്തിരുന്നു. ഈത്തപ്പഴംകൊണ്ടു നോമ്പുതുറന്നു. മറ്റു പഴവര്‍ഗങ്ങള്‍, ജ്യൂസ്… ബിരിയാണിയും മന്തിയുമെല്ലാം ഒരുക്കിയിരുന്നു. നോമ്പുതുറക്കാന്‍ മറ്റു പത്തോളം കുടുംബാംഗങ്ങളും വന്നു.
നോമ്പിന്റെ വിശേഷം കൂട്ടുകാര്‍ പറയുന്നതുകേട്ടാണ് ഒരുനാള്‍ നോമ്പ് അനുഭവിക്കണമെന്ന് അവര്‍ തീരുമാനിച്ചത്. ഒരു തുള്ളി വെള്ളത്തിന് ഇത്രയും വിലയുണ്ടെന്ന് മനസ്സിലാക്കിത്തന്ന ദിവസമായിരുന്നു ഈ നോമ്പെന്നും മനസ്സും ശരീരവും ഒരുപോലെ നോമ്പിനെ അനുഭവിച്ചെന്നും അവര്‍ പറയുന്നു.
കൊടോളിക്കണ്ടി സുനിത-ജൈനീഷ് ദമ്പതികളുടെ മകളാണ് അലൈഖ്യ മീനാക്ഷി, സുനിത- ബാബു ദമ്പതികളുടെ മകളാണ് വൈഷ്ണവി, സുനിത-ഗിരീഷ് ദമ്പതികളുടെ മക്കളാണ് ശിവകാമിയും ശിവരാമിയും.

Latest