Eduline
എം ബി എ പഠിക്കാം
ജനുവരി 13നാണ് അപേക്ഷാ പ്രക്രിയ ആരംഭിച്ചത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ജോധ്പൂരിലെ മാസ്റ്റർ ഓഫ് ബിസിനസ്സ് അഡ്മിനിസ്‌ട്രേഷൻ (എം ബി എ) പ്രോഗ്രാമിലേക്കുള്ള പ്രവേശന സമയപരിധി നീട്ടി. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക പ്രവേശന പോർട്ടലായ https://www.iitj.ac.in/ വഴി ഈ മാസം പത്ത് വരെ ഫീസടച്ച് അപേക്ഷ സമർപ്പിക്കാം. ജനുവരി 13നാണ് അപേക്ഷാ പ്രക്രിയ ആരംഭിച്ചത്.
പ്രോഗ്രാം ഘടന
സ്‌കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ് (എസ് എം ഇ) ആണ് എം ബി എ പ്രോഗ്രാം വാഗ്‌ദാനം ചെയ്യുന്നത്. ആദ്യ വർഷത്തിൽ, വിദ്യാർഥികൾ അടിസ്ഥാന കോഴ്സ് പൂർത്തിയാക്കും. രണ്ടാം വർഷത്തിൽ, എം ബി എ അല്ലെങ്കിൽ എം ബി എ ടെക്‌നോളജി ബിരുദത്തിൽ ഒന്ന് തിരഞ്ഞെടുക്കാം. വിദേശത്തുള്ള പങ്കാളി ബിസിനസ്സ് സ്‌കൂളുകളിൽ രണ്ടാം വർഷം പഠിക്കാനുള്ള അവസരവും വിദ്യാർഥികൾക്കുണ്ട്.
വിദേശ സ്ഥാപനങ്ങൾ
- സണ്ണി ആൽബനി ബിസിനസ്സ് സ്കൂൾ
- ബ്രാൻഡെയ്സ് ഇന്റർനാഷനൽ ബിസിനസ്സ് സ്കൂൾ
- ജോർജ് വാഷിംഗ്ടൺ യൂനിവേഴ്സിറ്റി
- കേസ് വെസ്റ്റേൺ റിസർർവ് യൂനിവേഴ്സിറ്റി
ഈ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നത് വഴി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിഗ്രി നേടാൻ സാധിക്കും.
യോഗ്യത
- അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്ന് ബാച്ചിലേഴ്‌സ് ബിരുദമോ തത്തുല്യ യോഗ്യതയോ നേടിയിരിക്കണം.
- അവസാന വർഷ വിദ്യാർഥികൾക്കും നിബന്ധനകളോടെ അപേക്ഷിക്കാം.
- അപേക്ഷ സമർപ്പിച്ച് രണ്ട് മാസത്തിനുള്ളിൽ പാസ്സായ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇല്ലെങ്കിൽ പ്രവേശനം റദ്ദാക്കും.
- കുറഞ്ഞത് 60 ശതമാനം മാർക്കോടെയുള്ള ബിരുദം അല്ലെങ്കിൽ സി ജി പി എ (ക്യുമിലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജ്) 6.0 പോയിന്റ് വേണം.
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (ക്യാറ്റ്)- 2025ൽ അപേക്ഷകർക്ക് സാധുവായ സ്‌കോർ ഉണ്ടായിരിക്കണം.
പ്രവേശനം
രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്. ക്യാറ്റ് സ്‌കോർ, പ്രവൃത്തി പരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ ആദ്യം ഷോർട്ട് ലിസ്റ്റ് ചെയ്യും. ഈ ഉദ്യോഗാർഥികളെ വെർച്വൽ പേഴ്സനൽ അഭിമുഖത്തിനായി വിളിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് തിരഞ്ഞെടുക്കുക.
അന്താരാഷ്ട്ര അപേക്ഷകർ
അന്താരാഷ്ട്ര ഉദ്യോഗാർഥികൾ സമാനമായ അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കണം. അവരുടെ ബിരുദങ്ങൾ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്സിറ്റീസ് (എ ഐ യു) വഴി പരിശോധിക്കും. പ്രവേശനം മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇതിനായി 300 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ജി ആർ ഇ (ഗ്രാജ്വേറ്റ് റെക്കോർഡ് എക്സാമിനേഷൻ) സ്‌കോർ അല്ലെങ്കിൽ 600 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ജി മാറ്റ് (ഗ്രാജ്വേറ്റ് മാനേജ്മെന്റ്അഡ്മിഷൻ ടെസ്റ്റ്) സ്‌കോർ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നേടിയിരിക്കണം.
ഫീസ് ഘടന
ഇന്ത്യൻ വിദ്യാർഥികൾ (2026-2028 ബാച്ച്) ട്യൂഷൻ ഫീസ് ഒരു സെമസ്റ്ററിന് 2,25,000 രൂപ അടയ്ക്കണം.
ഇന്റർനാഷനൽ ഡ്യുവൽ ഡിഗ്രി തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾ ഐ ഐ ടി ജോധ്പൂരിലും പങ്കാളി ഇൻസ്റ്റിറ്റ്യൂട്ടിലും ബാധകമായ ഫീസ് അടയ്ക്കണം. 80 സീറ്റുകളിലാണ് ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രവേശനം.
സാർക്ക് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഇന്ത്യൻ വിദ്യാർഥികൾക്ക് ബാധകമായ ട്യൂഷൻ ഫീസിന്റെ 1.5 മടങ്ങ് നൽകണം.
സാർക്ക് ഇതര രാജ്യങ്ങളിൽ നിന്നുള്ള വർ ഇന്ത്യൻ വിദ്യാർഥികൾക്ക് ബാധകമായ ട്യൂഷൻ ഫീസിന്റെ ഇരട്ടി നൽകണം. അന്താരാഷ്ട്ര വിദ്യാർഥികൾക്ക് പത്ത് സീറ്റുകളാണ് മാറ്റിവെച്ചത്. സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടാൽ അപേക്ഷകർ erp@iitj.ac.in ഇമെയിലിൽ പരാതി നൽകാം. എം ബി എയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് admission_sme@iitj.ac.in എന്ന വിലാസത്തിലും സ്‌കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ്, ഐ ഐ ടി ജോധ്പൂരിലെ അഡ്മിഷൻ ഓഫീസുമായും ബന്ധപ്പെടാം. അല്ലെങ്കിൽ 0291-280-1807 എന്ന നമ്പറിൽ വിളിക്കാം.






