Eduline
പറക്കാം ജർമനിയിൽ
ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ് ബിരുദങ്ങൾക്കും പി എച്ച് ഡിക്കും ചേരുന്ന വിദ്യാർഥികൾക്കാണ് പൂർണ ധനസഹായത്തോടെ സ്കോളർഷിപ്പ് നൽകുന്നത്.
ജർമനിയിൽ പഠിക്കാൻ പദ്ധതിയിടുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ഹൈഡൽബെർഗ് യൂനിവേഴ്‌സിറ്റി. ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ് ബിരുദങ്ങൾക്കും പി എച്ച് ഡിക്കും ചേരുന്ന വിദ്യാർഥികൾക്കാണ് പൂർണ ധനസഹായത്തോടെ സ്കോളർഷിപ്പ് നൽകുന്നത്. ജർമനിയിലെ ഏറ്റവും പഴക്കമേറിയ അറിയപ്പെടുന്ന യൂനിവേഴ്സിറ്റിയാണ് ഹൈഡൽബെർഗ്. സ്കോളർഷിപ്പിൽ ട്യൂഷൻ ഫീസ്, ജീവിതച്ചെലവ്, ആരോഗ്യ ഇൻഷ്വറൻസ് എന്നിവ ഉൾക്കൊള്ളുന്നു.
സ്‌കോളർഷിപ്പ്
- ബാച്ചിലേഴ്‌സ് സ്‌കോളർഷിപ്പുകൾ: ബിരുദ വിദ്യാർഥികൾക്ക്
- മാസ്റ്റേഴ്‌സ് സ്‌കോളർഷിപ്പുകൾ: ഏതെങ്കിലും പ്രോഗ്രാമിൽ അഡ്വാൻസ്ഡ് പഠനം നടത്തുന്ന ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക്
- പിഎച്ച് ഡി സ്‌കോളർഷിപ്പുകൾ: ഗവേഷണ വിദ്യാർഥികൾക്ക് ട്യൂഷൻ, ഗവേഷണ ചെലവുകൾ, ജീവിതച്ചെലവുകൾ എന്നിവ നൽകുന്നു
യോഗ്യത
- ഹൈഡൽബെർഗ് യൂനിവേഴ്‌സിറ്റിയിൽ ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ് അല്ലെങ്കിൽ പിഎച്ച് ഡി പ്രോഗ്രാമിലേക്ക് പ്രവേശനം നേടിയിരിക്കണം
- അക്കാദമിക് യോഗ്യതകൾ ഉണ്ടായിരിക്കണം
- പ്രോഗ്രാമിനെ ആശ്രയിച്ച് ഇംഗ്ലീഷ്, ജർമൻ ഭാഷാ പ്രാവീണ്യം
- സി വി, പ്രചോദന കത്ത്, റഫറൻസ് ലെറ്ററുകൾ, മറ്റ് ആവശ്യമായ രേഖകൾ സമർപ്പിക്കണം.
ആനുകൂല്യങ്ങൾ
- പൂർണ ട്യൂഷൻ ഫീസിളവ്
- ജീവിതച്ചെലവുകൾക്കുള്ള സ്റ്റൈപെൻഡ്
- സർവകലാശാലാ ഗവേഷണത്തിനും ലൈബ്രറികളിലും പ്രവേശനം.
- ആരോഗ്യ ഇൻഷ്വറൻസ്
അപേക്ഷിക്കേണ്ട രീതി
- ഇഷ്ടപ്പെട്ട പ്രോഗ്രാം തിരഞ്ഞെടുക്കുക
- ആവശ്യമായ എല്ലാ രേഖകളും തയ്യാറാക്കുക.
- ഹൈഡൽബെർഗ് സർവകലാശാലയുടെ ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കുക.
ഈ മാസം 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. വിദ്യാർഥികൾ നേരത്തേ അപേക്ഷിക്കണമെന്നും വിവരങ്ങൾക്കായി സർവകലാശാലയുടെ ഔദ്യോഗിക സ്‌കോളർഷിപ്പ് പേജ് പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://www.uni-heidelberg.de/en സന്ദർശിക്കുക.
യു കെ
യു കെയിൽ ബിരുദാനന്തര ബിരുദം നേടാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കായി ബെർമിംഗ്ഹാം സർവകലാശാല ഇന്ത്യ പോസ്റ്റ് ഗ്രാജ്വേറ്റ് ചാൻസലേഴ്സ് സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് പൂർണ ധനസഹായത്തോടെ നൽകുന്ന ഈ സ്കോളർഷിപ്പിന് മേയ് 31 വരെ അപേക്ഷിക്കാം.
ബെർമിംഗ്ഹാമിലെ (എഡ്ജ്ബാസ്റ്റൺ) സർവകലാശാലയുടെ ചരിത്രപ്രസിദ്ധമായ ക്യാമ്പസിൽ മുഴുസമയ ബിരുദാനന്തര ബിരുദ പഠനത്തിനായി ചേരുന്ന വിദ്യാർഥികൾക്ക് 12,20,751 ഇന്ത്യൻ രൂപയാണ് സ്കോളർഷിപ്പായി ലഭിക്കുന്നത്.
ആർക്കൊക്കെ
ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് അപേക്ഷകൻ താഴെ പറയുന്ന വ്യവസ്ഥകൾ പാലിക്കണം.
2026 സെപ്തംബറിൽ ആരംഭിക്കുന്ന മുഴുസമയ ബിരുദാനന്തര ബിരുദ പ്രോഗ്രാമിനുള്ള ഓഫർ ലെറ്റർ അപേക്ഷകന് ലഭിച്ചിരിക്കണം.
- അപേക്ഷകൻ ബെർമിംഗ്ഹാം സർവകലാശാല തിരഞ്ഞെടുക്കാനുള്ള കാരണം വിശദീകരിക്കുന്ന കുറിപ്പ് നൽകണം.
- സർവകലാശാലയുടെ നിബന്ധനകൾ പാലിക്കണം.
- അപേക്ഷകൻ ഇന്ത്യയിൽ നിന്നുള്ളയാളും വിദേശ ഫീസ് അടക്കുന്ന വിദ്യാർഥിയുമായിരിക്കണം.
- യൂനിവേഴ്‌സിറ്റി ആവശ്യപ്പെടുന്ന 3,66,343 ഇന്ത്യൻ രൂപ ഡെപ്പോസിറ്റായി അടച്ചിരിക്കണം.
- ജീവിതച്ചെലവുകൾ, വിസാ ചെലവുകൾ, യാത്രാ ചെലവുകൾ, സ്‌കോളർഷിപ്പിന്റെ പരിധിയിൽ വരാത്ത മറ്റ് ഫീസുകൾ വഹിക്കാനുള്ള സാന്പത്തിക ശേഷിയുണ്ടായിരിക്കണം.
- വിദ്യാർഥി നവംബർ ഒന്നിന് മുമ്പ് എൻറോൾ ചെയ്യുകയും ട്യൂഷൻ ഫീസ് അടയ്ക്കുകയും വേണം.
അപേക്ഷാ പ്രക്രിയയും തിരഞ്ഞെടുപ്പും
മെറിറ്റ് അടിസ്ഥനമാക്കിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷകന്റെ അക്കാദമിക് നിലവാരം സെലക്‌ഷൻ കമ്മിറ്റി പരിഗണിക്കും. നിരവധി മികച്ച വിദ്യാർഥികളുണ്ടെങ്കിൽ ഓൺലൈൻ അഭിമുഖം നടത്തും. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് 14നകം ഓഫർ ലെറ്റർ നൽകും. ഇന്ത്യൻ പി ജി വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള മികച്ച അവസരമാണ് സ്‌കോളർഷിപ്പ് നൽകുന്നത്. വിവരങ്ങൾക്ക് https://www.birmingham.ac.uk/ സന്ദർശിക്കുക.






