Kerala
യുവതിയോട് അപമര്യാദ: ചോദ്യം ചെയ്ത ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം, പ്രതി അറസ്റ്റില്‍
കത്രിക ഉപയോഗിച്ച് നെഞ്ചിലും ഇടത് തോളിലും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു
മല്ലപ്പള്ളി | യുവതിയോട് അപമര്യാദയായി സംസാരിച്ചതിനെ ചോദ്യം ചെയ്ത ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. മല്ലപ്പള്ളി നാരകത്താനി സ്വദേശിയായ മുക്കുഴിക്കല്‍ വീട്ടില്‍ സാജന്‍ എം.കെ (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ 12നാണ് സംഭവം.
യുവതിയോട് അപമര്യാദയായി സംസാരിച്ചതിനെപ്പറ്റി പ്രതിയോട് ഫോണ്‍ ചെയ്ത് ചോദിച്ചപ്പോള്‍ പ്രശ്നം നേരില്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് യുവതിയുടെ ഭര്‍ത്താവിനെ ഇരുമ്പുകുഴി എന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്രിക ഉപയോഗിച്ച് നെഞ്ചിലും ഇടത് തോളിലും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. നിലത്തു വീണപ്പോള്‍ കമ്പെടുത്ത് ഇടത് കാല്‍ത്തുടയില്‍ അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.
ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ മണിമലയില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പെട്ടി പോലീസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാര്‍ ബി, എ സ്സി പി ഒ സലാം, സി പി ഒ മിഥുന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.






