Connect with us

Kerala

മലപ്പുറം ജില്ലാ പഞ്ചായത്ത്; ലീഗ് വനിതാ നേതാക്കള്‍ക്കിടയില്‍ കൊമ്പുകോര്‍ക്കല്‍

വൈസ് പ്രസിഡന്റിനെ പരസ്യമായി വെല്ലുവിളിച്ച് സ്ഥിരം സമിതി അധ്യക്ഷ

Published

|

Last Updated

മലപ്പുറം | മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ സമൂഹമാധ്യമത്തില്‍ പരസ്യവെല്ലുവിളിയുമായി സ്ഥിരം സമിതി അധ്യക്ഷ. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ലീഗിന്റെ എ പി സ്മിജിക്കെതിരെയാണ് വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും വികസന സ്ഥിരം സമിതി അധ്യക്ഷയുമായ ഷാഹിന നിയാസി പരസ്യമായി വെല്ലുവിളിച്ച് രംഗത്തെത്തയിത്.

തന്നെ ഇകഴ്ത്തിക്കെട്ടാന്‍ ഷാഹിന നിയാസി ഉള്‍പ്പെടെയുള്ള ചില ജില്ലാ പഞ്ചായത്തംഗങ്ങള്‍ ശ്രമിക്കുന്നുവെന്നുകാട്ടി എ പി സ്മിജി ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയെന്ന ചാനല്‍ വാര്‍ത്തയ്ക്ക് താഴെയാണ് ഷാഹിനയുടെ വെല്ലുവിളി കമന്റ്. ‘വസ്തുതാവിരുദ്ധമായ പോസ്റ്റിന് മറുപടി പറയാന്‍ സ്മിജിയെ പരസ്യമായി വെല്ലുവിളിക്കുന്നു’ എന്നായിരുന്നു കമന്റ്.

എ പി സ്മിജിയെ വൈസ് പ്രസിഡന്റാക്കിയതില്‍ ലീഗിലെ വനിതാ നേതാക്കള്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചിരുന്ന വനിത ലീഗ് നേതാക്കളെ തഴഞ്ഞാണ് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ദലിത് ലീഗ് നേതാവുമായ എ പി ഉണ്ണികൃഷ്ണന്റെ മകളായ സ്മിജിയെ പരിഗണിച്ചത്. താനാളൂര്‍ ഡിവിഷനില്‍നിന്നുള്ള അംഗമായ സ്മിജിയെ മറികടന്ന് ചില അംഗങ്ങള്‍ അധികാരത്തില്‍ ഇടപെടുന്നുവെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

വനിതാ ജനറല്‍ സംവരണ സ്ഥാനമായ വൈസ് പ്രസിഡന്റ് പദവിയിലേക്ക് എസ് സി സംവരണ മണ്ഡലത്തില്‍ നിന്നുള്ള അംഗത്തെ നിയോഗിച്ചത് രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. ഒപ്പം പ്രസിഡന്റ് ആയിരുന്ന പിതാവിനു ശേഷം മകള്‍ വൈസ് പ്രസിഡന്റായെത്തുവെന്നതും മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യവുമാണ്. ഇങ്ങിനെ ഏറെ പ്രധാന്യത്തോടെയാണ് ലീഗ് സ്മിജിയെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചത്. ഈ പ്രധാന്യം നിലനില്‍ക്കുന്നതിനിടെ വൈസ് പ്രസിഡന്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തലപൊക്കുന്നത് ലീഗിന് തലവേദനയായിരിക്കുകയാണ്. എന്നാല്‍, ചാനല്‍ വാര്‍ത്ത നിഷേധിച്ച് എ പി സ്മിജി രംഗത്തുവന്നു. ആര്‍ക്കെതിരെയും പരാതി നല്‍കിയിട്ടില്ലെന്നും ആരുമായും പ്രശ്‌നങ്ങളിലെന്നും സ്മിജി പറഞ്ഞു. പാര്‍ടി നേതൃത്വവുമായി ആലോചിച്ച് വാര്‍ത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പ്രതികരിച്ചു.

 

Latest