Kerala
കേരളയാത്ര ഉപനായകന്‍ ഖലീല്‍ ബുഖാരി തങ്ങള്‍ക്ക് മലപ്പുറം പൗരാവലിയുടെ ഊഷ്മള സ്വീകരണം
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പതിനേഴ് കേന്ദ്രങ്ങളില്‍ ഖലീല്‍ ബുഖാരി തങ്ങള്‍ നടത്തിയ പ്രഭാഷണങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
മലപ്പുറം | കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ ജനുവരി 1 മുതല്‍ 16 വരെ നടന്ന കേരളയാത്രയുടെ ഉപനായകന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍ക്ക് മലപ്പുറം പൗരാവലിയുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം എ പി അനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
രാജ്യം തന്നെ കാതോര്‍ത്ത യാത്രയായിരുന്നു കേരള മുസ്‌ലിം ജമാഅത്ത് നടത്തിയതെന്നും യാത്രയില്‍ ഖലീല്‍ ബുഖാരി തങ്ങള്‍ മുന്നോട്ടുവച്ച ആശയങ്ങള്‍ ഏറെ പ്രസക്തമാണെന്നും എ പി അനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു. മനുഷ്യന് വേണ്ടി സംസാരിച്ചതാണ് കേരളയാത്രയെ ജനകീയമാക്കിയതെന്നും കാന്തപുരം ഉസ്താദിന്റെ കൂടെയുള്ള യാത്ര നിരവധി പാഠങ്ങള്‍ പഠിപ്പിച്ചുവെന്നും യാത്രക്കിടയില്‍ വിവിധ തട്ടിലുള്ളവരോട് സംവദിച്ച കാര്യങ്ങള്‍ ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അവ നടപ്പാക്കാന്‍ കേരള മുസ്‌ലിം ജമാഅത്തിന് കീഴില്‍ സജീവ ഇടപെടലുകളുണ്ടാകുമെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ നന്ദിപ്രസംഗത്തില്‍ പറഞ്ഞു.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പതിനേഴ് കേന്ദ്രങ്ങളില്‍ ഖലീല്‍ ബുഖാരി തങ്ങള്‍ നടത്തിയ പ്രഭാഷണങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. അതിര്‍ത്തി ജില്ലകളിലെ വികസനത്തിനായി ബോര്‍ഡര്‍ ഏരിയ വികസന സമിതി രൂപീകരിക്കുക, ജില്ലകളുടെ പുനക്രമീകരണം, പ്ലാനിംഗ് ബോര്‍ഡ് വിപുലീകരണം, സ്വകാര്യ ആശുപത്രി ഫീസ് നിയന്ത്രണം, വന്യജീവി ആക്രമണത്തിന് ശാസ്ത്രീയ പരിഹാരം തുടങ്ങിയ വിവിധ വിഷയങ്ങളാണ് അദ്ദേഹം യാത്രയില്‍ ആവശ്യപ്പെട്ടത്.
സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീന്‍കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. സി പി ഐ എം ജില്ലാ സെക്രട്ടറി വി പി അനില്‍, സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്ഥഫ കോഡൂര്‍ തുടങ്ങി വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.






