Idukki
മൂന്നാർ രണ്ടാം മൈലിൽ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘർഷം; എട്ട് പേർക്ക് പരുക്കേറ്റു
മൂന്നാർ സന്ദർശിച്ചതിനു ശേഷം ഇന്നലെ തിരികെ പോകുന്നതിനിടെയായിരുന്നു സംഘർഷം.
ഇടുക്കി | മൂന്നാര്‍ രണ്ടാം മൈലില്‍ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ എട്ട് വിനോദസഞ്ചാരികള്‍ക്ക് പരുക്കേറ്റു. ഇവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാർ സന്ദർശിച്ചതിനു ശേഷം ഇന്നലെ തിരികെ പോകുന്നതിനിടെയായിരുന്നു സംഘർഷം.
പള്ളിവാസലിൽ എത്തിച്ച ശേഷം വിനോദസഞ്ചാര സംഘത്തിൽ നിന്ന് കുറച്ച് പേർ പുറത്തിറങ്ങി, നിർത്തിയിട്ടിരുന്ന ട്രക്കിങ് ജീപ്പിന്റെ മുകളിൽ കയറുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. ജീപ്പിന്റെ മുകളിൽ കയറി നിന്നവരെ ജീപ്പ് ഡ്രൈവർമാർ മര്‍ദിച്ചിരുന്നു. പിന്നീട് ഇരുപക്ഷവും തമ്മിൽ സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നു.
പിന്നാലെ പോലീസ് എത്തി സംഘർഷം അവസാനിപ്പിക്കുകയായിരുന്നു. സംഭവത്തിൽ നാട്ടുകാരായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.






