Articles
സാമ്രാജ്യത്വം ഗ്രീന്‍ലാന്‍ഡിലേക്ക്
വില നല്‍കിയോ സൈനികശക്തി കൊണ്ടോ ഗ്രീന്‍ലാന്‍ഡിനെ സ്വന്തമാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ മുന്‍ഗണനാ പട്ടികയിലുള്ള വിഷയമാണെന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിന്‍ ലീവിറ്റും വ്യക്തമാക്കുന്നു.
ആര്‍ട്ടിക് പ്രദേശം അമേരിക്കന്‍ നിയന്ത്രണത്തിലാക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം അമേരിക്കയും യൂറോപ്പും തമ്മില്‍ അകല്‍ച്ചക്ക് വഴിയൊരുക്കുകയാണ്. കഴിഞ്ഞ 80 വര്‍ഷമായി അമേരിക്കയും യൂറോപ്പും പ്രതിരോധത്തിലും പ്രതിബദ്ധതയിലും യാത്ര ഒരുമിച്ചാണ്. ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍, നിയമവാഴ്ച എന്നീ കാര്യങ്ങളില്‍ ഇരു കൂട്ടരും സ്വീകരിച്ചു വരുന്നത് ഒരേ നിലപാടാണ്. സോവിയറ്റ് യൂനിയന്റെ ഭീഷണി തടയുമെന്ന് 1947ല്‍ അമേരിക്കന്‍ പ്രസിഡന്റ്ഹാരി ട്രൂമാന്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് യൂറോപ്പ് അമേരിക്കയുടെ ചങ്ങാതിയായത്. അമേരിക്കന്‍ നേതൃത്വത്തില്‍, നാറ്റോ, ലോക ബേങ്ക്, അന്താരാഷ്ട്ര നാണയ നിധി, ഐക്യരാഷ്ട്രസഭ എന്നിവ യൂറോപ്യന്‍ രാജ്യങ്ങളുടെ സമ്പൂര്‍ണ പിന്തുണയോടെ സ്ഥാപിതമായി. എന്നാല്‍ ട്രംപ് ചരിത്രം മാറ്റിയെഴുതുകയാണ്. ആരുടെയും സൗഹൃദം വേണ്ട. കൂടെ നില്‍ക്കുന്നുവെങ്കില്‍ അമേരിക്കയെ അനുസരിക്കണം എന്ന് പറയുകയാണ് ട്രംപ്. ഗ്രീന്‍ലാന്‍ഡിന്റെ കാര്യത്തില്‍ ട്രംപ് സ്വീകരിച്ചിരിക്കുന്നത് ഈ നിലപാടാണ്.
വിലനല്‍കിയോ സൈനിക ശക്തി കൊണ്ടോ ഗ്രീന്‍ലാന്‍ഡിനെ സ്വന്തമാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ മുന്‍ഗണനാ പട്ടികയിലുള്ള വിഷയമാണെന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിന്‍ ലീവിറ്റും വ്യക്തമാക്കുന്നു. എന്നാല്‍ യൂറോപ്പും അമേരിക്കയും തമ്മിലുള്ള പ്രശ്‌നമായി കാണേണ്ട ഒന്നല്ല എന്നാണ് ചൈനയുടെയും റഷ്യയുടെയും ഇതു സംബന്ധിച്ച പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനിടെ ഗ്രീന്‍ലാന്‍ഡിനെ അമേരിക്കന്‍ നിയന്ത്രണത്തിലാക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെ പിന്തുണച്ച് റിപബ്ലിക്കന്‍ അംഗം കോണ്‍ഗ്രസ്സില്‍ ഒരു ബില്ല് അവതരിപ്പിച്ചു. ഗ്രീന്‍ലാന്‍ഡില്‍ നിലവില്‍ അമേരിക്കയുടെ സൈനിക സാന്നിധ്യമുണ്ട്. ചൈനയുടെയോ റഷ്യയുടെയോ ഇടപെടല്‍ തടയാന്‍ ഗ്രീന്‍ലാന്‍ഡ് പൂര്‍ണമായും വാഷിംഗ്ടണിന്റെ നിയന്ത്രണത്തിലായിരിക്കണം എന്ന് ബില്ലില്‍ പറയുന്നു. എന്നാല്‍ അമേരിക്കന്‍ ജനതയുടെ പിന്തുണ നേടാന്‍ ട്രംപിന് ഇതുവരെ സാധിച്ചിട്ടില്ല.
ഗ്രീന്‍ലാന്‍ഡ് വെറുമൊരു ഹിമപാളികള്‍ കൊണ്ട് ആവരണം ചെയ്ത പ്രദേശമല്ല. ആര്‍ട്ടിക്ക് മേഖലയിലെ തന്ത്രപ്രധാനമായ ഈ ദ്വീപ് പ്രകൃതിവിഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ആര്‍ട്ടിക്, വടക്കന്‍ അറ്റ്്‌ലാന്റിക്, ഉരുകുന്ന മഞ്ഞുപാതകള്‍, പുതിയ സമുദ്ര പാതകള്‍.ധാതുക്കളാല്‍ സമ്പന്നമായ ഗ്രീന്‍ലാന്‍ഡിനെ ഏതു വിധേനയും സ്വന്തമാക്കാനുള്ള ട്രംപിന്റെ മോഹം ദേശീയ സുരക്ഷയുടെ പേരില്‍ മാത്രമല്ല. ഗ്രീന്‍ലാന്‍ഡ് കൂടി അമേരിക്കയുടെ ഭാഗമായാല്‍ അമേരിക്ക ഇന്നുള്ളതിനേക്കാള്‍ സമ്പന്ന രാജ്യമാകും.
വെനസ്വേല പ്രസിഡന്റ് നികോളാസ് മദൂറോയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയതിന്റെ അടുത്ത ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവായ സ്റ്റീഫന്‍ മില്ലറുടെ ഭാര്യ കാറ്റി മില്ലര്‍, ‘ഉടനെ’ എന്ന അടിക്കുറിപ്പോടെ ഗ്രീന്‍ലാന്‍ഡിന്റെ മുകളില്‍ അമേരിക്കന്‍ പതാക പുതച്ച ഒരു ചിത്രം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചു. കാറ്റി മില്ലര്‍ ട്രംപിന്റെ മനസ്സിലിരിപ്പ് പങ്കുവെക്കുകയായിരുന്നു.
വെനസ്വേല, ഗ്രീന്‍ലാന്‍ഡ്, കാനഡ, മെക്‌സിക്കോ, ക്യൂബ, കൊളംബോ എന്നീ രാജ്യങ്ങള്‍ അമേരിക്കയുടെ ഭാഗമാക്കണമെന്നത് ട്രംപ് ആഗ്രഹിക്കുകയാണ്. ആഗ്രഹം എത്രകണ്ട് നിറവേറ്റപ്പെടുമെന്ന് കണ്ടറിയണം. എന്നാല്‍ കനത്ത സുരക്ഷയുള്ള കാരക്കാസിലെ വസതിയില്‍ നിന്ന് വെനസ്വേലന്‍ പ്രസിഡന്റിനെയും ഭാര്യയെയും ബലാത്കാരമായി പിടികൂടിയതിലൂടെ ലക്ഷ്യവുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് താനെന്ന് ട്രംപ് ലോകത്തോട് പറഞ്ഞുകഴിഞ്ഞു. ലോകത്തെ നീതിയും നിയമവും തന്റെ മനസ്സാക്ഷിക്കൊത്താണെന്നാണെന്ന് ട്രംപ് പറയുന്നത്. ജനാധിപത്യം, മനുഷ്യാവകാശം, അന്താരാഷ്ട്ര നിയമം ഇതൊന്നും തനിക്ക് ബാധകമല്ല എന്നാണ് ട്രംപ് പറഞ്ഞു വെക്കുന്നത്. അന്താരാഷ്ട്ര ചട്ടങ്ങളെയും നിയമങ്ങളെയും അവഹേളിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ ട്രംപ് പാഴാക്കാറില്ല. ട്രംപിന്റെ വെനസ്വേലന്‍ നിലപാട് ലാറ്റിനമേരിക്കയെ മാത്രം ബാധിക്കുന്നതല്ല. അന്താരാഷ്ട്ര നീതിശാസ്ത്രത്തിന്റെ അടിത്തറയിളക്കുന്ന നടപടിയാണത്.
വെനസ്വേലക്കു പിറകെ ട്രംപിന്റെ ലക്ഷ്യം ഗ്രീന്‍ലാന്‍ഡാണ്. പണം നല്‍കിയോ സൈനിക നടപടിയിലൂടെയോ ആര്‍ട്ടിക് പ്രദേശം കൈക്കലാക്കുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഇതിലൂടെ പശ്ചിമാര്‍ധഗോളത്തില്‍ ആധിപത്യം സ്ഥാപിക്കാനാകും. ട്രംപിന്റെ ഈ ആഗ്രഹത്തെ ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ്‍ അതിമോഹമെന്നു പറഞ്ഞ് അവഗണിക്കുകയാണ്.
വെനസ്വേലന്‍ മണ്ണില്‍ ട്രംപ് നടത്തിയത് താന്തോന്നിത്തമാണ്. ഇത് കൂട്ടായ തീരുമാന പ്രകാരമോ അന്താരാഷ്ട്ര ചട്ടം പാലിച്ചോ ആയിരുന്നില്ല. അമേരിക്കന്‍ കോണ്‍ഗ്രസ്സിനെപ്പോലും അറിയിക്കാതെ ട്രംപ് നടത്തിയ തെമ്മാടിത്തമാണ്. ഗ്രീന്‍ലാന്‍ഡ് യു എസ് ദേശീയ സുരക്ഷക്ക് നിര്‍ണായകമാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിക്കുകയാണ്. റഷ്യയും ചൈനയും ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കുന്നത് തടയാനാണ് അമേരിക്ക ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് ട്രംപ് പറയുന്നത്. തന്ത്രപ്രാധാന്യമുള്ള ദ്വീപിനെ റഷ്യയുടെയും ചൈനയുടെയും താത്പര്യങ്ങളില്‍ നിന്ന് രക്ഷിക്കുന്നതില്‍ നാറ്റോയിലെ യൂറോപ്യന്‍ രാജ്യങ്ങള്‍ പരാജയപ്പെട്ടതായി യു എസ് വൈസ് പ്രസിഡന്റ് വാന്‍സും ആരോപിച്ചു. ചൈനയെയും റഷ്യയെയും നേരിടാന്‍ ആര്‍ട്ടിക് മേഖലയില്‍ തങ്ങളുടെ സാന്നിധ്യം അനിവാര്യമാണെന്ന് പെന്റഗണ്‍ അവകാശപ്പെടുന്നു.
ഒന്നാം ഭരണകാലത്തും ട്രംപിന് ഗ്രീന്‍ലാന്‍ഡിന്മേല്‍ കണ്ണുണ്ടായിരുന്നു. അന്ന് പറഞ്ഞത് സാമ്പത്തിക സുരക്ഷയെ കുറിച്ചായിരുന്നു. ഇപ്പോള്‍ കാരണമായി ട്രംപ് പറയുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷയെ കുറിച്ചാണ്. കഴിഞ്ഞ ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ മകന്‍ ട്രംപ് ജൂനിയര്‍ ഗ്രീന്‍ലാന്‍ഡ് സന്ദര്‍ശിച്ചു. തുടര്‍ന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും അവിടം സന്ദര്‍ശിക്കുകയുണ്ടായി. അമേരിക്കയുടെ വടക്കുകിഴക്കായി ഏകദേശം 3,200 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗ്രീന്‍ലാന്‍ഡ് ഡെന്മാര്‍ക്കിലെ സ്വയംഭരണ പ്രദേശമാണ്.
ഹൈടെക് വ്യവസായത്തിന് ആവശ്യമായ അപൂര്‍വ ധാതുക്കളായ നിയോഡൈമിയം, പ്രസിയോഡൈമിയം, ഡിസ്‌പ്രോസിയം, ടെര്‍ബിയം എന്നിവയും ഗ്രീന്‍ലാന്‍ഡിന്റെ പ്രത്യേകതയാണ്. ഈ ധാതുക്കളുടെ സംസ്‌കരണം സിംഹഭാഗവും നടക്കുന്നത് ചൈനയിലാണ്. റഷ്യ ആര്‍ട്ടിക് മേഖലയില്‍ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തി വരികയാണ്. ചൈന അടുത്തിടെ ശാസ്ത്ര മേഖലയിലും ധാതുക്കളിലുമുള്ള അവരുടെ നിക്ഷേപം വര്‍ധിപ്പിക്കുകയുണ്ടായി. റഷ്യയുടെയും ചൈനയുടെയും ആര്‍ട്ടിക്ക് മേഖലയിലെ വര്‍ധിച്ചുവരുന്ന സാന്നിധ്യം ട്രംപിനെ അലോസരപ്പെടുത്തുകയാണ്.
ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ അമേരിക്ക സൈനിക ശക്തി പ്രയോഗിച്ചാല്‍, നാറ്റോയുടെ തകര്‍ച്ചക്ക് അത് കാരണമാകും. നാറ്റോ ചട്ടപ്രകാരം സഖ്യരാഷ്ട്രങ്ങളില്‍ ഒന്നിനെ ആക്രമിച്ചാല്‍ നാറ്റോയിലെ അംഗമായ മുഴുവന്‍ രാജ്യങ്ങള്‍ക്കുമെതിരെയുള്ള ആക്രമണമായി കണക്കാക്കും. ആക്രമിക്കപ്പെട്ട രാജ്യത്തിന് സൈനിക സഹായം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കാന്‍ അംഗരാജ്യങ്ങള്‍ ബാധ്യസ്ഥരാണ്. ട്രംപിനെ എതിര്‍ത്തും ഡെന്‍മാര്‍ക്കിനെ പിന്തുണച്ചും ആറ് നാറ്റോ രാജ്യങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. ഡെന്മാര്‍ക്കിന് പിന്തുണ നല്‍കിയത് യു കെ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, പോളണ്ട്, സ്‌പെയിന്‍ എന്നിവയാണ്.
രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പ്രസിഡന്റ് ഹാരി ട്രൂമാന്റെ നേതൃത്വത്തില്‍ പസഫിക് സമുദ്രത്തിലെ ചെറിയ ദ്വീപുകള്‍ അമേരിക്ക വിലക്ക് വാങ്ങിയിരുന്നു. അമേരിക്കന്‍ സംസ്ഥാനങ്ങളായ അലാസ്‌കയും വെര്‍ജീനിയയും യഥാക്രമം റഷ്യയുടെയും ഡെന്മാര്‍ക്കിന്റെയും ഭാഗമായിരുന്നു. ഗ്രീന്‍ലാന്‍ഡിനെ വിലക്ക് വാങ്ങാന്‍ ട്രംപ് തയ്യാറെടുക്കുന്നത് ഈയടിസ്ഥാനത്തിലാണ്. അന്ന് കൊളോണിയല്‍ സംവിധാനം നിലനിന്ന കാലമായിരുന്നു. 1945 നു ശേഷം ലോകം ഏറെ മാറി, ഐക്യരാഷ്ട്രസഭ നിലവില്‍ വന്നു. രാജ്യങ്ങള്‍ തമ്മില്‍ ഏകോപനം രൂപപ്പെട്ടു.
രാജ്യങ്ങളും ജനങ്ങളും സ്വയം നിര്‍ണയാവകാശത്തിന്റെ വഴികള്‍ തിരഞ്ഞെടുത്തു. ഈ സാഹചര്യത്തില്‍ അമേരിക്കയുടെ മോഹം പണ്ടേ പോലെ ഫലിക്കാന്‍ സാധ്യതയില്ല. വില നല്‍കി ഗ്രീന്‍ലാന്‍ഡിനെ പൂര്‍ണമായി സ്വന്തമാക്കാന്‍ സാധിക്കാതെ വരികയാണെങ്കില്‍ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം അവിടുത്തെ ജനങ്ങളില്‍ കുത്തിവെക്കാന്‍ അമേരിക്ക ശ്രമം നടത്തിയേക്കാം. ഡെന്മാര്‍ക്കിലെതിനേക്കാള്‍ മെച്ചപ്പെട്ട ജീവിതമാണ് അമേരിക്കയിലേതെന്ന പ്രചരണം നടന്നുവരികയാണ്. ജനങ്ങളുമായി സംവദിക്കാന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോ അടുത്ത ദിവസം ഗ്രീന്‍ലാന്‍ഡ് സന്ദര്‍ശിക്കും. ഇതേസമയം ഡെന്മാര്‍ക്കില്‍ നിന്നുള്ള പൂര്‍ണ സ്വാതന്ത്ര്യത്തെക്കുറിച്ച് അവിടത്തെ ജനങ്ങള്‍ ചിന്തിക്കുകയാണ്. ഈയിടെ നടത്തിയ റഫറണ്ടത്തില്‍ 80 ശതമാനം പേരും സ്വതന്ത്ര ഗ്രീന്‍ലാന്‍ഡിനെ പിന്തുണക്കുകയുണ്ടായി. അവിടുത്തെ ജനങ്ങള്‍ അമേരിക്കയോട് ചേരുന്നതിനേക്കാള്‍ ഡെന്‍മാര്‍ക്കിനൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്.





