Articles
ജനവിരുദ്ധതയുടെ 'അമൃതകാലം'
അടുത്തിടെ നടപ്പാക്കിയ തൊഴില്‍ നിയമങ്ങള്‍ ജനവിരുദ്ധമാണ്. കര്‍ഷക സമരത്തിലേക്ക് നയിച്ച പരിഷ്‌കാരങ്ങള്‍ ജനവിരുദ്ധമായിരുന്നു. ഇപ്പോള്‍ വിബി ജി റാം ജിയും ജനോപകാരപ്രദമായ ഒന്നാണെന്ന് കരുതാന്‍ തെളിവുകള്‍ ഒന്നുമില്ല. ഈ നിലയില്‍ 'അമൃതകാലം' വന്നാല്‍ അതനുഭവിക്കാന്‍ നാട്ടില്‍ പാവപ്പെട്ടവര്‍ അവശേഷിക്കുമോ എന്ന് കണ്ടറിയണം.
2014ല്‍ നരേന്ദ്ര മോദി അധികാരമേറ്റയുടനെ ചെയ്ത ആദ്യത്തെ കാര്യങ്ങളിലൊന്ന് പഞ്ചവത്സര പദ്ധതികള്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്ന ആസൂത്രണ കമ്മീഷന്റെ ദയാവധമായിരുന്നു. ആസൂത്രണ കമ്മീഷന്റെ സ്ഥാനത്തേക്ക് കടന്നുവന്ന നിതി ആയോഗിന്റെ വെബ്സൈറ്റില്‍ കാണാന്‍ കഴിയുക, കേന്ദ്ര പിന്തുണയോടെ പരസ്പരം സഹകരിച്ചും ആരോഗ്യപൂര്‍ണമായി മത്സരിച്ചും മുന്നേറുന്ന സംസ്ഥാനങ്ങളും കേന്ദ്ര ഭരണകൂടവും ചേര്‍ന്ന സാമ്പത്തിക വികാസത്തിന്റെ ഒരു സ്വപ്നലോകമാണ്. എന്നാല്‍ നിതി ആയോഗിന്റെ കിലുങ്ങുന്ന, തിളങ്ങുന്ന വരികള്‍ക്കപ്പുറം യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് ഭരണപരമായ എല്ലാ അധികാരങ്ങളും കൈയടക്കി ഏകാധിപതിയായിക്കൊണ്ടിരിക്കുന്ന കേന്ദ്ര ഭരണകൂടവും അവര്‍ക്ക് മുമ്പില്‍ ഓ തമ്പ്രാ എന്ന് പറഞ്ഞ് കൈയും കെട്ടിനില്‍ക്കുന്ന സംസ്ഥാനങ്ങളും ആണ്. സഹകരണാത്മക, മത്സരാധിഷ്ഠിത ഫെഡറലിസമെന്ന പറച്ചില്‍ മാത്രം. പ്രായോഗികമായി നടക്കുന്നത് സംസ്ഥാനങ്ങളെ ഫ്യൂഡല്‍ കാലത്തെ കുടിയാന്മാരാക്കുകയാണ്. അധികാരവും സമ്പത്തും പദവിയുമുള്ള ആളുകളാണ് സംസ്ഥാനങ്ങള്‍ എന്ന് പുറംമോടി കണ്ട് നമ്മള്‍ കരുതിയാലും സത്യത്തില്‍ റെയ്ബന്‍ ഗ്ലാസ്സുവെച്ച ഭിക്ഷക്കാരാണ് മിക്ക സംസ്ഥാനങ്ങളും. അടുത്ത് തന്നെ കേന്ദ്രം അവരുടെ റെയ്ബന്‍ ഗ്ലാസ്സ് കൂടി കവരും. ഫെഡറലിസം ചത്ത് മണ്ണടിഞ്ഞ് തത്സ്ഥാനത്ത് ഏകാധിപതിയായ ഒരു കേന്ദ്ര ഭരണകൂടത്തിന്റെ കൈകളിലേക്ക് രാജ്യം മുഴുവന്‍ ഒതുക്കപ്പെടുന്നു എന്നതാണ് സത്യം. കേന്ദ്രം ചെയ്യുന്ന മിക്ക കാര്യങ്ങളും സംസ്ഥാനങ്ങളെ സംബന്ധിച്ച് ധൃതരാഷ്ട്രാലിംഗനമാണ്. ഈ വിശാലമായ പരിപ്രേക്ഷ്യത്തിലാണ് തൊഴിലുറപ്പ് പദ്ധതി പിന്‍വലിച്ചതിന് ശേഷമുള്ള കാലത്തെ വിശകലനം ചെയ്യേണ്ടത്.
ഗ്രാമീണ മേഖലകളില്‍ ജീവിക്കുന്ന ആളുകള്‍ക്ക് തൊഴില്‍ കൊടുക്കുന്നതിനുള്ള നിരവധി പരിശ്രമങ്ങള്‍ കേന്ദ്ര ഭരണകൂടം നടത്തിയിട്ടുണ്ട്. അതിലൊന്നായിരുന്നു 1989 ല്‍ തുടങ്ങിയ ജവഹര്‍ റോസ്ഗാര്‍ യോജന. ഇത്തരം പരിശ്രമങ്ങളുടെ ഒരു തുടര്‍ച്ചയായിരുന്നു ‘തൊഴിലുറപ്പ്’ പദ്ധതി. ഗ്രാമീണ മേഖലകളില്‍ ജോലിയെടുക്കാന്‍ തയ്യാറാകുന്ന കുടുംബങ്ങളില്‍ നിന്ന് ഒരാള്‍ക്ക് പ്രതിവര്‍ഷം കുറഞ്ഞത് 100 തൊഴില്‍ ദിനങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന കൂലിക്ക് കിട്ടാനുള്ള അവകാശം ആളുകള്‍ക്ക് ഉറപ്പുവരുത്തിക്കൊണ്ട് പാര്‍ലിമെന്റ്പാസ്സാക്കിയ പദ്ധതിയായിരുന്നു അത്. കേവലമൊരു തൊഴില്‍ദാന പദ്ധതിയായിരുന്നില്ല അത്. എന്നാല്‍ സര്‍ക്കാറിന്റെ കൈയിലുള്ള ഫണ്ടിനനുസരിച്ച് ആളുകള്‍ക്ക് തൊഴില്‍ കൊടുക്കുന്ന പദ്ധതിയായിരുന്നു ജവഹര്‍ റോസ്ഗാര്‍ യോജന. ജവഹര്‍ റോസ്ഗാര്‍ യോജനയില്‍ തൊഴില്‍ കിട്ടുകയെന്നത് കുടുംബങ്ങളുടെ അവകാശമായിരുന്നില്ല. തൊഴില്‍ കിട്ടിയാല്‍ കിട്ടി എന്നതായിരുന്നു സ്ഥിതി.
തൊഴിലുറപ്പ് പദ്ധതി പിന്‍വലിച്ചുകൊണ്ട് കേന്ദ്രം മുന്നോട്ട് വെച്ച വിബി ജി റാം വിഭാവനം ചെയ്യുന്നത് പഴയ ജവഹര്‍ റോസ്ഗാര്‍ യോജനയിലേക്കുള്ള ഒരു തിരിച്ചുപോക്കിനെയാണ്. തൊഴില്‍ എന്നത് ഒരവകാശം എന്ന നിലയില്‍ നിന്ന് ഭരണകൂടത്തിന്റെ ഔദാര്യമാക്കി മാറ്റുകയാണ് ഇത് ചെയ്യുന്നത്. ഭരണകൂടം ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ ഒരു കുടുംബത്തിന് 125ഉം അതില്‍ കൂടുതലും തൊഴില്‍ ദിനങ്ങള്‍ നല്‍കിയേക്കാം. എന്നാല്‍ 125 തൊഴില്‍ ദിനങ്ങളും കൂലിയും ഒരു കുടുംബത്തിന് ഒരു വര്‍ഷം നിര്‍ബന്ധമായും കൊടുത്തിരിക്കണമെന്ന നിബന്ധന പുതിയ നിയമത്തിലില്ല. അതായത് ഗ്രാമീണ മേഖലയിലെ ആളുകള്‍ക്ക് ഒരു നിശ്ചിത ദിവസം തൊഴില്‍ കിട്ടാനുള്ള അവകാശം പുതിയ നിയമം ഇല്ലാതാക്കി. ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് നിശ്ചിത ദിവസം തൊഴില്‍ കൊടുക്കാനുള്ള നിയമപരമായ ബാധ്യതയില്‍ നിന്ന് സര്‍ക്കാറുകളെ പുതിയ നിയമം മോചിപ്പിച്ചു. പുതിയ നിയമത്തില്‍ കേന്ദ്ര സര്‍ക്കാറാണ് ഒരു പ്രദേശം ഗ്രാമീണമാണോ എന്ന് നിശ്ചയിക്കുക. ഏത് പ്രദേശത്ത് എപ്പോള്‍ എത്രനാള്‍ തൊഴില്‍ദാന പദ്ധതി നടപ്പാക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കും. മതരാഷ്ട്ര ഭാവനകളെ താലോലിക്കുന്ന ആളുകള്‍ക്ക് എളുപ്പത്തില്‍ മതേതര ഭാവനകളെ തകിടം മറിക്കാനുള്ള ആഴത്തിലും പരപ്പിലുമുള്ള അവസരങ്ങള്‍ പുതിയ നിയമം പ്രദാനം ചെയ്യുന്നുണ്ട്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത സംസ്ഥാനങ്ങളെ, തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത സ്ഥലങ്ങളെ, തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ജനതകളെ ഒക്കെ ഒഴിവാക്കാന്‍ പുതിയ നിയമത്തില്‍ അവസരങ്ങളുണ്ട്. ദേശത്തെയും ജനതയെയും ഒന്നിപ്പിക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ് ഇന്ത്യന്‍ ഭരണഘടന ചെയ്യുന്നത്. എന്നാല്‍ പുതിയ തൊഴില്‍ദാന പദ്ധതി ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. ഉള്ളത് പോലും എടുത്ത് കളയുന്ന പുതിയ നിയമം ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് എന്നാര് പറഞ്ഞാലും അത് വിശ്വസിക്കാതിരിക്കാനുള്ള അറിവും രാഷ്ട്രീയ വകതിരിവും ആളുകള്‍ക്കുണ്ടാകട്ടെ എന്ന് ആശിക്കുന്നു.
പുതിയ നിയമത്തില്‍ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കണം എന്നാക്കി. ഇപ്പോള്‍ത്തന്നെ സാമ്പത്തികമായി ചത്തതിനൊക്കുമേ എന്നമട്ടിലുള്ള പല സംസ്ഥാനങ്ങള്‍ക്കും ഈ പണം കണ്ടെത്തുക എളുപ്പമല്ല. പുതിയ നിയമത്തില്‍ തൊഴില്‍-വരുമാന സുരക്ഷ ഇല്ലാത്തതിനാല്‍ അത് ഗ്രാമീണ മേഖലകളിലെ കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ ഇല്ലാതാക്കുകയും അവരെ കൂടുതല്‍ അരക്ഷിതരാക്കുകയും ചെയ്യും. തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് തൊഴിലിനു വേണ്ടി ആളുകള്‍ മുറവിളി കൂട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ പുതിയ നിയമം എത്തിക്കുമ്പോള്‍ ഒരു തൊഴിലിനു വേണ്ടി ഒരുപാടാളുകള്‍ മത്സരിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറുകയും കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാന്‍ ആളുകള്‍ നിര്‍ബന്ധിതരാകുകയും ചെയ്യും. പുതിയ തൊഴില്‍ കോഡിനെ ന്യായീകരിക്കുന്ന സമയത്ത് കേന്ദ്ര തൊഴില്‍ മന്ത്രി ഏറ്റവും കൂടുതല്‍ വാചാലമായത് മിനിമം കൂലിയെപ്പറ്റിയാണ് എന്നത് ഓര്‍ക്കുമല്ലോ. എന്നാല്‍ ഇപ്പോഴത്തെ പുതിയ നിയമത്തില്‍ അതിനെ പറ്റി മിണ്ടാട്ടമേയില്ല.
ഗാന്ധിജിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതി, പ്രത്യേകിച്ചും ലോകത്തില്‍ തന്നെ ഇത്തരമൊരു പദ്ധതിയില്ലെന്ന വസ്തുത കൂടി പരിഗണിക്കുമ്പോള്‍, പിന്‍വലിച്ച്, സര്‍ക്കാറിന് മാത്രം ഗുണമുള്ള ഒരു തൊഴില്‍ദാന പദ്ധതി ആരംഭിക്കുന്നത് തീര്‍ച്ചയായും പുനഃപരിശോധിക്കേണ്ട കാര്യമാണ്. ഗ്രാമീണ മേഖലയിലെ വരുമാനത്തില്‍ ഉണ്ടാകുന്ന കുറവ് അഖിലേന്ത്യാ തലത്തില്‍ ഗ്രാമീണ കമ്പോളത്തെ നിശ്ചലമാക്കും എന്നത് തള്ളിക്കളയാന്‍ കഴിയുന്ന ഒരു കാര്യമല്ല.
പുതിയ നിയമത്തിലെ മറ്റൊരു പ്രധാന കാര്യം വിളവെടുപ്പ് കാലത്ത്, ഉപാധികള്‍ക്ക് വിധേയമായി, ഈ പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍ നിര്‍ത്തിവെക്കണം എന്നതാണ്. കാര്‍ഷിക മേഖലക്ക് ആവശ്യമായ തൊഴിലാളികളുടെ സപ്ലൈ ഉറപ്പുവരുത്തുകയാണ് ഇതിന്റെ ലക്ഷ്യമെങ്കിലും ഫലത്തില്‍ കുറഞ്ഞ അതിജീവന കൂലിക്ക് ഗ്രാമീണ തൊഴിലാളികള്‍ കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടാകും. ഇതും ഫലത്തില്‍ തൊഴിലാളികളുടെ വരുമാനം കുറയ്ക്കുന്ന കാര്യമാണ്. ഗാന്ധിയില്‍ നിന്ന് രാംജിയിലേക്കുള്ള പരിവര്‍ത്തനം രാഷ്ട്രീയമായി ഉപകാരപ്പെടുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.
അടുത്തിടെ നടപ്പാക്കിയ തൊഴില്‍ നിയമങ്ങള്‍ ജനവിരുദ്ധമാണ്. കര്‍ഷക സമരത്തിലേക്ക് നയിച്ച പരിഷ്‌കാരങ്ങള്‍ ജനവിരുദ്ധമായിരുന്നു. ഇപ്പോള്‍ രാംജിയും ജനോപകാരപ്രദമായ ഒന്നാണെന്ന് കരുതാന്‍ തെളിവുകള്‍ ഒന്നുമില്ല. ഈ നിലയില്‍ ‘അമൃതകാലം’ വന്നാല്‍ അതനുഭവിക്കാന്‍ നാട്ടില്‍ പാവപ്പെട്ടവര്‍ അവശേഷിക്കുമോ എന്ന് കണ്ടറിയണം. ഇത്തരം പരിഷ്‌കാരങ്ങള്‍ പരോക്ഷമായി ദാരിദ്ര്യമുക്ത ഭാരതമുണ്ടാക്കാനുള്ള നവലിബറല്‍ മാജിക്ക് ആണോ എന്തോ. ഡിജിറ്റല്‍ ഇക്കോണമിയിലൂടെ നഗര കേന്ദ്രീകൃതമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ ചലനാത്മകമാകുന്നുവെങ്കിലും ആ ഉണര്‍വ് ഗ്രാമങ്ങളില്‍ ഉണ്ടാകുന്നില്ല. നഗരങ്ങളില്‍ ഉണ്ടാകുന്ന നിര്‍മാണ മേഖലകളില്‍ തൊഴിലാളികളായി എത്തുന്ന ഗ്രാമീണ തൊഴിലാളികള്‍ അവരുടെ വീടുകളിലേക്ക് എത്തിക്കുന്ന പണം അടുത്ത തലമുറകളെ നഗര കേന്ദ്രീകൃത തൊഴിലുകള്‍ ചെയ്യാന്‍ പ്രാപ്തരാക്കുന്നുണ്ടോ, അവര്‍ക്ക് അത്തരം തൊഴിലുകളിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നുണ്ടോ എന്നതൊന്നും വ്യക്തമല്ല. പ്രത്യക്ഷത്തില്‍ കാണുന്നത് നവലിബറല്‍ നയങ്ങള്‍, നഗരങ്ങളിലാണെങ്കിലും ഗ്രാമങ്ങളിലാണെങ്കിലും, സാമൂഹികമായും സാമ്പത്തികമായും മുന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളെ മാത്രമാണ് മെച്ചപ്പെടുത്തിയിട്ടുള്ളത് എന്നാണ്. ഈ വസ്തുത കൂടി പരിഗണിക്കുമ്പോള്‍ തൊഴിലുറപ്പ് പദ്ധതി പിന്‍വലിക്കുന്നത് ഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെ സാമ്പത്തിക ക്രയശേഷി പൂര്‍ണമായും ഇല്ലാതാക്കും എന്നുറപ്പിച്ച് പറയാം.
മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതില്‍ പാളിച്ചകള്‍ ഉണ്ടെന്നുള്ളത് ശരിയെങ്കില്‍ അത്തരം ഭരണപരമായ പാളിച്ചകള്‍ മാറ്റിയാല്‍ മതിയായിരുന്നില്ലേ. പ്രാദേശിക ആവശ്യങ്ങളെ ഉള്‍ക്കൊണ്ട് വികേന്ദ്രീകൃത ആസൂത്രണം നടത്തേണ്ട പ്രാഥമിക ഏജന്‍സിയായി പഞ്ചായത്ത് രാജ് നിയമം വിഭാവന ചെയ്ത ഗ്രാമ പഞ്ചായത്തുകള്‍ പുതിയ തൊഴിലുറപ്പ് പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്രം പറയുന്ന കാര്യങ്ങള്‍ നടപ്പാക്കേണ്ട ഒരു ഏജന്‍സിയായി മാറും. ആസൂത്രണം താഴെത്തട്ടില്‍ നിന്ന് എന്നതിന് പകരം മുകളില്‍ നിന്ന് താഴേക്ക് എന്ന നിലയിലേക്ക് മാറും. പുതിയ നിയമം വികസനത്തെയും ക്ഷേമത്തെയും സമരസപ്പെടുത്തുന്നു, തൊഴിലവകാശത്തെ സംരക്ഷിക്കുന്നു, തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനവും തൊഴില്‍ സുരക്ഷയും നല്‍കുന്നു, നിലവിലുള്ള തൊഴിലുറപ്പ് പദ്ധതിയുടെ ഘടനാപരമായ കുറവുകള്‍ നീക്കുന്നു എന്നൊക്കെയുള്ള കേന്ദ്ര സര്‍ക്കാര്‍ വാദങ്ങള്‍ സത്യത്തില്‍ നിന്ന് ബഹുകാതം അകലെയുള്ള അവകാശവാദങ്ങള്‍ മാത്രമാണ്. നിഷ്പക്ഷമായി നോക്കുമ്പോള്‍ തോന്നുന്നത്, വരാന്‍ പോകുന്ന പരിവര്‍ത്തനം ഗ്രാമീണ തൊഴിലാളികളുടെ സമ്പൂര്‍ണ നശീകരണത്തിലേ അവസാനിക്കൂ എന്നാണ്.





