International
ബഹ്‌റൈനിലെ ഹോട്ടലിന് നേരെ മിസൈൽ ആക്രമണം; നേരിയ നാശനഷ്ടം
സാഹചര്യം അതീവ ഗുരുതരമായതിനെത്തുടർന്ന് മനാമയിലെ ഹോട്ടലുകളിൽ താമസിക്കുന്ന അമേരിക്കൻ പൗരന്മാരോട് അടിയന്തരമായി അവിടെനിന്നും മാറാൻ യു എസ് എംബസി നിർദ്ദേശം നൽകി
മനാമ | ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ ക്രൗൺ പ്ലാസ ഹോട്ടലിന് നേരെ മിസൈൽ ആക്രമണം. ഇറാൻ നടത്തിയ പ്രത്യാക്രമണത്തിലാണ് ഹോട്ടലിന് നാശനഷ്ടങ്ങൾ സംഭവിച്ചതെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഹോട്ടലിലുണ്ടായിരുന്നവർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
മിഡിൽ ഈസ്റ്റിലെ അമേരിക്കൻ ലക്ഷ്യസ്ഥാനങ്ങളെയും യു എസ് സഖ്യരാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് മനാമയിലെ ഹോട്ടലിന് നേരെയും ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം ബഹ്‌റൈനിലെ അമേരിക്കൻ നേവിയുടെ അഞ്ചാം കപ്പൽ പടയുടെ (US Navy’s 5th Fleet) ആസ്ഥാനത്തിന് നേരെയും മിസൈൽ ആക്രമണം ഉണ്ടായിരുന്നു. മനാമയിലെ മൂന്ന് കെട്ടിടങ്ങൾക്കും നേരത്തെ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.
സാഹചര്യം അതീവ ഗുരുതരമായതിനെത്തുടർന്ന് മനാമയിലെ ഹോട്ടലുകളിൽ താമസിക്കുന്ന അമേരിക്കൻ പൗരന്മാരോട് അടിയന്തരമായി അവിടെനിന്നും മാറാൻ യു എസ് എംബസി നിർദ്ദേശം നൽകി. ഹോട്ടലുകൾ ഇനിയും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും എംബസി എക്സിലൂടെ അറിയിച്ചു.
സ്ഫോടന ശബ്ദമോ സൈറണോ കേൾക്കുകയാണെങ്കിൽ ജനലുകളിൽ നിന്നും വിള്ളലുകളിൽ നിന്നും അകന്ന് കെട്ടിടങ്ങളുടെ ഏറ്റവും താഴത്തെ നിലയിൽ സുരക്ഷിതരായി ഇരിക്കണമെന്നും നിർദ്ദേശമുണ്ട്. മനാമയിലെ പല ഹോട്ടലുകളിൽ നിന്നും അമേരിക്കൻ ഉദ്യോഗസ്ഥരെ ഇതിനോടകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
Summary
The Crowne Plaza Hotel in Manama, Bahrain, was struck by a missile attack on March 1, 2026, resulting in injuries and significant material damage. Following the strike, the US Embassy in Bahrain has issued an urgent security alert, advising all American citizens to evacuate hotels in the capital due to the high risk of further attacks. This escalation comes as Iranian forces continue to target US interests and allied locations in the Gulf region in response to the recent joint military operations by Israel and the United States.





