Connect with us

International

അമേരിക്കക്ക് ശക്തമായ താക്കീത് നൽകി ഖാംനഈയുടെ അവാസന പ്രസംഗം

ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാണെങ്കിലും ചിലപ്പോൾ തിരിച്ചടികൾ ഏറ്റാൽ അമേരിക്കയ്ക്ക് ഒരിക്കലും എഴുന്നേൽക്കാൻ കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

Published

|

Last Updated

ടെഹ്റാൻ | ഇസ്റാഈലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ അവസാന പ്രസംഗവും സോഷ്യൽ മീഡിയ പോസ്റ്റും വൈറലാകുന്നു. ഫെബ്രുവരി 17-ന് ഈസ്റ്റ് അസർബൈജാൻ പ്രവിശ്യയിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. അമേരിക്കൻ സാമ്രാജ്യം തകർച്ചയുടെ പാതയിലാണെന്നും ഡൊണാൾഡ് ട്രംപിനെ അവിടുത്തെ പകുതിയിലധികം ജനങ്ങൾക്കും ഇഷ്ടമല്ലെന്നും അദ്ദേഹം പ്രസംഗത്തിൽ പരിഹസിച്ചിരുന്നു.

അമേരിക്ക സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും തകർന്നുകൊണ്ടിരിക്കുകയാണെന്ന് ഖാംനഈ തന്റെ പ്രസംഗത്തിൽ പറഞ്ഞു. “47 വർഷമായി ഇസ്ലാമിക് റിപ്പബ്ലിക്കിനെ ഇല്ലാതാക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ട്രംപ് തന്നെ സമ്മതിച്ചിട്ടുണ്ട്. ആ സത്യസമ്മതം ശരിയാണ്, ഇനി മുന്നോട്ടും നിങ്ങൾക്ക് അതിന് കഴിയില്ല” എന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാണെങ്കിലും ചിലപ്പോൾ തിരിച്ചടികൾ ഏറ്റാൽ അമേരിക്കയ്ക്ക് ഒരിക്കലും എഴുന്നേൽക്കാൻ കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

കൊല്ലപ്പെട്ടുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഖാംനഈയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. പേർഷ്യൻ ഭാഷയിൽ ‘ഹൈദർ’ (ആദ്യത്തെ ഷിയ ഇമാം) എന്ന പേര് പരാമർശിച്ചുകൊണ്ടുള്ളതായിരുന്നു പോസ്റ്റ്. തീപിടിച്ച വാളുമായി നിൽക്കുന്ന ഒരു പുരോഹിതന്റെ ചിത്രവും ഇതിനൊപ്പമുണ്ടായിരുന്നു. “ഹൈദറിന്റെ ഉന്നതമായ നാമത്തിൽ” എന്നാണ് ഈ പോസ്റ്റിന്റെ അർത്ഥം. ഇറാനിൽ ഇതൊരു യുദ്ധകാഹളമായാണ് കണക്കാക്കപ്പെടുന്നത്.

86 വയസ്സുകാരനായ ഖാംനഈയുടെ മരണം ഇറാന് കനത്ത നഷ്ടമാണ്. പതിറ്റാണ്ടുകളായി ഇറാന്റെ ഭരണം നിയന്ത്രിച്ചിരുന്ന ഖാംനഈക്ക് കൃത്യമായൊരു പിൻഗാമി ഇല്ലാത്തത് രാജ്യത്ത് വലിയ ഭരണപ്രതിസന്ധിക്ക് കാരണമാകും. ആണവ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ എട്ട് മാസത്തിനിടെ രണ്ടാം തവണയാണ് ട്രംപ് ഭരണകൂടം ഇറാനെതിരെ സൈനിക നീക്കം നടത്തുന്നത്. ഖാംനഈയുടെ വധത്തിന് പ്രതികാരമായി ഇസ്റാഈലിനും അമേരിക്കൻ താവളങ്ങൾക്കും നേരെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ആക്രമണം നടത്തുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Summary

Ayatollah Ali Khamenei’s final public speech, in which he predicted the collapse of the US “empire” and mocked President Donald Trump, has gone viral following his death in a joint US-Israeli strike. Minutes after the news broke, his official X account posted a defiant message invoking the name of ‘Haidar’, a traditional Shia battle cry. The elimination of the 86-year-old leader after decades in power has created a profound leadership vacuum in Iran, prompting the Revolutionary Guard to threaten the most intense offensive operation in its history against Israel and US bases.

Latest